മലയാളം സിനിമയെ പറ്റി സംസാരിക്കുന്ന പാകിസ്ഥാനി നടി മഹിറ ഖാന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മലയാളം സിനിമകള്‍ തീര്‍ച്ചയായും കാണണമെന്നും അവര്‍ ചെയ്യുന്നത് ചിന്തിക്കാന്‍ പോലുമാവില്ലെന്നും മഹിറ പറഞ്ഞു. 2017ല്‍ പുറത്ത് വന്ന ഷാരൂഖ് ഖാന്‍ ചിത്രം റായിസിലൂടെ ഇന്ത്യന്‍ സിനിമയിലും ശ്രദ്ധ നേടിയ താരമാണ് മഹിറ.
ക്വയ്ദ്-ഇ-അസം സിന്ദാബാദ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സഹപ്രര്‍ത്തകര്‍ക്കൊപ്പം രാവാ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ മുമ്പ് മഹിറ നടത്തിയ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
‘അനുപമ ചോപ്ര എന്നെ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. അവര്‍ വളരെ നല്ല ഇന്റര്‍വ്യൂവറാണ്. കറക്ട് പോയിന്റെ വെച്ച് ചോദ്യങ്ങള്‍ ചോദിക്കും. മലയാളം സിനിമകള്‍ എനിക്ക് പരിചയപ്പെടുത്തി തന്നതും അവരാണ്. നിങ്ങള്‍ മലയാളം സിനിമകള്‍ കണ്ടിട്ടുണ്ടോ?,’ മഹിറ ചോദിച്ചു.
കെ.ജി.എഫ് മലയാളം സിനിമയല്ലേ എന്ന് ഇതിനിടക്ക് നടനായ ഫഹദ് മുസ്തഫ ചോദിച്ചപ്പോള്‍ താന്‍ തെലുങ്ക് സിനിമയെ പറ്റിയോ തമിഴ് സിനിമയെ പറ്റിയോ അല്ല പറയുന്നതെന്ന് മഹിറ പറഞ്ഞു. താന്‍ മലയാളം സിനിമയെ പറ്റിയാണ് പറയുന്നത്. തീര്‍ച്ചയായും അത് കാണണമെന്നും മഹിറ കൂട്ടിച്ചേര്‍ത്തു.
മോഹന്‍ലാല്‍ മലയാളം സിനിമയിലുള്ളതല്ലേ, ബോളിവുഡിലെ പ്രിയദര്‍ശന്റെ കള്‍ട്ട് സിനിമകളെല്ലാം മോഹന്‍ലാല്‍ സിനിമകളുടെ റീമേക്കാണെന്നും ഫഹദ് പറഞ്ഞു.
ഇതിനോട് യോജിച്ച മഹിറ തങ്ങളുടെ സിനിമകള്‍ ബോളിവുഡിന് വിറ്റ് അവര്‍ കൂടുതല്‍ പണമുണ്ടാക്കുകയാണെന്നും പറഞ്ഞു. ‘അങ്ങനെയാണ് ഞാന്‍ മനസിലാക്കിയത്. തെറ്റാണോ ശരിയാണോ എന്ന് എനിക്ക് അറിയില്ല. അത് എന്തെങ്കിലുമാവട്ടെ, പക്ഷേ അവര്‍ സിനിമയില്‍ പറയുന്നത് നമുക്ക് ചിന്തിക്കാന്‍ പോലുമാവില്ല. അനുപമയാണ് അതൊക്കെ എനിക്ക് പരിചയപ്പെടുത്തിയത്,’ മഹിറ പറഞ്ഞു.
Content Highlight: A video of Pakistani actress Mahira Khan talking about Malayalam cinema is going viral on social media