തിരുവനന്തപുരം: അട്ടപ്പാടിയില്‍ നടന്ന മാവോയിസ്റ്റുകള്‍ക്കെതിരായ പൊലീസ് നടപടി വ്യാജമാണെന്ന് കരുതുന്നില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. തോക്കേന്തി നടക്കുന്നത് കാട്ടില്‍ പുല്ല് പറിക്കാനല്ലെന്നും കാട്ടിലല്ല നാട്ടിലാണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടതെന്നും എ വിജയരാഘവന്‍ പറഞ്ഞു.
അതേസമയം യു.എ.പി.എ നിയമത്തിനോട് എല്‍.ഡി.എഫിന് എതിര്‍പ്പാണ് ഉള്ളതെന്നും സര്‍ക്കാര്‍ നിലപാടിന് എതിരായാണ് യു.എ.പി.എ ചുമത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയത് യു.എ.പി.എ ചുമത്തിയതില്‍ പൊലീസിന് തെറ്റുപറ്റിയെന്നും സര്‍ക്കാര്‍ ഇത് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. മുമ്പും പൊലീസ് യു.എ.പി.എ ചുമത്തിയപ്പോള്‍ ഇടത് സര്‍ക്കാര്‍ തിരുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി അറിഞ്ഞ് കൊണ്ടല്ല നടപടികളെന്നും എ വിജയരാഘവന്‍ പറഞ്ഞു.
അതേസമയം അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികള്‍ നഗരമാവോയിസ്റ്റുകളെന്നാണ് പൊലീസ് പറയുന്നത്. കൂടുതല്‍ പേര്‍ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.
കാട്ടിലെ മാവോയിസ്റ്റുകളുടെ കണ്ണികളായി ഇവര്‍ പ്രവര്‍ത്തിച്ചെന്നും പൊലീസ് പറഞ്ഞു. ഒരാള്‍ ഓടി രക്ഷപ്പെട്ടിരുന്നു ഇയാള്‍ കോഴിക്കോട് സ്വദേശിയാണെന്നും പൊലീസ് പറഞ്ഞു.
അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് അറസ്റ്റിനെ ന്യായീകരിച്ച് പൊലീസ് രംഗത്ത് എത്തിയത്.
അതിനിടെ അലന് നിയമസഹായം നല്‍കാന്‍ സി.പി.ഐ.എം തീരുമാനിച്ചു. സിപി.ഐ.എം പന്നിയങ്കര ലോക്കല്‍ കമ്മറ്റിയുടേതാണ് തീരുമാനം. യു.എ.പി.എ ചുമത്തിയതില്‍ പൊലീസിനെതിരെ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് സി.പി.ഐ.എം നിയമസഹായം നല്‍കാന്‍ തീരുമാനിച്ചത്.
യു.എ.പി.എ ചുമത്തിയ നടപടി പിന്‍വലിക്കണമെന്ന് സി.പി.ഐ.എം നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് സൗത്ത് ഏരിയാ കമ്മറ്റിയാണ് നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടത്.
ലഘുലേഖയോ നോട്ടീസോ കൈവശം വെക്കുന്നത് യു.എ.പി.എ ചുമത്തേണ്ട കുറ്റമല്ല. പൊലീസിന്റെ നടപടി ജനാധിപത്യ അവകാശങ്ങളെ കവര്‍ന്നെടുക്കുന്നതും യു.എ.പി.എ നിയമത്തിന്റെ ദുരുപയോഗവുമാണെന്നും ഏരിയാ കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു.