ന്യൂദല്‍ഹി: ദല്‍ഹി കലാപവുമായി ബന്ധമുണ്ടെന്നാരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി ഉമര്‍ഖാലിദ് അറസ്റ്റിലാവുന്നതിന് മുമ്പ് ചെയ്ത വീഡിയോ ചര്‍ച്ചയാകുന്നു. ബുധനാഴ്ച ന്യൂദല്‍ഹിയില്‍ വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഉമര്‍ഖാലിദിന്റെ ചെയ്ത വീഡിയോ പ്രദര്‍ശിപ്പിച്ചു.
ഈ വീഡിയോ നിങ്ങള്‍ കാണുന്നു എന്നതിനര്‍ത്ഥം ഞാന്‍ അറസ്റ്റിലായിട്ടുണ്ട് എന്നാണ് ഉമര്‍ഖാലിദ് വീഡിയോയില്‍ പറയുന്നത്. ഞായറാഴ്ച രാത്രിയാണ് ഉമര്‍ഖാലിദിനെതിരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്.
‘നിങ്ങള്‍ ഈ വിഡിയോ കാണുന്നു എന്നതിനര്‍ത്ഥം ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ടു എന്നാണ്. ഫെബ്രുവരിയില്‍ രാജ്യ തലസ്ഥാനത്ത് അരങ്ങേറിയ വര്‍ഗീയ കലാപത്തിന് കാരണക്കാരായ കലാപകാരികളെ ഇതുവരെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. അതിന് പകരം കേന്ദ്രസര്‍ക്കാരിനെയും അവരുടെ നയങ്ങളെയും, പ്രത്യേകിച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരെയും പ്രതികരിച്ചവരെയും പിന്തുടരുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്ത ഓരോരുത്തരെയും തെളിവുകളില്ലാതെ തെറ്റായി ചിത്രീകരിക്കുകയാണ്,’ അദ്ദേഹം വീഡിയോയില്‍ പറഞ്ഞു.
താന്‍ മുമ്പ് പ്രസംഗിക്കുന്ന ഒരു വീഡിയോ തെറ്റായ രീതിയില്‍ എഡിറ്റ് ചെയ്ത് കലാപത്തിന് പ്രേരിപ്പിച്ചുവെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതിനെ സംബന്ധിച്ചും ഉമര്‍ഖാലിദ് വീഡിയോയില്‍ പറഞ്ഞു.
കേന്ദ്രത്തെ വിമര്‍ശിക്കുന്നവരെ കുടുക്കാനുള്ള ഉദ്ദേശത്തോടുകൂടി ജനങ്ങള്‍ക്ക് മുന്നില്‍ അവരെ തെറ്റായി അവതരിപ്പിക്കുകയാണ് ദല്‍ഹി പൊലീസ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘അനീതിക്കെതിരെ നിങ്ങളുടെ ശബ്ദമുയര്‍ത്തൂ. ഒരിക്കലും പേടിക്കരുത്’ എന്നും ഉമര്‍ ഖാലിദ് വീഡിയോയില്‍ പറയുന്നു.
ഉമര്‍ ഖാലിദിനെ കഴിഞ്ഞ ശനിയാഴ്ച ദല്‍ഹി പൊലീസ് വിളിച്ചുവരുത്തുകയായിരുന്നു. ശേഷം ലോധി കോളനിയിലെ സ്‌പെഷ്യല്‍ സെല്‍ ഓഫീസില്‍ ഞായറാഴ്ച എത്താന്‍ നിര്‍ദ്ദേശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അന്വേഷണ സംഘത്തിന് മുന്നിലെത്തിയ ഉമര്‍ ഖാലിദിനെ അര്‍ധരാത്രിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Video statement by @UmarKhalidJNU recorded just before his attest, released at the PC today at Press Club of India. Do listen to these courageous, inspiring words. pic.twitter.com/r4yZlLFDuv
കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ മുന്‍ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനുമായി ഉമറിന് ബന്ധമുണ്ടെന്നും കലാപം നടക്കുന്നതിന് ഒരു മാസം മുന്‍പ് ഇവര്‍ രണ്ടുപേരും, ഷഹീന്‍ ബാഗിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച യുണൈറ്റ് എഗെന്‍സ്റ്റ് ഹെയ്റ്റ് സ്ഥാപകനായ ഖാലിദ് സൈഫിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നുമാണ് പൊലീസ് ഉമര്‍ ഖാലിദിനെതിരെ ഉന്നയിക്കുന്ന ആരോപണം.
ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളായ ദേവങ്കണ കലിത, നതാഷ നര്‍വാള്‍, ജാമി അ മില്ലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി ഗുല്‍ഫിഷ ഫാത്തിമ എന്നിവരേയും ദല്‍ഹിയിലെ ജാഫ്രാബാദിലെ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് നേരത്തെ പ്രതി ചേര്‍ത്തിരുന്നു. മൂന്ന് പേര്‍ക്കെതിരേയും പൊലീസ് യു.എ.പി.എ ചുമത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക