മലബാര്‍ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗം തന്നെയാണ്; കലാപത്തിലെ ബ്രിട്ടീഷ് വിരുദ്ധത നിഷേധിക്കാനാവില്ലെന്നും എ.വിജയരാഘവന്‍
Kerala News
മലബാര്‍ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗം തന്നെയാണ്; കലാപത്തിലെ ബ്രിട്ടീഷ് വിരുദ്ധത നിഷേധിക്കാനാവില്ലെന്നും എ.വിജയരാഘവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th August 2021, 12:57 pm

മലപ്പുറം: മലബാര്‍ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗം തന്നെയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ.വിജയരാഘവന്‍. കലാപത്തിലെ ബ്രിട്ടീഷ് വിരുദ്ധത നിഷേധിക്കാനാവില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

സ്പീക്കര്‍ എം.ബി. രാജേഷ് ഭഗത് സിംഗിനേയും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയേയും ഉപമിച്ച് നടത്തിയ പരാമര്‍ശവും തുടര്‍ന്നുണ്ടായ വിവാദങ്ങളെയും മുന്‍നിര്‍ത്തി മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ബ്രിട്ടീഷുകാര്‍ ഏറ്റവും ക്രൂരമായി അടിച്ചമര്‍ത്തിയ പ്രക്ഷോഭം എന്നതിനാലും മലബാര്‍ കലാപം ഏറെ പഠനവിധേയമായ ഒന്നാണ്. അതില്‍ മുന്‍തൂക്കം കിട്ടിയ ഭാഗം എന്ന നിലയില്‍ അടയാളപ്പെടുത്തിയിരിക്കുന്നത് അതിന്റെ സാമ്രാജ്യത്വ- ജന്മിത്വ – നാടുവാഴി വിരുദ്ധ അംശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ പാരീസ് കമ്യൂണാണ് മലബാര്‍ കലാപമെന്ന് എ.കെ.ജി. പറഞ്ഞിട്ടുണ്ടെന്നും അതിന്റെ പേരില്‍ അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ ജയിലില്‍ അടച്ചിട്ടുണ്ടെന്നും വിജയരാഘവന്‍ ചൂണ്ടിക്കാട്ടി. എ.കെ.ജിയെ ജയിലില്‍ അടച്ച ബ്രിട്ടീഷ് മനോഭാവക്കാരാണ് എം.ബി. രാജേഷിന് എതിരായ വിമര്‍ശനം ഉന്നയിക്കുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.

സമരത്തിന്റെ സംഘടിത രൂപം എന്ന നിലയില്‍ വിശകലനം ചെയ്യുമ്പോള്‍ അതൊരു നൂറ്റാണ്ട് മുമ്പാണ്.1930 കളിലാണ് കേരളത്തില്‍ ദേശീയ പ്രസ്ഥാനം വിപുലമായ ജനകീയ പ്രസ്ഥാനമായി മാറുന്നത്. അതിനാല്‍ സംഘടിത രാഷ്ട്രീയ -ദേശീയ പ്രസ്ഥാനം നാട്ടിന്‍പുറത്തേയ്ക്ക് വരുന്നതിന് മുമ്പ് തന്നെ ശക്തമായി ഈ പ്രതിഷേധം തെക്കെ മലബാറില്‍ നടന്നിട്ടുണ്ട്.

കലാപത്തിന്റെ ഒരു ഘട്ടത്തില്‍ ചില വര്‍ഗീയ കാര്യങ്ങള്‍ നടന്നിട്ടുണ്ട്. അതിനാലാണ് കമ്യൂണിസ്റ്റുകാര്‍ ആഹ്വാനവും താക്കീതും എന്ന മുഖക്കുറിപ്പില്‍ അതിനെ സംബന്ധിച്ച് 1946ല്‍ നിലപാട് സ്വീകരിച്ചതെന്നും വിജയരാഘവന്‍ പറഞ്ഞു.

നേരത്തെ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഭഗത് സിംഗിനോട് ഉപമിച്ച് താന്‍ നടത്തിയ പരാമര്‍ശം ചരിത്ര വസ്തുതയാണെന്നും അതിന്മേല്‍ മാപ്പ് പറയില്ലെന്നും സ്പീക്കര്‍ എം.ബി. രാജേഷ് വ്യക്തമാക്കിയിരുന്നു. ഇരുവരുടെയും മരണത്തെയാണ് താന്‍ താരതമ്യം ചെയ്തതെന്ന് സ്പീക്കര്‍ വിശദീകരിച്ചു.

വെടിവെച്ച് കൊല്ലുന്നതിന് മുമ്പ് കണ്ണുകെട്ടാതെ മുന്നില്‍ നിന്നും വെടിവെയ്ക്കണമെന്നായിരുന്നു വാരിയംകുന്നന്‍ പറഞ്ഞത്. തൂക്കിക്കൊല്ലുന്നതിനു പകരം വെടിവെച്ചാല്‍ മതിയെന്ന് ഗവര്‍ണര്‍ക്ക് കത്തയച്ചയാളാണ് ഭഗത് സിംഗ്. മരണത്തിലുള്ള ഈ സാമ്യതയാണ് താന്‍ പരാമര്‍ശിച്ചതെന്നും സ്പീക്കര്‍ വ്യക്തമാക്കി.

മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് സ്പീക്കര്‍ വാരിയം കുന്നനെ ഭഗത് സിംഗിനോട് ഉപമിച്ചത്.

കുഞ്ഞഹമ്മദ് ഹാജി സ്ഥാപിച്ച രാജ്യത്തിന്റെ പേര് മാപ്പിള രാജ്യമെന്നായിരുന്നില്ല. മലയാള രാജ്യമെന്നായിരുന്നു ആ പേര്. മലബാര്‍ കലാപം ഹിന്ദു വിഭാഗത്തിനെതിരെ ഉള്ളതായിരുന്നുവെങ്കില്‍ ആര്‍.എസ്.എസ് ഏറ്റവുമധികം വളര്‍ച്ചയുണ്ടാക്കുന്ന പ്രദേശമായി ഏറനാടും വള്ളുവനാടും മാറിയിയേനെ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

രാജേഷിന്റെ പ്രസ്താവനയ്ക്കെതിരെ ബി.ജെ.പി നേതാക്കള്‍ രംഗത്ത് എത്തിയിരുന്നു. യുവമോര്‍ച്ച നേതാവ് അനൂപ് ആന്റണി എം.ബി. രാജേഷിനെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

അതേസമയം മലബാര്‍ സമരത്തിന്റെ നേതാക്കളായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍ എന്നിവരുള്‍പ്പെടെയുള്ള 387 ‘മാപ്പിള രക്തസാക്ഷിക’ ളുടെ പേര് സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് നീക്കം ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

A. Vijayaraghavan about MB Rajesh Comment and Malabar Kalapam