തനിക്കെതിരായ നീക്കം മുഖ്യമന്ത്രിയുടെ അറിവോടെ;ഉമ്മന്‍ ചാണ്ടിക്കെതിരെ വിമര്‍ശവുമായി എ.വി ജോര്‍ജ്
Kerala
തനിക്കെതിരായ നീക്കം മുഖ്യമന്ത്രിയുടെ അറിവോടെ;ഉമ്മന്‍ ചാണ്ടിക്കെതിരെ വിമര്‍ശവുമായി എ.വി ജോര്‍ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd September 2013, 11:03 am

[]എറണാകുളം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വിമര്‍ശവുമായി എം.ജി സര്‍വകലാശാല വി.സി എ.വി ജോര്‍ജ്.

തനിക്കെതിരായ നീക്കം മുഖ്യമന്ത്രിയുടെ അറിവോടെയാണ് എ.വി ജോര്‍ജ് വ്യക്തമാക്കി. ഇത് തടയാന്‍ മുഖ്യമന്ത്രി നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. []

തന്നെ നീക്കാനുള്ള ശ്രമത്തിന് കീഴടഭങ്ങില്ല. ചീഫ് സെക്രട്ടറിയുടെ നിലപാട് നിക്ഷിപ്ത താത്പര്യത്തോ ടെയാണെന്നും അദ്ദേഹം പ്രതികരിച്ചു.

എ.വി ജോര്‍ജിനെതിരെ നടപടിക്ക് ഇന്നാണ് ചീഫ് സെക്രട്ടറി ശുപാര്‍ശ ചെയ്തത്.

വൈസ് ചാന്‍സലറുടെ നിയമനം മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്നും തസ്തികകള്‍ സൃഷ്ടിച്ചതിലും ഓഫ് ക്യാമ്പസ് സെന്ററുകള്‍ അനുവദിച്ചതിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷനാണ് വി.സിക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നേരത്തെ തന്നെ വിവാദത്തിലായ വൈസ് ചാന്‍സലറുടെ പല നടപടി ക്രമങ്ങളിലും ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി നടപിക്ക് ശുപാര്‍ശ ചെയ്തത്. ഈ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കൈമാറിയിട്ടുണ്ട്.

എം.ജി സര്‍വ്വകലാശാലാ വൈസ്  ചാന്‍സലര്‍ സ്ഥാനത്ത് നിന്ന തന്നെ നീക്കാന്‍ കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് ശ്രമിക്കുന്നുണ്ടെന്ന് വി.സി. ഇന്നലെ ആരോപിച്ചിരുന്നു.

വി.സിയായി ചാര്‍ജ്ജെടുത്ത അന്ന് തുടങ്ങിയതാണ് ഇത്തരം നീക്കങ്ങളെന്നും എന്നാല്‍ ഈ ശ്രമത്തിന്റെ പേരില്‍ താന്‍ വൈസ് ചാന്‍സലര്‍ സ്ഥാനത്ത നിന്ന് ഇറങ്ങിപ്പോകില്ലെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.

സര്‍ക്കാര്‍ ചിറ്റമ്മ നയമാണ് സര്‍വ്വകലാശാലയോട് സ്വീകരിക്കുന്നത്. എം.ജിയേടും കേരളയോടും രണ്ട് സമീപനമാണ് സര്‍ക്കാരിനുള്ളത്. സര്‍വ്വകലാശാലയുടെ ഗ്രാന്റ് തടഞ്ഞതായി അറിയിപ്പ് ലഭിച്ചിട്ടില്ല.

സര്‍വ്വകലാശാലക്ക് ഗ്രാന്റ് നിഷേധിക്കുന്നത് കടുത്ത സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. ഉന്നതവിദ്യഭ്യാസ വകുപ്പ അഡീഷണല്‍ ചീഫ് സെക്രട്ടറി സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും വി.സി. പറഞ്ഞു.

സര്‍ക്കാര്‍ ഗ്രാന്റ് എല്ലാ സര്‍വ്വകലാശാലകള്‍ക്കും ഒരു പോലെയാകണമെന്നും രണ്ട് മാസത്തിനകം ഗ്രാന്റ് ലഭിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും വി.സി. വ്യക്തമാക്കി.

സര്‍ക്കാരിന്റെ അനുമതിയില്ലാതെ 56 തസ്തികകള്‍ തുടങ്ങിയിരുന്നു. ഈ തസ്തികകള്‍ നിര്‍ത്തലാക്കിയാല്‍ മാത്രമേ ഗ്രാന്റ് നല്‍കൂ എന്നാണ് സര്‍ക്കാര്‍ നിലപാട്.എന്നാല്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ചതില്‍ അപാകതയില്ലെന്നും നടപടിക്രമങ്ങളില്‍ വീഴ്ച പറ്റിയിട്ടില്ലെന്നുമാണ് വി.സിയുടെ നിലപാട്.