| Wednesday, 25th September 2019, 9:28 am

'പാലാ ഇടതു മണ്ഡലമല്ല'; തെരഞ്ഞെടുപ്പ് ഫലത്തിനു മുമ്പേ എ. വിജയരാഘവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ പാലാമണ്ഡലം ഇടതുപക്ഷ മണ്ഡലമല്ലെന്ന് ഇടതു മുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍. ഇടതുപക്ഷ മണ്ഡലമല്ലെങ്കിലും വിജയപ്രതീക്ഷയോടെ ആദ്യാവസാനം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞെന്നും അതിനാലാണ് ബി.ജെ.പി-കോണ്‍ഗ്രസ് വോട്ട് കച്ചവടം നടന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് മണ്ഡലങ്ങളും യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റ് ആണെന്നും എങ്കിലും പ്രതീക്ഷയോടെയാണ് തെരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വിജയരാഘവന്‍ പറഞ്ഞു.

യോഗത്തില്‍ ജില്ലാ മണ്ഡലം കമ്മിറ്റികളുടെ അഭിപ്രായം വിശദമായി പരിഗണിച്ച ശേഷം സ്ഥാനാര്‍ഥി നിര്‍ണയം വെള്ളിയാഴ്ച അന്തിമമാക്കാന്‍ തീരുമാനമായി. യു.ഡി.എഫിന്റെയും ബി.ജെപിയുടെയും സ്ഥാനാര്‍ഥി നിര്‍ണയത്തിന് ശേഷം തങ്ങളുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചാല്‍ മതിയെന്ന നിലപാടിലാണ് ഇപ്പോള്‍ നേതൃത്വം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംസ്ഥാന നേതൃത്തിന്റെ ഭരണമികവ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നു വിജയരാഘവന്‍ പറഞ്ഞു.ലോക്സഭാതെരഞ്ഞെടുപ്പില്‍ രാഹുല്‍ പ്രധാനമന്ത്രിയാകുമെന്ന ചിന്തയിലാണ് ജനം മാറി ചിന്തിച്ചതെന്നും ഈ പ്രതീക്ഷ അസ്ഥാനത്തായത് ഇത്തവണ ഇടതു മുന്നണിക്ക് ഗുണം ചെയ്യുമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കോന്നി, മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ്, മണ്ഡലങ്ങളില്‍ 29 നും അരൂരും എറണാകുളത്തും 20 നും എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടക്കും. ഒക്ടോബര്‍ അഞ്ചിന് മുന്‍പ് ബൂത്തു തല കമ്മിറ്റികള്‍ വരെയുള്ള തെരഞ്ഞെടുപ്പ് സമിതികള്‍ രൂപീകരിക്കും. എം.എല്‍.എ മാര്‍ ഉള്‍പ്പെടെ നേതാക്കള്‍ വിവിധ മണ്ഡലങ്ങളിലെ ചുമതല ഏറ്റെടുക്കും.

Latest Stories

We use cookies to give you the best possible experience. Learn more