തമിഴ് റിയാലിറ്റി ഷോയില്‍ ജാതി വിവേചനത്തെ പറ്റി പറയുന്ന മത്സരാര്‍ത്ഥിയുടെ വീഡിയോ വൈറലാവുന്നു. വിജയ് ടി.വിയിലെ സൂപ്പര്‍ സിങ്ങര്‍ എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായ അരുണയാണ് നേരിട്ട ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞത്. ക്ഷേത്രങ്ങളില്‍ പാടാന്‍ പോവുമ്പോള്‍ ആളുകള്‍ ജാതി ചോദിക്കാറുണ്ടെന്നും പുറത്ത് പറഞ്ഞാല്‍ പാടുന്നതില്‍ നിന്നും വിലക്കുമോയെന്ന് ഭയമാണെന്നും അരുണ കണ്ണീരോടെ പറഞ്ഞു.
‘പാട്ട് പഠിച്ച് ക്ഷേത്രങ്ങളില്‍ പോയി പാടാന്‍ തുടങ്ങി. പാടിക്കഴിഞ്ഞാല്‍ ഉടനെ എല്ലാവരും ചോദിക്കുന്നത് നിങ്ങള്‍ ഏത് ജാതിയാണെന്നാണ്. അത് വളരെ കഷ്ടമാണ്. അത് പുറത്ത് പറഞ്ഞാല്‍ ഇനി പാടാന്‍ സമ്മതിക്കില്ല എന്ന ഭയം വരും. അതൊന്നും പുറത്ത് പറയാതെ ഒളിച്ചാണ് ഇവിടെ വരെ എത്തിയത്,’ അരുണ പറഞ്ഞു.
ഈ എപ്പിസോഡില്‍ അതിഥിയായി എത്തിയ നടന്‍ ബാലാജി അരുണയെ പിന്തുണച്ച് സംസാരിച്ചിരുന്നു. ഇന്ന ജാതിയിലുള്ള ആളുകള്‍ മാത്രമേ പാട്ട് പാടാന്‍ സാധിക്കുകയുള്ളൂ എന്നൊന്നില്ല, അങ്ങനെയൊന്നുണ്ടെങ്കില്‍ അതിനെ നിങ്ങള്‍ തകര്‍ത്തു കളഞ്ഞു, നിങ്ങള്‍ ഒരു പ്രചോദനമാണ്, എന്നാണ് ബാലാജി പറഞ്ഞത്. അനുരാധ ശ്രീറാം, പി. ഉണ്ണികൃഷ്ണന്‍, ശ്വേത മോഹന്‍, ബെന്നി ദയാല്‍ എന്നിവരാണ് റിയാലിറ്റി ഷോയില്‍ ജഡ്ജസായി ഇരുന്നത്.
വീഡിയോയുടെ ക്ലിപ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ‘ഈ കാലത്തും ജാതിയൊക്കെ ഉണ്ടോയെന്ന്? നിഷ്‌കളങ്കമായി, ചിരിച്ചുകൊണ്ട് ‘Cast Blindness ‘ ആയി ചോദിക്കുന്നവര്‍ക്കുള്ള മറുപടി,’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
പലരും ദേഷ്യത്തോടെയും വിഷമത്തോടെയുമാണ് വീഡിയോയോട് പ്രതികരിച്ചത്. ‘നാം ജീവിക്കുന്നത് ദുഷിച്ച സമൂഹത്തിലാണ്. ഈ ദുഷിപ്പ് മാറാന്‍ സമയം വേണ്ടി വരും, വിദ്യാഭ്യാസവും(വെറുതെ സയന്‍സും കണക്കും മാത്രമല്ല വിദ്യാഭ്യാസം) വിവേകവും എല്ലാവര്‍ക്കും എത്തുന്നിടത്തോളം കാലം ഈ ജാതി വിവേചനവും ഉണ്ടാകും. കൂടുതല്‍ അതിനു ശ്രദ്ധ കൊടുക്കാതിരിക്കുന്നതാണ് നല്ലത്,’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
തമിഴ്‌നാട്ടില്‍ മാത്രമല്ല, കേരളത്തിലും ജാതി വിവേചനം ഉണ്ടെന്നും മധുവിന്റെ കൊലപാതകവും ആദിവാസി യുവാവായ വിശ്വനാഥന്റെ ആത്മഹത്യയും ഇതാണ് തെളിയിക്കുന്നതെന്നും ചിലര്‍ പറഞ്ഞു.
Content Highlight: A video of a contestant talking about caste discrimination in a Tamil reality show is going viral