| Friday, 5th January 2024, 9:12 am

എന്തടിയാടോ അടിച്ചത്! പന്ത് പോലും കിട്ടിയില്ല; വീഡിയോ വൈറല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബിഗ് ബാഷ് ലീഗില്‍ ഹോബര്‍ട്ട് ഹറിക്കന്‍സിന് തകര്‍പ്പന്‍ ജയം. റെനെഗേഡ്‌സിനെ ആറ് വിക്കറ്റുകള്‍ക്ക് തകര്‍ത്താണ് ഹറിക്കന്‍സ് മിന്നും വിജയം സ്വന്തമാക്കിയത്.

ഇപ്പോള്‍ ഇതാ മത്സരത്തില്‍ നടന്ന ഒരു സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ഹോബര്‍ട്ട് ഹറിക്കന്‍സ് താരം ബെന്‍ മക്ഡെര്‍മോട്ട് അടിച്ച ഒരു പടുകൂറ്റന്‍ സിക്‌സര്‍ ഗ്രൗണ്ടിന്റെ മേല്‍ക്കൂരയില്‍ തട്ടുകയും പന്ത് അവിടെ കുടുങ്ങുകയും ആയിരുന്നു. പന്ത് താഴേക്ക് വരാനായി ഫീല്‍ഡര്‍മാര്‍ ഗ്രൗണ്ടിന്റെ റൂഫിലേക്ക് നോക്കിക്കൊണ്ടേയിരിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വളരെയധികം വൈറല്‍ ആയിരിക്കുന്നത്. വളരെ ഉയരത്തില്‍ അടിച്ച സിക്‌സര്‍ താരങ്ങളെയും ഗ്യാലറിയുള്ള ആരാധകരെയും അമ്പരപ്പിക്കുകയായിരുന്നു.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെയായിരുന്നു സംഭവം നടന്നത്. 1.1 ഓവറില്‍ ടീം സ്‌കോര്‍ ആറില്‍ നില്‍ക്കേയാണ് മക്ഡെര്‍മോട്ട് സിക്‌സര്‍ നേടിയത്. ടോം റോഡ്‌ജേഴ്‌സിന്റെ ബൗളിങ്ങില്‍ ആയിരുന്നു തകര്‍പ്പന്‍ സിക്‌സര്‍ പിറന്നത്.

മര്‍വല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹറിക്കന്‍സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത റെനെഗേഡ്‌സ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സാണ് നേടിയത്. റെനെഗേഡ്‌സ് ബാറ്റിങ് നിരയില്‍ ജോര്‍ദാന്‍ കോക്‌സ് 47 റണ്‍സും ജോനാഥന്‍ വെല്‍സ് 38 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹറിക്കന്‍സ് 18.4 ഓവറില്‍ ആറു വിക്കറ്റുകള്‍ ബാക്കിനില്‍ക്കേ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഹറിക്കന്‍സ് ബാറ്റിങ് നിരയില്‍ സാം ഹെയ്ന്‍ 51 റണ്‍സും കോറി ആന്‍ഡേഴ്‌സണ്‍ 41 റണ്‍സും നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചപ്പോള്‍ ഹറിക്കന്‍സ് ആറ് വിക്കറ്റിന്റെ മിന്നും വിജയം സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ ബിഗ് ബാഷ് ലീഗില്‍ ആറുമത്സരങ്ങളില്‍ നിന്നും മൂന്നു വിജയവും മൂന്നു തോല്‍വിയുമായി ആറ് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ഹറിക്കന്‍സ്.

ജനുവരി ഏഴിന് ബ്രിസ്‌ബേയ്ന്‍ ഹീറ്റിനെതിരെയാണ് ഹോബര്‍ട്ട് ഹറിക്കന്‍സിന്റെ അടുത്ത മത്സരം.

Content Highlight: A video viral Ben McDermott six stuck in the roof in BBL

We use cookies to give you the best possible experience. Learn more