രമ്യ ഹരിദാസ് കുഞ്ഞാലിക്കുട്ടിക്കൊപ്പമിരിക്കുന്ന ചിത്രം കണ്ട് അന്തംവിട്ടു; വിജയരാഘവന്റെ കോഴിക്കോട്ടെ പ്രസംഗവും വിവാദത്തില്‍
D' Election 2019
രമ്യ ഹരിദാസ് കുഞ്ഞാലിക്കുട്ടിക്കൊപ്പമിരിക്കുന്ന ചിത്രം കണ്ട് അന്തംവിട്ടു; വിജയരാഘവന്റെ കോഴിക്കോട്ടെ പ്രസംഗവും വിവാദത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd April 2019, 10:36 am

കോഴിക്കോട്: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അധിക്ഷേപിച്ച് ഇടത് മുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍ കോഴിക്കോട് നടത്തിയ പ്രസംഗവും വിവാദത്തില്‍.

രമ്യ ഹരിദാസ് കുഞ്ഞാലിക്കുട്ടിക്കൊപ്പമിരിക്കുന്ന ചിത്രം കണ്ട് താന്‍ അന്തം വിട്ടു എന്നായിരുന്നു എ വിജയരാഘവന്‍ കോഴിക്കോട് പ്രസംഗിച്ചത്. കോഴിക്കോട്ട് ഐ.എന്‍.എല്‍ – നാഷണല്‍ സെക്കുലര്‍ കോണ്‍ഫ്രന്‍സ് ലയന സമ്മേളനത്തിലായിരുന്നു ഇടത് മുന്നണി കണ്‍വീനറുടെ പരാമര്‍ശം. മാര്‍ച്ച് മുപ്പതിനായിരുന്നു വിജയരാഘവന്റെ പ്രസംഗം.

ഇതിന് ശേഷം ഇന്നലെ പൊന്നാനിയില്‍ നടന്ന പി.വി അന്‍വറിന്റെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയില്‍ വെച്ചാണ് രമ്യ ഹരിദാസിനെ വിജയരാഘവന്‍ വീണ്ടും അധിക്ഷേപിച്ച് സംസാരിച്ചത്. “” ആലത്തൂരിലെ സ്ഥാനാര്‍ത്തി പെണ്‍കുട്ടി, അവര്‍ ആദ്യം പോയി പാണക്കാട് തങ്ങളെ കണ്ടു, പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു, അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാന്‍ വയ്യ. അത് പോയിട്ടുണ്ട്””- എന്നായിരുന്നു വിജയരാഘവന്റെ വാക്കുകള്‍. വിജയരാഘവന്റെ പ്രസ്താവനയ്‌ക്കെതിരെ രമ്യ ഹരിദാസ് രംഗത്തെത്തുകയും പ്രസ്താവന വിവാദമാകുകയും ചെയ്തതോടെ താന്‍ മോശമായി ഒന്നും വിചാരിച്ചിട്ടില്ലെന്നും അങ്ങനെയൊന്നും ഉദ്ദേശിച്ചല്ല സംസാരിച്ചതെന്നുമായിരുന്നു വിജയരാഘവന്‍ വിശദീകരിച്ചത്.


മുരളി ഗോപിയും പ്രിഥ്വിരാജും ലുസിഫറിലൂടെ ഒളിച്ചു കടത്തുന്ന സംഘപരിവാര്‍ രാഷ്ട്രീയം


എന്നാല്‍ തനിക്കെതിരായ അശ്ലീല പരാമര്‍ശം വേദനിപ്പിച്ചെന്നും ആശയപരമായ പോരാട്ടമാണ് ആലത്തൂരില്‍ നടക്കുന്നതെന്നും അതിനിടെ വ്യക്തിഹത്യ നടത്തുന്നത് എന്തിനാണെന്നും രമ്യ ഹരിദാസ് ചോദിച്ചിരുന്നു.

ട്ടികജാതി വിഭാഗത്തില്‍ പെട്ട വനിതാ സ്ഥാനാര്‍ത്ഥിയാണ് താനെന്നും സ്ത്രീ സുരക്ഷയെ കുറിച്ച് വാതോരാതെ സംസാരിക്കന്ന ഇടത് മുന്നണി പ്രതിനിധിയില്‍ നിന്ന് ഇത്തരമൊരു പരാമര്‍ശം പ്രതീക്ഷിച്ചില്ലെന്നും രമ്യ ഹരിദാസ് പറയുന്നു.

അശ്ലീല പരാമര്‍ശം നടത്തിയ ഇടത് മുന്നണി കണ്‍വീനര്‍ എ വിജയരാഘവനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും രമ്യ ഹരിദാസ് പറഞ്ഞു.

സ്ത്രീ സുരക്ഷയെ കുറിച്ചാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ പറയുന്നത്. വനിതാ ശാക്തീകരണത്തിന് വേണ്ടി വനിതാ മതില്‍ നടത്തിയ പ്രസ്ഥാനമാണ്. രമ്യ എങ്ങനെ ഉള്ള ആളാണെന്ന് നാട്ടിലെ ഇടത് പക്ഷ പ്രവര്‍ത്തകരോട് തന്നെ എ വിജയരാഘവന് ചോദിക്കാമായിരുന്നു. ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധി കൂടിയാണ് താനെന്നും ആലത്തൂരിലെ ജനങ്ങള്‍ക്ക് തന്നെ അറിയാമെന്നും രമ്യ ഹരിദാസ് പറഞ്ഞു .