| Monday, 3rd October 2022, 8:33 pm

ഓം, റൂമിലേക്ക് വാ; ആദിപുരുഷ് ടീസറിന് പിന്നാലെ സംവിധായകനെ വിളിക്കുന്ന പ്രഭാസിന്റെ വീഡിയോ വൈറല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ കുറച്ച് മാസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ സിനിമയാണ് പ്രഭാസിന്റെ ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന സിനിമക്ക് വലിയ ഹൈപ്പാണ് ഉയര്‍ന്നത്.

എന്നാല്‍ ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നതോടെ ആരാധകര്‍ക്ക് വരെ വലിയ നിരാശയാണ് ഉണ്ടായത്. രാമായണത്തില്‍ ഇല്ലാത്ത പലതരം ജീവികളെയും പ്രേതങ്ങളെയുമാണ് ആദിപുരുഷിന്റെ ടീസറില്‍ കാണാനായത്. കാര്‍ട്ടൂണ്‍ ലെവല്‍ വി.എഫ്.എക്‌സും ട്രോളുകള്‍ വിളിച്ചുവരുത്തി.

ഇതിന് പിന്നാലെ പ്രഭാസ് സംവിധായകന്‍ ഓം റൗട്ടിനെ റൂമിലേക്ക് വിളിക്കുന്ന വീഡിയോയും വൈറലാവുകയാണ്. വളരെ സീരിയസായി ‘ഓം എന്റെ റൂമിലേക്ക് ഒന്ന് വരൂ,’ എന്നാണ് പ്രഭാസ് വീഡിയോയില്‍ പറയുന്നത്. ടീസര്‍ കണ്ട് കലിപ്പിളകിയ പ്രഭാസ് സംവിധായകനെ പഞ്ഞിക്കിടാന്‍  വിളിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രോളുകള്‍ വരുന്നത്.

ആദിപുരുഷില്‍ കൃതി സനണ്‍ ആണ് നായിക കഥാപാത്രമായ ജാനകിയെ അവതരിപ്പിക്കുക. സെയ്ഫ് അലി ഖാനാണ് ലങ്കേഷിനെ അവതരിപ്പിക്കുന്നത്.

തന്‍ഹാജി; ദ അണ്‍സങ് വാരിയറിന് ശേഷം ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദിപുരുഷ്. 500 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ 250 കോടിയും വി.എഫ്.എക്‌സിന് വേണ്ടിയാണ് ചെലവഴിച്ചിരിക്കുന്നത്. 120 കോടിയാണ് പ്രഭാസിന്റെ പ്രതിഫലം.

ടി- സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ ചിത്രമാണിത്. 2023 ജനുവരിയിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Content Highlight: A video of Prabhas calling director Om Raut to the room is going viral

We use cookies to give you the best possible experience. Learn more