| Wednesday, 4th May 2022, 7:49 am

ബാങ്ക് വിളി കേട്ടപ്പോള്‍ വാദ്യമേളം നിര്‍ത്തി, തൊഴുത് സപ്താഹ ഘോഷയാത്ര; പെരുന്നാള്‍ ദിനത്തില്‍ മനസ് നിറച്ച കാഴ്ച; വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: മതമൈത്രിയുടെ പേരില്‍ കൂടിയാണ് കേരളം അറിയപ്പെടുന്നത്. വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവരുടെ ആരാധനാലയങ്ങള്‍ സൗഹാര്‍ദത്തോടെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന നിരവധി സ്ഥലങ്ങളാണ് കേരളത്തിലുള്ളത്. ഒരുപക്ഷേ ഇന്ത്യയില്‍ തന്നെ അത്തരമൊരു സംസ്ഥാനം കേരളം മാത്രമായിരിക്കും.

കേരളത്തിന്റെ മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്ന ഒരു കാഴ്ച ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

വെറ്റമുക്ക് മസ്ജിദ് തഖ്‌വയില്‍ നോമ്പ് തുറക്കുന്ന ബാങ്ക് വിളി സമയത്താണ് വെറ്റമുക്ക് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ സപ്താഹത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര കടന്നു വന്നത്. ഈ സമയത്ത് പള്ളിയില്‍ നിന്ന് ബാങ്ക് വിളി കേട്ടപ്പോള്‍ അമ്മമാരും കുട്ടികളുമടക്കമുള്ളവര്‍ വാദ്യമേളങ്ങളും മറ്റും നിശ്ചലമാക്കി നടക്കുകയായിരുന്നു.

ചിലര്‍ പള്ളിയെ നോക്കി തൊഴുകയും ചെയ്തു. എല്ലാവരുടെയും ഹൃദയം കവരുന്ന ഈ കാഴ്ചക്ക് സോഷ്യല്‍ മീഡിയയും കയ്യടിക്കുകയാണ്. ട്രോള്‍ കരുനാഗപ്പള്ളി എന്ന് ഫേസ്ബുക്ക് പേജില്‍ വന്ന വീഡിയോയ്ക്ക് 600ലധികം ഷെയറാണ് ലഭിച്ചത്.

‘വര്‍ഗീയതയ്ക്ക് മണ്ണൊരുക്കാന്‍ ആര് ശ്രമിച്ചാലും ഈ നാട്ടിലെ സ്‌നേഹവും സൗഹൃദവും തല്ലിക്കെടുത്താന്‍ കഴിയില്ലെന്ന് അരക്കിട്ടുറപ്പിക്കുന്ന മനോഹര കാഴ്ച. നോമ്പ് 30 പൂര്‍ത്തിയാക്കി പരസ്പര സ്‌നേഹ ബഹുമാനത്തോടെ സൗഹാര്‍ദ്ദത്തിന്റെ സന്ദേശം പകര്‍ന്ന് നല്‍കുന്ന ഇത്തരം മനുഷ്യരുള്ള നാട്ടില്‍ ആര്‍ക്കാണ് വര്‍ഗീയത ചിന്തിക്കാന്‍ കഴിയുക. ഏവര്‍ക്കും ഈദ് ആശംസകള്‍,’ എന്നാണ് വീഡിയോയ്‌ക്കൊപ്പം കുറിച്ചത്.

കേരളത്തിന്റെ മത സൗഹാര്‍ദത്തെ പുകഴ്ത്തിയും ഈദ് ആശംസകള്‍ നേര്‍ന്നു നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ വരുന്നത്.

Content Highlight: A video that affirms the religious harmony of Kerala is now going viral on social media

We use cookies to give you the best possible experience. Learn more