| Wednesday, 29th July 2020, 10:07 am

'ഖിലാഫത്തിനായി ഒരുമിക്കൂ ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോള്‍?', വിവാദമായി തുര്‍ക്കി മാഗസിന്‍, ഹയ സോഫിയയ്ക്ക് ശേഷം തുര്‍ക്കിയില്‍ നടക്കുന്നതെന്ത്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചരിത്ര സ്മാരകമായ ഹയ സോഫിയ മുസ്ലിം പള്ളിയാക്കിയതിനു ശേഷം തുര്‍ക്കിയില്‍ വിവാദങ്ങള്‍ തുടര്‍കഥയാവുന്നു. തുര്‍ക്കി സര്‍ക്കാഅനുഭാവമുള്ള മാഗസിന്റെ പരാമര്‍ശത്തെ ചൊല്ലിയാണ് ഇപ്പോള്‍ വിവാദം.

ഖിലാഫത്ത് പുനസ്ഥാപിക്കേണ്ട സമയം അതിക്രമിച്ചെന്നാണ് മാഗസിന്റെ കവര്‍ പേജില്‍ എഴുതിയിരിക്കുന്നത്.

‘ ഖിലാഫത്തിനായി ഒരുമിക്കൂ, ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ്? നിങ്ങളല്ലെങ്കില്‍ പിന്നെ ആരാണ്? മാഗസിന്‍ കവര്‍ പേജില്‍ എഴുതിയിരിക്കുന്നു.

ഗെര്‍മെക് ഹയാത് എന്നാണ് മാഗസിന്റെ പേര്. ഓട്ടോമന്‍ കാലഘട്ടത്തിലെ പതാകയുടെ ചുവപ്പുനിറത്തിലാണ് മാഗസിന്റെ കവര്‍ പേജ്. പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍ രാജ്യത്തെ ചരിത്ര സ്മാരകമായ ഹയ സോഫിയ മസ്ജിദാക്കിയതിനു ശേഷം തുര്‍ക്കി സ്വതന്ത്രമായെന്നും മാഗസിന്‍ പറയുന്നു.
മാഗസിന് 10000 വരിക്കാരാണ് നിലവില്‍ ഉള്ളത്.

അതേസമയം മാഗസിനെതിരെ രാജ്യത്തെ ഭരണപാര്‍ട്ടിയായ എ.കെ.പി തന്നെ വിമര്‍ശമനുമുന്നയിച്ചിട്ടുണ്ട്.

‘ തുര്‍ക്കി റിപ്പബ്ലിക് നിയമവാഴ്ചയുള്ള ഒരു ജനാധിപത്യ മതേതര രാഷ്ട്രമാണ്,’

‘നമ്മുടെ രാഷട്രീയ ഭരണത്തെക്കുറിച്ച് ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന അനാരോഗ്യകരമായ ചര്‍ച്ചയും ധ്രുവീകരണവും തുര്‍ക്കിയുടെ അജണ്ടയിലില്ല,’ പാര്‍ട്ടി പ്രതിനിധി ട്വീറ്റ് ചെയ്തു.

മാഗസിനെതിരെ അങ്കാര ബാര്‍ കൗണ്‍സില്‍ ക്രിമിനല്‍ പരാതി ഫയല്‍ ചെയ്തിട്ടുണ്ട്. തുര്‍ക്കി റിപ്പബ്ലിക്കിനെതിരെ സായുധ കലാപം നിരോധിക്കുന്ന നിയമം ലംഘിച്ചെന്നും ജനങ്ങളെ അക്രമത്തിന് പ്രോത്സാഹിപ്പിക്കുന്നെന്നുമാണ് പരാതിയില്‍ ഉള്ളത്. തുര്‍ക്കിയിലെ നിരവധി പത്രമാധ്യമങ്ങള്‍ മാഗസനിനെതിരെ രംഗത്തു വന്നിട്ടുണ്ട്. രാജ്യത്ത് ട്വിറ്ററില്‍ വിഷയം ട്രെന്‍ഡിംഗാണ്.

ഹയ സോഫിയ മസ്ജിദാക്കിയതിനു ശേഷം രാജ്യത്ത് സമാനമായ വിവാദങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. 86 വര്‍ഷത്തിനു ശേഷം ഹയ സോഫിയയില്‍ ആദ്യ മുസ്ലിം പ്രാര്‍ത്ഥന കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിനിടയില്‍ തുര്‍ക്കിയിലെ മതകാര്യ വകുപ്പിന്റെ തലവനായ പുരോഹിതന്‍ അലി എര്‍ബസ് നടത്തിയ വിവാദ പ്രസ്താവനയാണ് വിവാദമായത്. ഞങ്ങളുടെ വിശ്വാസത്തിന്റെ കീഴില്‍ വരുന്ന ഏത് വസ്തുവകകളും തൊടുന്നവര്‍ കത്തും എന്നാണ് രാജ്യത്തെ പ്രധാന മതപുരോഹിതന്‍ പറഞ്ഞത്. ‘കൈവശം വെച്ചിരിക്കുന്ന എല്ലാ വസ്തുവകകളും ഞങ്ങളുടെ വിശ്വാസത്തില്‍ അലംഘനീയമാണ്, അത് തൊടുന്നവര്‍ കത്തും. ഇത് ലംഘിക്കുന്നവര്‍ ശപിക്കപ്പെടും,’

ഇപ്പോഴത്തെ റിപബ്ലിക് ഓഫ് തുര്‍ക്കിയുടെ സ്ഥാപകനും ഹയ സോഫിയയെ 1934 ല്‍ മുസ്ലിം പള്ളിയാക്കുന്നതില്‍ മുന്നില്‍ നില്‍ക്കുകയും ചെയ്ത മുസ്തഫ കമാല്‍ അത്തതുര്‍ക്കിനെ ഉദ്ദേശിച്ചാണ് ഇമാമിന്റെ പരാമര്‍ശമെന്നാണ് പരക്കെ ഉയരുന്ന വിമര്‍ശനം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more