തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താനും തടയാനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവന്‍. ബി.ജെ.പിയുടെ അക്രമോത്സുകമായ ശൈലിയിലേക്ക് കോണ്‍ഗ്രസ് മാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോണ്‍ഗ്രസുകാര്‍ ജോജുവിനെ ആക്രമിച്ച ശേഷം, ജോജു കോണ്‍ഗ്രസുകാരോട് മാപ്പ് പറയണം എന്ന സ്ഥിതിയായെന്നും അദ്ദേഹം പറഞ്ഞു. ചിത്രകാരനായ എം.എഫ്. ഹുസൈനെതിരെ ബി.ജെ.പി എടുത്ത ശൈലിയാണ് കോണ്‍ഗ്രസുകാര്‍ പിന്തുടരുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
ബി.ജെ.പിക്ക് കേരളത്തിലെ കോണ്‍ഗ്രസ് ശിഷ്യപ്പെടുകയാണെന്നും വികസനത്തെ ദുര്‍ബലപ്പെടുത്തുന്ന കേന്ദ്രനയത്തിനെതിരെ എല്‍.ഡി.എഫ് സമരത്തിലേക്ക് പോവുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഈ മാസം 16 ന് സി.പി.ഐ.എം 21 കേന്ദ്രങ്ങളില്‍ വിലക്കയറ്റത്തിനെതിരെ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ ഹിതപരിശോധന നടത്തിയാണ് എല്‍.ഡി.എഫിനെ വീണ്ടും അധികാരത്തിലെത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
സിനിമാ ഷൂട്ടിംഗ് തടസപ്പെടുത്തുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ധന വിലയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കേരളത്തില്‍ നടത്തുന്ന സമരത്തെ പരിഹാസത്തോടെയാണ് വിജയരാഘവന്‍ നേരിട്ടത്. പ്രതിപക്ഷ എം.എല്‍.എമാര്‍ രാവിലെ സൈക്കിള്‍ ചവിട്ടി സഭയിലെത്തിയതിനെ പരിഹസിച്ച് അവര്‍ സ്ഥിരം സൈക്കളിലാണോ യാത്ര ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.
പെട്രോളിനും ഡീസലിനും കേന്ദ്രം വര്‍ദ്ധിപ്പിച്ച മുഴുവന്‍ തുകയും കുറയ്ക്കണമെന്നും നരേന്ദ്ര മോദിയെ സംരക്ഷിക്കുന്നതാണ് കോണ്‍ഗ്രസ് നിലപാടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പിണറായി സര്‍ക്കാര്‍ ജനത്തിന് മുകളില്‍ ഒരു നികുതിയും വര്‍ധിപ്പിച്ചിട്ടില്ലന്നും ജനത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശനമുയര്‍ത്തി.