| Friday, 5th February 2021, 7:52 pm

'പാര്‍ട്ടി തന്നെ തിരുത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം'; മനോരമ വാര്‍ത്തയ്‌ക്കെതിരെ എ.വിജയരാഘവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാണക്കാട് പരാമര്‍ശത്തില്‍ പാര്‍ട്ടിയുടെ തിരുത്തല്‍ അഭിമാനമെന്ന പേരില്‍ മനോരമ ദിനപത്രത്തില്‍ വന്ന വാര്‍ത്തയ്‌ക്കെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍. മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്ത തികച്ചും വസ്തുതാ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ആ തിരുത്തല്‍ അഭിമാനം’ എന്ന തലക്കെട്ടില്‍ ഇന്ന് മലയാള മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്ത തികച്ചും വാസ്തവവിരുദ്ധമാണ്. ‘പാണക്കാട് പരാമര്‍ശത്തില്‍ പാര്‍ട്ടിയുടെ തിരുത്തല്‍ അംഗീകരിച്ച് സെക്രട്ടറി’ എന്നാണ് മനോരമയുടെ വാര്‍ത്ത. പാര്‍ട്ടി എന്നെ തിരുത്തിയെന്ന് മനോരമ കഴിഞ്ഞ ദിവസം നല്‍കിയ വ്യാജവാര്‍ത്തയെ മറ്റൊരു കള്ളം കൊണ്ട് ന്യായീകരിക്കുകയാണിപ്പോള്‍’, വിജയരാഘവന്‍ ഫേസ്ബുക്കിലെഴുതി.

പാര്‍ട്ടി തിരുത്തുക എന്നത് ഏതൊരു കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനും അഭിമാനമാണെന്ന് കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യത്തിന് മറുപടി നല്‍കിയിരുന്നു. പാര്‍ട്ടി തന്നെ തിരുത്തിയെന്ന് മനോരമ നല്‍കിയ വാര്‍ത്തക്ക് അടിസ്ഥാനമില്ലെന്ന് അതിനു പിന്നാലെ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ ആ ഭാഗം മനോരമ തമസ്‌കരിച്ചുവെന്നും ആദ്യം നല്‍കിയ വ്യാജവാര്‍ത്തയെ സാധൂകരിക്കാനാണ് ഈ കള്ളം മനോരമ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട്ടുപോയി മുസ്ലീം ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചതിനെക്കുറിച്ചാണ് വിജയരാഘവന്‍ പ്രസ്താവന നടത്തിയത്.

മതമൗലികവാദികളുമായുള്ള കൂട്ടുകെട്ട് വിപുലീകരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടിയുടേയും ചെന്നിത്തലയുടേയും സന്ദര്‍ശന ലക്ഷ്യമെന്നായിരുന്നു വിജയരാഘവന്‍ പറഞ്ഞത്.

എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും താന്‍ പറയാത്ത കാര്യങ്ങള്‍ തന്റെ പേരില്‍ കെട്ടിവെക്കേണ്ടതില്ലെന്നും പിന്നീട് വിജയരാഘവന്‍ പ്രതികരിച്ചിരുന്നു. ലീഗ് മതാധിഷ്ഠിതപാര്‍ട്ടിയാണെന്നും വിജയരാഘവന്‍ പറഞ്ഞു.

താങ്കള്‍ കഴിഞ്ഞ ദിവസം ലീഗ് മതമൗലികവാദമുള്ള പാര്‍ട്ടിയാണെന്ന് പറയുന്നു. ഇപ്പോള്‍ മതാധിഷ്ഠിത പാര്‍ട്ടിയാണെന്ന് പറയുന്നു. അത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും നിങ്ങള്‍ അങ്ങനെ കേട്ടെങ്കില്‍ അത് കേള്‍വിയില്‍ വന്ന പ്രശ്നം കൊണ്ടായിരിക്കുമെന്നും താന്‍ പറയാത്ത കാര്യങ്ങള്‍ തന്റെ പേരില്‍ പറയേണ്ടതില്ലെന്നുമായിരുന്നു വിജയരാഘവന്റെ പ്രതികരണം.

രമേശ് ചെന്നിത്തലയും കോണ്‍ഗ്രസും എല്ലാവര്‍ഗീയതോടെയും വിട്ടുവീഴ്ച ചെയ്യുന്നെന്നും മതനിരപേക്ഷ മൂല്യങ്ങളെ പരിരക്ഷിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവുന്നില്ലെന്നും എല്ലാതരം വര്‍ഗീയതുമായി സന്ധിചേര്‍ന്ന് അധികാരത്തിലേക്ക് എളുപ്പവഴി കണ്ടെത്തുകയാണ് ചെന്നിത്തലയെന്നും വിജയരാഘവന്‍ പറഞ്ഞിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘ആ തിരുത്തല്‍ അഭിമാനം’ എന്ന തലക്കെട്ടില്‍ ഇന്ന് മലയാള മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്ത തികച്ചും വാസ്തവവിരുദ്ധമാണ്. ‘പാണക്കാട് പരാമര്‍ശത്തില്‍ പാര്‍ടിയുടെ തിരുത്തല്‍ അംഗീകരിച്ച് സെക്രട്ടറി’ എന്നാണ് മനോരമയുടെ വാര്‍ത്ത. പാര്‍ടി എന്നെ തിരുത്തിയെന്ന് മനോരമ കഴിഞ്ഞ ദിവസം നല്‍കിയ വ്യാജവാര്‍ത്തയെ മറ്റൊരു കള്ളം കൊണ്ട് ന്യായീകരിക്കുകയാണിപ്പോള്‍. പാര്‍ടി തിരുത്തുക എന്നത് ഏതൊരു കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനും അഭിമാനമാണെന്ന് കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യത്തിന് മറുപടി നല്‍കിയിരുന്നു. പാര്‍ടി എന്നെ തിരുത്തിയെന്ന് മനോരമ നല്‍കിയ വാര്‍ത്തക്ക് അടിസ്ഥാനമില്ലെന്ന് അതിനു പിന്നാലെ വ്യക്തമാക്കുകയും ചെയ്തു. ആ ഭാഗം മനോരമ തമസ്‌കരിച്ചു. ആദ്യം നല്‍കിയ വ്യാജവാര്‍ത്തയെ സാധൂകരിക്കാനാണ് ഈ കള്ളം മനോരമ പറയുന്നത്.


Content Highlights: A Vijayaraghavan Aganist Malayala Manorama

Latest Stories

We use cookies to give you the best possible experience. Learn more