| Wednesday, 5th February 2020, 11:32 am

അയോധ്യഭൂമിയില്‍ രാമക്ഷേത്രമല്ലാതെ മറ്റൊരു നിര്‍മ്മാണ പ്രവര്‍ത്തനത്തിന് വിട്ടുനല്‍കില്ല; ട്രസ്റ്റ് രൂപീകരിച്ച് കേന്ദ്രസര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം രൂപീകരിക്കുന്നതിനായി ട്രസ്റ്റ് രൂപീകരിച്ചു. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര എന്ന പേരിലാണ് ട്രസ്റ്റ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ലോക്‌സഭയില്‍ ഇക്കാര്യം അറിയിച്ചത്.

രാമക്ഷേത്ര നിര്‍മ്മാണത്തിനായി ട്രസ്റ്റിന് പൂര്‍ണ്ണ സ്വാതന്ത്യം ഉണ്ടാവും.

ഇന്ന് രാവിലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി ഇത്തരമൊരു പ്രഖ്യാപനം നടത്തുന്നത്. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം നിലനില്‍ക്കെയാണ് പ്രഖ്യാപനമെന്നതും പ്രസക്തമാണ്. ലോകസഭയുടെ അജണ്ടയില്‍ ഇത് നേരത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. പിന്നീട് ഇത് അജണ്ടയില്‍ ഉള്‍പ്പെടുത്തികൊണ്ട് പ്രധാനമന്ത്രി തന്നെ ഇത്തരമൊരു പ്രഖ്യാപനം നടത്തുകയായിരുന്നു.

അയോധ്യയിലെ മുഴുവന്‍ ഭൂമിയും ഈയൊരു ട്രസ്റ്റിന് നല്‍കുന്നുവെന്നതും വളരെ പ്രസക്തമാണ്. 67 ഏക്കര്‍ ഭൂമിയിലും മറ്റാര്‍ക്കും എന്തെങ്കിലും ഒരു നിര്‍മ്മാണ പ്രവര്‍ത്തനത്തിന് നല്‍കേണ്ടതില്ലെന്നതാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം.

അയോധ്യയില്‍ രാമക്ഷേത്രം പണിയുകയാണെങ്കില്‍ സമാജ്വാദി പാര്‍ട്ടി അംഗങ്ങള്‍ ബാബ്റി മസ്ജിദ് നിര്‍മ്മിക്കുമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവും എം.എല്‍.എയുമായ അബു ആസിം ആസ്മിയുടെ മകനായ ഫര്‍ഹാന്‍ ആസ്മി പ്രഖ്യാപിച്ചിരുന്നു.

40 ദിവസം നീണ്ട വാദപ്രതിവാദങ്ങള്‍ക്കു ശേഷമാണ് അയോധ്യാക്കേസില്‍ വിധിപ്രഖ്യാപിച്ചത്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ഭരണഘടനാബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

തര്‍ക്കഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണം, മുസ്ലീങ്ങള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമി നല്‍കും, ഭൂമി കൈകാര്യം ചെയ്യാനായി പ്രത്യേക ട്രസ്റ്റ് മൂന്നു മാസത്തിനുള്ളില്‍ രൂപീകരിക്കും, കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി ഉചിതമായ സ്ഥലത്ത് നല്‍കും, എല്ലാവരുടേയും വിശ്വാസവും ആരാധനയും അംഗീകരിക്കണമെന്നും കോടതിക്ക് തുല്യത കാണിക്കേണ്ടതുണ്ടെന്നും വിധിന്യായത്തിനിടെ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more