കോഴിക്കോട്: ദേശീയപാത സര്‍വ്വേക്കെതിരെ സമരം നടത്തുന്നവരെ മുസ്‌ലിം തീവ്രവാദികളെന്ന് പറഞ്ഞ് അധിക്ഷേപിച്ച സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം എ.വിജയരാഘവന് മറുപടിയുമായി സി.പി.ഐ.എം എ.ആര്‍ നഗര്‍ ലോക്കല്‍ കമ്മിറ്റി മെമ്പര്‍ മുനീര്‍ വലിയപറമ്പ്.
ഞങ്ങള്‍ തീവ്രവാദികളാണെങ്കില്‍ തീവ്രവാദം പഠിപ്പിക്കാന്‍ വേണ്ടിയാണോ തന്റെ വീട്ടില്‍ വെച്ച് പാര്‍ട്ടി യോഗം നടത്തിയതെന്ന ചോദ്യമുയര്‍ത്തിയാണ് മുനീര്‍ രംഗത്തുവന്നിരിക്കുന്നത്. സഖാക്കള്‍ എന്ന നിലക്ക് ഞങ്ങള്‍ പ്രാദേശിക കാര്യത്തില്‍ ഇടപെട്ടതിനാണോ ഞങ്ങളെ പോലുളളവരെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് തീവ്രവാദികള്‍ എന്ന് വിളിച്ചത് എന്നും അദ്ദേഹം ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിജയരാഘവന് മറുപടിയുമായി രംഗത്ത് വന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഞാനും എന്റെ ജേഷ്ഠന്‍ സമീറും ഏ.ആര്‍ നഗര്‍ സി.പി.ഐ.എം ലോക്കല്‍ കമ്മറ്റി മെമ്പര്‍മാരാണ് സഖാക്കള്‍ എന്ന നിലക്ക് ഞങ്ങള്‍ പ്രാദേശിക കാര്യത്തില്‍ ഇടപെട്ടതിനാണോ ഞങ്ങളെ പോലുളളവരെ.. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് തീവ്രവാദികള്‍ എന്ന് വിളിച്ചത് അങ്ങിനെയാണ്..എങ്കില്‍ വേങ്ങര തിരഞ്ഞെടുപ്പിന് വന്ന സമയത്ത് എന്തിനാണ് എന്റെ വീട്ടില്‍ അന്ന് പാര്‍ട്ടി യോഗം നടത്തിയത് ഈ തീവ്രവാദം പഠിപ്പിക്കാനോ?
കഴിഞ്ഞ ദിവസം മീഡിയവണ്‍ ചാനലിലെ ചര്‍ച്ചക്കിടെയായിരുന്നു വിജയരാഘവന്റെ വിവാദ പ്രസ്താവന. അവിടെ ദേശീയ പാത അളക്കുമ്പോള്‍ കുറച്ച് മുസ്‌ലിം തീവ്രവാദികള്‍ ഇതിന്റെ അകത്ത് നുഴഞ്ഞ് കയറി വലിയ കുഴപ്പമുണ്ടാക്കുകയാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വിവാദ പരാമര്‍ശത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉണ്ടായിരുന്നു. അതിന് പിന്നാലെയാണ് എ.ആര്‍ നഗറിര്‍ ലോക്കല്‍ കമ്മിറ്റി മെമ്പര്‍ കൂടിയായ മുനീര്‍ ഇത്തരമൊരു കുറിപ്പുമായി രംഗത്ത് വന്നത്. നേരത്തെ ഗെയില്‍ സമരം നടക്കുമ്പോഴും സമരം ചെയ്യുന്നത് മുസ്‌ലിം തീവ്രവാദികളാണെന്ന ആരോപണവുമായി വിജയരാഘവന്‍ രംഗത്തെത്തിയിരുന്നു.
നേരത്തെ മന്ത്രി ജി.സുധാകരനും സമരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. സമരക്കാര്‍ കലാപം ഉണ്ടാക്കുന്നുവെന്നും വിധ്വംസക പ്രവര്‍ത്തനമാണ് അവര്‍ നടത്തുന്നതെന്നുമായിരുന്നു സുധാകരന്റെ പ്രസ്താവന.
ദേശീയ പാത 45മീറ്റര്‍ ആക്കുന്നതിന്റെ ഭാഗമായുള്ള സ്ഥലമേറ്റെടുപ്പിനെതിരെയാണ് സമരം. മലപ്പുറം ജില്ലയിലെ 25,000ത്തിലേറെ ആളുകളെ ബാധിക്കുന്ന വിഷയമാണിതെന്നാണ് സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നത്. 1500 കുടുംബങ്ങളാണ് ഈ ദേശീയപാതാ വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെടുന്നത്. ദേശീയപാതാ ആക്ട് പ്രകാരമുള്ള തുച്ഛമായ നഷ്ടപരിഹാരം മാത്രമാണ് നല്‍കുന്നത്. 11,000 ആളുകളുടെ തൊഴില്‍ നഷ്ടപ്പെടുന്നുണ്ട്. കെട്ടിടങ്ങളും വീടുകളുമടക്കം 5500 ലേറെ സ്ഥാപനങ്ങളാണ് പൊളിക്കേണ്ടത്. മുപ്പതിനായിരത്തിലേറെ വലിയ മരങ്ങള്‍ മുറിക്കണം. 600 ലേറെ കിണറുകള്‍ തകര്‍ക്കണം. പരിസ്ഥിതിക്കും ഭൂസ്ഥിതിക്കും പ്രദേശവാസികള്‍ക്കും സാമ്പത്തിക രംഗത്തുമൊക്കെ വലിയ നഷ്ടമുണ്ടാക്കുമെന്നും ഇവര്‍ പറയുന്നു.
ദേശീയ പാത 30 മീറ്ററില്‍ ആറുവരിപ്പാതയെന്നതാണ് സമരസമിതി മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം. 30മീറ്ററിലാണെങ്കില്‍ 50 കുടുംബങ്ങളേ കുടിയിറക്കെപ്പെടൂവെന്നും ഇവര്‍ പറയുന്നു. ദേശീയ പാത 30മീറ്ററായി ചുരുക്കുക എന്നതിനു പുറമേ നഷ്ടപ്പെടുന്ന ഭൂമിക്ക് മാര്‍ക്കറ്റ് വില നല്‍കുക, നഷ്ടപരിഹാരത്തെ ആദായ നികുതി പരിധിയില്‍ നിന്നും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ആക്ഷന്‍ കൗണ്‍സില്‍ മുന്നോട്ടുവെക്കുന്നത്.