രണ്‍ബീറിനെതിരെ വിറളി പിടിച്ചവര്‍ക്ക് ബീഫ് തിന്നുന്ന വിവേക് അഗ്നിഹോത്രിയോട് എന്താണ് പറയാനുള്ളത്? | D Movie
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അടുത്തിടെ ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ ബീഫ് ഇഷ്ടമാണ് എന്ന് പറയുന്ന വീഡിയോ തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍ വിവാദത്തിലാക്കിയിരുന്നു. 11 വര്‍ഷം മുമ്പുള്ള താരത്തിന്റെ അഭിമുഖ ശകലമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ബീഫ് പരാമര്‍ശത്തിന്റെ പേരില്‍ രണ്‍ബീറിന്റെ പുതിയ ചിത്രമായ ബ്രഹ്മാസ്ത്രക്ക് നേരെ ബോയ്‌കോട്ട് ക്യാമ്പെയ്‌നുകള്‍ പോലും നടന്നു.

രണ്‍ബീറിന്റെ ബീഫ് വീഡിയോ വിവാദത്തിനിടയില്‍ സംവിധായകന്‍ വിവേക് അഗ്നിഹോത്രി ബീഫ് ഇഷ്ടമാണെന്ന് പറയുന്ന വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ‘നിങ്ങള്‍ക്ക് ഏറ്റവും നല്ല ബീഫ് എവിടെ നിന്ന് കിട്ടുമെന്ന് ഞാന്‍ എഴുതിയിട്ടുണ്ട്, പലതും എഴുതിയിട്ടുണ്ട്, അന്നും കഴിച്ചിരുന്നു, ഇപ്പോഴും കഴിക്കുന്നു, ജീവിതത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല,’ എന്നാണ് വിവേക് അഗ്നിഹോത്രി വീഡിയോയില്‍ പറയുന്നത്. വിവേക് നല്‍കിയ പഴയ അഭിമുഖത്തിന്റെ ക്ലിപ് ആണ് വൈറലാവുന്നത്.

ഉജ്ജെയിനിലെ മഹാകാലേശ്വര ക്ഷേത്രം സന്ദര്‍ശിക്കാന്‍ എത്തിയ രണ്‍ബീറിനേയും ആലിയ ഭട്ടിനേയും ബീഫ് പരാമര്‍ശത്തിന്റെ പേരില്‍ ബജ്‌റഗ് ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിവേകിന്റെ വീഡിയോയും വിവാദത്തിലാവുന്നത്.

ഇതോടെ വിവേക് അഗ്നിഹോത്രിയെ ഇനി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കുമോ എന്നാണ് നെറ്റിസണ്‍സ് ചോദിക്കുന്നത്. തന്റെ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ചാര്‍മിനാര്‍ ശ്രീ ഭാഗ്യലക്ഷ്മി ക്ഷേത്രത്തില്‍ ഭാര്യയോടൊപ്പം നില്‍ക്കുന്ന വിവേകിന്റെ ചിത്രവും ട്വീറ്റ് ചെയ്തുകൊണ്ട് ‘അദ്ദേഹവും ബീഫ് കഴിക്കും, പിന്നെ എന്തുകൊണ്ട് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചു,’ എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്.

കശ്മീര്‍ ഫയല്‍സാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന വിവേക് അഗ്നിഹോത്രിയുടെ ചിത്രം. കശ്മീരി പണ്ഡിറ്റുകളുടെ പലായനം ചിത്രീകരിച്ച് സിനിമയെ പുകഴ്ത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റ് ബി.ജെ.പി നേതാക്കളും രംഗത്തെത്തിയിരുന്നു. എന്നാല്‍ ചിത്രം ചരിത്രത്തെ വളച്ചൊടിച്ചുകൊണ്ടാണെന്നുള്ള വിമര്‍ശനവും വന്നിരുന്നു. കശ്മീരി പണ്ഡിറ്റുകള്‍ പോലും ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു.

Content Highlight: A video of director Vivek Agnihotri saying he likes beef is now going viral on social media video story