ആദിവാസികളുടെ ഒരു മിത്തായി, സംഭവ ബഹുലമായ ഒരു തിരകഥയായി, കൗതുകം ജനിപ്പിക്കുന്ന നിഗൂഢതയായി, സായുധ വിപ്ലവകാരിയായി, ഭയപ്പെടുത്തുന്ന ഒരോര്‍മയായി, നൊസ്റ്റാള്‍ജിയയായി ഒരു കാലത്ത് വര്‍ഗ്ഗീസിനെ മലയാളികള്‍ അടയാളപ്പെടുത്തിയിട്ടു ണ്ടായിരുന്നു . എന്നാല്‍ ഇക്കാലത്ത് നമ്മള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ചവരെ, ജീവിതം ഹോമിച്ചവരെ ഓര്‍ക്കുന്നത് പോലും ഒരു കാര്യവും അല്ലാതായി തീര്‍ന്നിട്ടുണ്ട് അതില്‍ അതിശയോക്തി ഒന്നുമില്ല . കാരണം നാം എത്രയോ രക്തസാക്ഷികളെ മറന്നിട്ടുണ്ട്. ചിലത് നാം ആഘോഷിക്കുന്നു. ഷട്ടില്‍ ടൂര്‍ണ്ണമെന്റുകളും ഫുട്‌ബോള്‍ മേളകളും ഫാഷന്‍ ഷോകളും മറ്റുമായെല്ലാം..
അവര്‍ എന്തിനുവേണ്ടി നിലകൊണ്ടു എന്നത് നാം ബോധപൂര്‍വ്വം തമസ്‌കരിക്കുന്നു “ആരംഭകര്‍ത്താക്കള്‍ക്ക് മാത്രമായോ മഹാന്മാരായ വ്യക്തികള്‍ക്ക് മാത്രമായോ അല്ല വിപുലമായ പ്രവര്‍ത്തന രംഗം തുറന്നിരിക്കുന്നത്. സ്വന്തം അയല്‍ക്കാരെ കാണാന്‍ കണ്ണും, കേള്‍ക്കാന്‍ കാതും, സ്‌നേഹിക്കാന്‍ ഹൃദയവുമുള്ള എല്ലാവര്‍ക്കും വേണ്ടി അത് തുറന്നിരികുന്നു. മഹത്തായ എന്ന ആശയം ആപേക്ഷികമാണ്. മറ്റുള്ളവര്‍ക്ക് വേണ്ടി സ്വന്തം ജീവന്‍ അര്‍പ്പിക്കുന്ന ഓരോരുത്തരും ധാര്‍മികമായ അര്‍ത്ഥത്തില്‍ മഹാന്മാരാണ്”എന്ന പ്ലഖ്‌നോവിന്റെ വാക്കുകള്‍ ഓര്‍മിച്ചാല്‍ നമ്മുടെ അളവുകൊലിന്റെ പരിമിതി നമുക്ക് ബോധ്യപെടും. നാം നമ്മുടെ ചരിത്രത്തെ ഇല്ലായ്മ ചെയ്യുകയാണോ? അതോ നമ്മള്‍ എങ്ങനെ ഇങ്ങനെയായെന്നു മറന്നു പോവുകയാണോ? .
അടിമകളാക്കി ആദിവാസികളെ ചൂഷണം ചെയുന്ന മാടമ്പിമാര്‍ക്കെതിരെ ധീരമായി പോരുതിയവന്‍. അതുകൊണ്ടായിരിക്കാം ആദിവാസികള്‍ വര്‍ഗീസിനെ രക്ഷകനായി കണ്ടിരുന്നത്. അഥവാ ദൈവം (അടിയോരുടെ പെരുമന്‍) ആയി കണ്ടിരുന്നത്.
കൊല്ലപെട്ടതിനുശേഷം പതിനെട്ടു വര്‍ഷങ്ങള്‍ക്കിപ്പുറം നാം വര്‍ഗീസിനെ വീണ്ടും ഓര്‍ത്തു. അതുവരെ നിഗൂഢമായിരുന്ന ഒരു മരണം മാത്രമായിരുന്നു അത്. കൊല്ലാന്‍ നിയോഗിക്കപെട്ട സി.ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ ആയിരുന്ന രാമചന്ദ്രന്‍ നായരുടെ മാധ്യമ വെളിപ്പെടുത്തലിലൂടെയായിരുന്നു ലക്ഷ്മണയുടെ പട്ടികള്‍ വേട്ടയാടി പിടിച്ചു മൃഗീയമായി കൊല്ലുകയായിരുന്നു വര്‍ഗ്ഗീസിനെ എന്ന് ജനങ്ങള്‍ അറിയുന്നത്. എന്നാല്‍ ലക്ഷ്മണയെയും വിജയനെയും കുരിശിലേറ്റിയെങ്കിലും ഭരണകൂടം കളിച്ച നാടകം നാം മറന്നിരിക്കുന്നു ! കൊലപതകംപോലും റിപ്പോര്‍ട്ട് ചെയ്യാത്ത പത്രങ്ങള്‍ വരെ എട്ടു കോളം വാര്‍ത്തയും പൊടിപ്പും തൊങ്ങലും വെച്ച കഥകളുമായി രംഗത്തെത്തി, പ്രണയ കഥകള്‍ വരെ അടിച്ചിറക്കി. അതുവരെ കളിക്കളത്തില്‍ ഇല്ലാതിരുന്ന ചിലര്‍ പഴയ നക്‌സലൈറ്റ് കോട്ടുമായി ചാടിയിറങ്ങി. അവരോടു നമ്മളാരും ചോദിച്ചില്ല എവിടെയായിരുന്നു നിങ്ങള്‍ എന്ന്.
“ഞാന്‍ ജീവിച്ചു എന്നതിന്റെ തെളിവ്” എന്ന പുസ്തകത്തിലൂടെയും രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തലിലുടെയുമാണ് വര്‍ഗീസ് എന്ന മനുഷ്യ സ്‌നേഹിയെ ജനങ്ങള്‍ അറിഞ്ഞത്. ഒരുകാലത്ത് ആദിവാസികള്‍ക്കും ചെറുകിട കര്‍ഷകര്‍ക്കുമൊപ്പം നിന്ന് അവരുടെ ഇടയില്‍ പ്രവര്‍ത്തിച്ച ഒരു കമ്മ്യുണിസ്റ്റുകാരന്‍ എന്ന നിലയില്‍ ചരിത്രത്തില്‍ വര്‍ഗീസിനെ വായിച്ചെടുക്കാം. അക്കാലത്തു വയനാട്ടില്‍ നിലനിന്നിരുന്ന ജാതീയമായ അടിച്ചമാര്‍ത്തലിനും ഭൂമിയെല്ലാം കൈയ്യടക്കിവെച്ചിരുന്ന ജന്മിമാര്‍ക്കുമെതിരെ തദ്ദേശീയരായ ആദിവാസികളെ സംഘടിപ്പിച്ചുകൊണ്ട് കാര്‍ഷിക വിപ്ലവത്തിന് വേണ്ടിയുള്ള മുന്നേറ്റമായിരുന്നു വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടന്നത്.
ചുവന്ന ജന്മിമാരെ കണ്ടാല്‍ വഴിമാറി നടക്കേണ്ടി വന്നവരും മാടമ്പിമാരുടെ കണ്ണില്‍ പെട്ടാല്‍ പീഡനം എടുവങ്ങേണ്ടിവന്നവരുമായ കൊച്ചു പെണ്‍കുട്ടികള്‍ മുതല്‍ വൃദ്ധകള്‍ വരെയുള്ള ഒരു സമൂഹം വര്‍ഗീസിനൊപ്പം ചേരുകയായിരുന്നു. അടിമകളാക്കി ആദിവാസികളെ ചൂഷണം ചെയുന്ന മാടമ്പിമാര്‍ക്കെതിരെ ധീരമായി പോരുതിയവന്‍. അതുകൊണ്ടായിരിക്കാം ആദിവാസികള്‍ വര്‍ഗീസിനെ രക്ഷകനായി കണ്ടിരുന്നത്. അഥവാ ദൈവം (അടിയോരുടെ പെരുമന്‍) ആയി കണ്ടിരുന്നത്.
വിദ്യാര്‍ത്ഥി ആയിരികുമ്പോള്‍ തന്നെ സംഘടനാ പ്രവര്‍ത്തനം ആരംഭിക്കുകയും കെ.എസ്.വൈ.എഫ് മാനന്തവാടി ഏര്യാ സെക്രട്ടറിയും സി.പി.ഐ.എം. കണ്ണൂര്‍ ജില്ല ഓഫീസ് സെക്രട്ടറിയും ആയി പ്രവര്‍ത്തിക്കുകയും ചെയ്ത വര്‍ഗീസ് അക്കാലത്തു രൂപപ്പെട്ട വിപ്ലവ കമ്മ്യൂണിസ്റ്റ് ധാരയുടെ ഭാഗമായി മാറുകയാണുണ്ടായത്. ഇത് പില്‍കാലത്ത് നക്‌സലൈറ്റ് പ്രസ്ഥാനമായി അറിയപ്പെടുകയാണ് ഉണ്ടായിട്ടുളത്. എം.വി.രാഘവന്റെ പ്രിയ സഖാവായിരുന്ന വര്‍ഗീസിനെ പിന്നീട് കേരളം അറിയുന്നത് പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്തയിലൂടെയാണ്. എന്നാല്‍ അത് ഒരു ഏറ്റുമുട്ടല്‍ കൊലപാതകമായിരുന്നില്ല എന്നും ഭരണകൂടം വേട്ടയാടി കൊലപ്പെടുത്തുകയായിരുന്നു എന്നും വര്‍ഗീസ് കൊലക്കേസിലെ ഒന്നാം പ്രതിയും സി.ആര്‍.പി.എഫ് കൊണ്‍സ്റ്റബിളും ആയിരുന്ന രാമചന്ദ്രന്‍ നായര്‍ വെളിപ്പെടു
അതുവരെ നാം കരുതിയിരുന്നത് ഏറ്റുമുട്ടല്‍ കൊലപാതകം തന്നെയാണതെന്ന് തന്നെയാണ്. ഒരുപക്ഷെ ഇന്ന് ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നമുക്ക് ഒരു വാര്‍ത്തയെ അല്ലാതായി മാറിയിട്ടുണ്ട്. എന്നാല്‍ അക്കാലത്തു വര്‍ഗീസ് വധം ഏറ്റുമുട്ടല്‍ കൊലപാതകമാണെന്ന പോലീസ് ഭാഷ്യവും അന്ന് അതേറ്റുപിടിച്ച പത്ര മാധ്യമങ്ങളും ഇടതുവലതു രാഷ്ട്രീയ പ്രസ്ഥാനങ്ങളും പൊതുവില്‍ സായുധ വിപ്ലവകാരികള്‍ എന്നറിയപ്പെട്ടിരുന്ന നക്‌സലൈറ്റുകളും അത് മൂടിവേയ്ക്കുന്നതില്‍ പൂര്‍ണമായോ ഭാഗികമായോ പങ്കാളിയാവുകയുമാണ് ഉണ്ടായിട്ടുള്ളത്. ഒരു രക്തസാക്ഷി സമൂഹത്തിന്റേതാണെന്ന തിരിച്ചറിവില്ലാതെ പോകുകയായിരുന്നു. ഒരു കാമ്മ്യൂണിസ്റ്റുകാരന്റെ കൊലപാതകം മൂടിവേയ്ക്കപ്പെടുന്നത് പുതുമയുള്ള കാര്യം അല്ല എങ്കിലും ജനാധിപത്യ ശക്തികള്‍ അത് ഏറ്റെടുക്കാതെ പോയത് വേദനാ ജനകമായിരുന്നു.
നാം കടന്നു വന്ന വഴികളിലെല്ലാം ആയിരക്കണക്കിന് സമര ചരിത്രങ്ങളും എണ്ണമറ്റ രക്തസാക്ഷിത്വങ്ങളും ഉണ്ടായിട്ടുണ്ട്. അവര്‍ വിമോചിതമായൊരു ഇന്ത്യയെ സ്വപ്നം കണ്ടിരുന്നു. നാളെയുടെ സ്വപ്നങ്ങള്‍ക്ക് ഇന്നലെയുടെ പൊള്ളുന്ന യാഥാര്‍ത്ഥ്യത്തില്‍ കലഹിച്ചവരെ, ജീവിതം പൂപോലെ ഇറുത് നല്‍കിയവരെ ഓര്‍ക്കുന്നത്, ഓര്‍മ്മകള്‍ സൂക്ഷിക്കുന്നത് അപമാനകരമായ ബോധമായി, മലയാളികളുടെ മനസിലേയ്ക്ക് കടന്നു കയറിയോ? ആ ധീരന്മാരുടെ സ്വപ്‌നങ്ങല്‍ക്കേറ്റ ക്ഷതം നമുക്ക് വേദനയാണെന്നു തിരിച്ചറിയുന്ന ഒരു സമൂഹത്തിന് മാത്രമേ അവരെ മുക്കിക്കൊന്ന രാക്ഷസക്കൂട്ടങ്ങളോട് കലഹിക്കാനും പോരാടാനും കഴിയൂ.
Key Words: A Vargheese, Com. Vargheese, Naxalites, Adiyorude Peruman, Martyier Vargheese
Malayalam News