കാസര്‍ഗോഡ്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിച്ച റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന് എല്‍.ഡി.എഫ് കണ്‍വീനറുടെ പരോക്ഷ വിമര്‍ശനം.
കൊല്ലപ്പെട്ടവരുടെ വീടുകള്‍ എല്‍.ഡി.എഫ് നേതാക്കള്‍ സന്ദര്‍ശിക്കുന്നത് നല്ല സന്ദേശം നല്‍കില്ലെന്നായിരുന്നു എ. വിജയരാഘവന്‍ പറഞ്ഞത്. എന്നാല്‍ മന്ത്രിയുടെ പേരെടുത്ത് വിമര്‍ശിക്കാന്‍ വിജയരാഘവന്‍ തയ്യാറായില്ല.
മുന്‍കൂട്ടി അറിയിക്കാതെയായിരുന്നു റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ സന്ദര്‍ശനം. രാവിലെ 9.30ഓടെ മന്ത്രി കൃപേഷിന്റെ വീട്ടിലെത്തി. തുടര്‍ന്ന് ശരത് ലാലിന്റെ വീടും മന്ത്രി സന്ദര്‍ശിച്ചു. മന്ത്രിക്ക് മുന്നില്‍ കുടുംബാംഗങ്ങള്‍ പൊട്ടിക്കരയുകയും ചെയ്തിരുന്നു. കൊലപാതകത്തിന് ശേഷം ആദ്യമായാണ് ഒരു സര്‍ക്കാര്‍ പ്രതിനിധി പെരിയയിലെത്തുന്നത്.
നീതിപൂര്‍വമായ അന്വേഷണം നടത്തണമെന്ന് ശരത് ലാലിന്റെ അച്ഛന്‍ സത്യനാരായണന്‍ മന്ത്രിയോട് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ പ്രതിനിധിയായാണ് താന്‍ എത്തിയതെന്നും സി.ബി.ഐ അന്വേഷണം വേണമെന്ന ബന്ധുക്കളുടെ ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധപ്പെടുത്തുമെന്നും റവന്യു മന്ത്രി പറഞ്ഞു.
പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ശരത് ലാലിന്റെ കുടുംബം മന്ത്രിയെ അറിയിച്ചപ്പോള്‍ അന്വേഷണം ശരിയായ ദിശയിലെന്നായിരുന്നു മന്ത്രി ഇ. ചന്ദ്രശേഖരന്റെ മറുപടി.
കോണ്‍ഗ്രസ് നേതാക്കളായ വി.എം സുധീരനും, വി.ഡി സതീശനും കൃപേഷിന്റെയും ശരത് ലാലിന്റെയും വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടിരുന്നു.
കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് സുധീരന്‍ പറഞ്ഞു. ജനരോഷം മറികടക്കാനാണ് റവന്യു മന്ത്രി പെരിയയിലെത്തിയതെന്നും സുധീരന്‍ കുറ്റപ്പെടുത്തി.