'ബി.ജെ.പി നേതാക്കളെ സംഘം ചേര്‍ന്ന് പൊതുജനങ്ങള്‍ മര്‍ദിക്കുന്നു'; തമിഴ്നാട്ടില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ
national news
'ബി.ജെ.പി നേതാക്കളെ സംഘം ചേര്‍ന്ന് പൊതുജനങ്ങള്‍ മര്‍ദിക്കുന്നു'; തമിഴ്നാട്ടില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th April 2024, 10:30 pm

ചെന്നൈ: ബി.ജെ.പി നേതാക്കളെ ഒരുകൂട്ടം ജനങ്ങള്‍ മര്‍ദിക്കുന്നുവെന്ന കുറിപ്പോടുകൂടി തമിഴ്നാട്ടില്‍ ഒരു വ്യാജ വീഡിയോ പ്രചരിക്കുന്നു.

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പൊതുജനങ്ങള്‍ ബി.ജെ.പി നേതാക്കളെ മര്‍ദിക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. യാഥാര്‍ഥ്യത്തില്‍ 2023ല്‍ ഒഡീഷയില്‍ നടന്ന സംഭവമാണ് തമിഴ്‌നാട്ടില്ലെന്ന വ്യാജേന ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലടക്കം ചര്‍ച്ചയായിരിക്കുന്നത്.

‘തമിഴ്നാട്ടില്‍ നിന്നുള്ള സമീപകാല സംഭവം. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ദേശവിരുദ്ധ രാഷ്ട്രീയക്കാരെ വേദിയില്‍ നിന്ന് വലിച്ചിഴച്ച് നഗ്‌നരാക്കി മര്‍ദിച്ചു. ഇത് ഇനി രാജ്യത്തുടനീളം സംഭവിക്കും,’ എന്ന രീതിയിലാണ് വീഡിയോ എക്സില്‍ പ്രചരിക്കുന്നത്.

എന്നാല്‍ 2023 ഒക്ടോബറില്‍ ഒഡീഷയിലെ ബലംഗീറില്‍ ബി.ജെ.പിയിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലിന്റെ വീഡിയോയാണ് നിലവില്‍ പ്രചരിക്കുന്നതെന്ന് ഫാക്ട്ചെക്ക് സൈറ്റായ ‘ബൂം’ വ്യക്തമാക്കി. ഇതിനുപുറമെ വീഡിയോ തമിഴ്‌നാട്ടില്‍ നിന്നുള്ളതല്ലെന്നും ഒഡീഷയില്‍ നടന്ന സംഭവമാണിതെന്നും ഒരു ഉപയോക്താവ് എക്സില്‍ ചൂണ്ടിക്കാണിച്ചതായും ബൂം അറിയിച്ചു.

ബി.ജെ.പി സംഘടിപ്പിച്ച ‘മോ മതി മോ ദേശ’ പരിപാടിക്കിടെയാണ് സംഭവം നടന്നതെന്ന് ഒഡീഷ ബൈറ്റ്‌സും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസും അക്കാലത്ത് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചതായും ബൂം ചൂണ്ടിക്കാട്ടി. ബി.ജെ.പി നേതാവ് ഗോപാല്‍ജി പാണിഗ്രാഹി ഒഡീഷ പൊലീസിന് സംഭവത്തില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

അതേസമയം പ്രചരണത്തിന് പിന്നിൽ ബി.ജെ.പി തന്നെയാണെന്ന വിമർശനവും ഉയരുന്നുണ്ട്.

Content Highlight: A video circulating in Tamil Nadu claiming that BJP leaders are being beaten by a group of people is fake