national news
തെരഞ്ഞെടുപ്പ് ഫലം മോദിയുടെ മുഖത്തേറ്റ അടി: പരകാല പ്രഭാകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jun 08, 11:51 am
Saturday, 8th June 2024, 5:21 pm

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രി മോദിയുടെ മുഖത്തേറ്റ അടിയാണെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും, മുന്‍ ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവുമായ പരകാല പ്രഭാകര്‍. ഈ തെരഞ്ഞെടുപ്പ് മോദിക്കുള്ള സന്ദേശമാണെന്നും ജനങ്ങള്‍ക്ക് മോദിയുടെ അജണ്ടയില്‍ താത്പര്യമില്ലെന്നതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

‘നരേന്ദ്രമോദി ഭരണം തികച്ചും ഏകാധിപത്യ സ്വഭാവം നില നിര്‍ത്തിയ ഒന്നായിരുന്നു, അത് നരേന്ദ്രമോദി തന്റെ പൊളിറ്റിക്കല്‍ കരിയര്‍ തുടങ്ങിയപ്പോള്‍ മുതല്‍ നാം കണ്ടതാണ്. അദ്ദേഹം ബി.ജെ.പി ഗവണ്മെന്റ് ഉണ്ടാക്കാനല്ല ശ്രമിച്ചത് മറിച്ച് മോദി ഗവണ്മെന്റ് ഉണ്ടാക്കാനായിരുന്നു. ഗുജറാത്തില്‍ അധികാരമേറ്റത് മുതല്‍ അത് നാം കാണുന്നുണ്ട്. ഈ ഏകാധിപത്യ ഭരണത്തിന് ജനങ്ങള്‍ കൊടുത്ത മറുപടിയാണ് ഈ ഫലം,’ പരകാല പ്രഭാകര്‍ പറഞ്ഞു.

മോദി സര്‍ക്കര്‍ വിശ്വാസ വോട്ടെടുപ്പിനെ അതിജീവിക്കുമോയെന്ന് തനിക്ക് സംശയമുണ്ടെന്നും, കുറച്ചു മാസത്തിനുള്ളില്‍ തന്നെ അദ്ദേഹം മുന്നണി വിടാന്‍ സാധ്യതയുണ്ടെന്നും പരകാല പ്രഭാകര്‍ പറഞ്ഞു. നിതീഷ് കുമാറോ, ചന്ദ്രബാബു നായിഡുവോ മുന്നണി വിടാന്‍ സാധ്യതകളേറെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘തന്റെ ശൈലിയില്‍ മാറ്റം വരുത്താന്‍ ഒരിക്കലും മോദിക്ക് സാധിക്കില്ല. ഇനി വരാനിരിക്കുന്നത് അദ്ദേഹത്തിന്റെ മാത്രം സര്‍ക്കാറല്ല. ഒരു കൂട്ട് കക്ഷി മന്ത്രിസഭയാണ്. അതുകൊണ്ട് തന്നെ അത്, എത്രത്തോളം മുന്നോട്ട് കൊണ്ട് പോകാന്‍ മോദിക്ക് കഴിയുമെന്നതില്‍ നിശ്ചയമില്ല.

പഴയ മോദിയില്‍ നിന്നും പുതിയ മോദിയിലേക്ക് വരാന്‍ അദ്ദേഹത്തിന് കഴിയില്ല. തന്റെ സ്വഭാവത്തിലും വ്യക്തിത്വത്തിലും മാറ്റം വരുത്താന്‍ ഒരിക്കലും മോദിക്ക് കഴിയില്ല,’ പരകാല പ്രഭാകര്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 543 ലോക്‌സഭാ മണ്ഡലംകളില്‍ കേവലം 240 സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്. പുതിയ സര്‍ക്കാര്‍ ഉണ്ടാക്കണമെങ്കില്‍ മോദിക്ക് സഖ്യകക്ഷികളുടെ പിന്തുണ അത്യാവശ്യമാണ്.

Content Highlight: A very clear tight slap on PM’s face”; New govt won’t last long: Prakala prabhakar