ന്യൂദല്‍ഹി: ആത്മീയാചാര്യനായ ദലൈലാമ അമേരിക്കന്‍ ഗായികയും അഭിനേത്രിയുമായ ലേഡി ഗാഗയുടെ കാലില്‍ തൊടാന്‍ ശ്രമിക്കുന്ന വീഡിയോയും വിമര്‍ശിക്കപ്പെടുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ ചുണ്ടില്‍ ചുംബിക്കുകയും തന്റെ നാവില്‍ നക്കാന്‍ ആവശ്യപ്പെടുകയും ചെയ്ത വീഡിയോ ചര്‍ച്ചയായതിന് പിന്നാലെയാണ് ലേഡി ഗാഗയോടുള്ള ദലൈലാമയുടെ മോശം പെരുമാറ്റവും വിമര്‍ശിക്കപ്പെടുന്നത്. 2016ല്‍ നടന്ന ഒരു അഭിമുഖവുമായി ബന്ധപ്പെട്ട വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
ലേഡി ഗാഗയുടെ തൊട്ടടുത്തിരിക്കുന്ന ദലൈലാമ അവരുടെ കാലില്‍ സമ്മതമില്ലതെ കൈവെക്കുന്നതും തുടര്‍ന്ന് അവരത് തടയുന്നതുമാണ് വീഡിയോയിലുള്ളത്.
‘ഇയാളൊരു ഒരു സീരിയല്‍ കുറ്റവാളിയാണ്!’ എന്ന ക്യാപ്ഷനോടെയാണ് അധ്യാപകനും എഴുത്തുകാരനുമായ അശോക് സ്വയ്ന്‍ ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോടുള്ള മോശം പെരുമാറ്റത്തില്‍ ദലൈലാമ മാപ്പ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഈ വീഡിയോയും പ്രചരിക്കുന്നത്.
ഒരു കുട്ടി ദലൈലാമക്ക് അരികിലേക്കെത്തുന്നതും, ആത്മീയാചാര്യന്‍ കുട്ടിയുടെ ചുണ്ടില്‍ ചുംബിക്കുന്നതുംതന്റെ നാക്കില്‍ നക്കാന്‍ ആവശ്യപ്പെടുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നായിരു അദ്ദേഹത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നത്. സംഭവത്തിന് പിന്നാലെ ദലൈലാമയെ ബാലപീഡനത്തിന് അറസ്റ്റ് ചെയ്യണമെന്നും നിരവധി പേര്‍ ആവശ്യപ്പെട്ടിരുന്നു.
2019ല്‍ തന്റെ പിന്‍ഗാമി ഒരു സ്ത്രീയാവുകയാണെങ്കില്‍ അവര്‍ ആകര്‍ഷണമുള്ളവളായിരിക്കണമെന്ന പരാമര്‍ശത്തിന്റെ പേരിലും വിവാദങ്ങളില്‍പ്പെട്ടയാളാണ് ദലൈലാമ. ബ്രിട്ടീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പിന്നാലെ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
Content Highlight: A video of spiritual leader Dalai Lama trying to touch American singer and actress Lady Gaga’s feet has also been criticized