| Sunday, 6th November 2022, 2:09 pm

2000 രൂപ സമ്പാദിക്കുന്നവരാണ് സിനിമക്ക് വേണ്ടി 200 രൂപ മാറ്റിവെക്കുന്നത്, ആ അധ്വാനത്തിന് വിലയുണ്ട്; വൈറലായി ലോകേഷ് കനകരാജിന്റെ വാക്കുകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയുടെ പരാജയത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ് വിവരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ പരാജയങ്ങളെ ഭയക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

‘പരാജയങ്ങളെ ഭയക്കുന്നുണ്ട്. കാരണം, പരാജയം എന്നെ മാത്രമല്ല ബാധിക്കുന്നത്. ഞാന്‍ പരാജയപ്പെട്ടാല്‍ അതിനൊപ്പം ടെക്‌നീഷ്യന്‍സും ടീമുമുള്‍പ്പെടെ ഒരുപാട് പേരാണ് തകരുന്നത്. പ്രേക്ഷകര്‍ ഒരു സിനിമയെ വളരെയധികം പുകഴ്ത്തുമ്പോള്‍ തന്നെ ആ അംഗീകാരം ലഭിക്കാത്ത ഒരുപാട് പേര്‍ ഇവിടെയുണ്ട്. ഒരു നിര്‍മാതാവിനടുത്ത് കഥ പറയാന്‍ പോലും സാധിക്കാത്ത അസിസ്റ്റന്റ് ഡയറക്ടര്‍ മുതല്‍ എത്രയോ ആളുകളുണ്ട്.

ഷോര്‍ട്ട് ഫിലിം ചെയ്‌തോണ്ടിരുന്നവന്‍ ഒരു സുപ്രഭാതത്തില്‍ സംവിധായകനായി എന്ന കമന്റ് വരുമ്പോള്‍ തന്നെ, ഒരുപാട് ആളുകളെ കണ്ട്, എത്രയോ പേരെ മറികടന്നാണ് അയാള്‍ ആ സ്ഥാനത്തേക്ക് എത്തുന്നത്. ഞാന്‍ ഇപ്പോള്‍ ആയിരിക്കുന്ന സ്ഥാനം അത്ര എളുപ്പത്തില്‍ എത്താന്‍ സാധിക്കുന്നതല്ല. ഒരുപാട് ആളുകളുടെ കഷ്ടപ്പാടാണത്. അതുകൊണ്ട് തന്നെ അശ്രദ്ധയോടെ ഒന്നും കൈകാര്യം ചെയ്യാന്‍ പാടില്ലെന്നാണ് ഞാന്‍ കരുതുന്നത്.

പരാജയം സംഭവിച്ചാല്‍ അത് എന്നേയും എന്റെ ടീമിനേയും ബാധിക്കും. വേണമെങ്കില്‍ സിനിമക്കായി നമ്മള്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്ന് പറയാം. എങ്കില്‍ പോലും ഒരു സിനിമ വിജയിച്ചാല്‍ കോടികളാണ് ലഭിക്കുന്നത്. എന്നാല്‍ മറുവശത്ത് 2000 സമ്പാദിക്കുന്നവരാണ് നമ്മുടെ സിനിമക്ക് വേണ്ടി 200 രൂപ മാറ്റിവെക്കുന്നത്. ആ അധ്വാനത്തിന് ഇതിലും വിലയുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഈ ഘടകങ്ങളെല്ലാം പരാജയത്തിന് കീഴില്‍ വരുന്നതാണ്. അതിനെ പറ്റി ഞാന്‍ ബോധവാനാണ്,’ ലോകേഷ് പറഞ്ഞു.

സിനിമ വിമര്‍ശനത്തിനെതിരെയുള്ള സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ പരാമര്‍ശങ്ങള്‍ വിവാദമാകുന്ന പശ്ചാത്തലത്തിലാണ് അഞ്ച് മാസം മുമ്പുള്ള ലോകേഷിന്റെ വീഡിയോ ക്ലിപ് പ്രചരിക്കുന്നത്. സിനിമയെ വിമര്‍ശിക്കുന്നതിന് മുമ്പ് അതിനുള്ള യോഗ്യതയുണ്ടോയെന്ന് ചിന്തിക്കണമെന്നാണ് റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞത്.

‘ഒരു സിനിമ എന്നാല്‍ ഒരുപാട് കുടുംബങ്ങളാണ്. സിനിമ പോസ്റ്റര്‍ ഒട്ടിക്കുന്ന ആളുകള്‍ തുടങ്ങി നിരവധി ആളുകളുടെ ഉപജിവനമാണ് സിനിമ. കൊറിയന്‍ രാജ്യങ്ങളില്‍ സിനിമയെ ആരും വിമര്‍ശിക്കില്ല. അവര്‍ ആ സിനിമയെ സപ്പോര്‍ട്ട് ചെയ്യും. വിമര്‍ശിക്കുന്നവര്‍ ചിന്തിക്കേണ്ടത് അതിനുള്ള യോഗ്യത തങ്ങള്‍ക്കുണ്ടോയെന്നാണ്,’ റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. പരാമര്‍ശങ്ങള്‍ വൈറലായതിനെ തുടര്‍ന്ന് റോഷന്‍ ആന്‍ഡ്രൂസിനെതിരെ വിമര്‍ശനവുമുയര്‍ന്നിരുന്നു.

Content Highlight: A video of director Lokesh Kanagaraj explaining how to deal with the film’s failure is circulating on social media

We use cookies to give you the best possible experience. Learn more