വയനാട്ടിൽ ആദിവാസി യുവാവിനോട് ക്രൂരത; കാറില്‍ അര കിലോമീറ്ററിലേറെ വലിച്ചിഴച്ചു
Kerala News
വയനാട്ടിൽ ആദിവാസി യുവാവിനോട് ക്രൂരത; കാറില്‍ അര കിലോമീറ്ററിലേറെ വലിച്ചിഴച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th December 2024, 8:58 am

മാനന്തവാടി: വയനാട്ടിൽ ആദിവാസി യുവാവിനോട് ക്രൂരത. യുവാവിനെ അരക്കിലോമീറ്ററോളം വാഹനത്തിൽ വലിച്ചിഴച്ചു. കൂടൽകടവ് ചെമ്മാട് നഗറിലെ മാതനെയാണ് റോഡിലൂടെ അരകിലോമീറ്ററോളം വലിച്ചിഴച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.  ഇന്നലെ വെെകിട്ട് 5.30 ഓടെയാണ് സംഭവം.

മാനന്തവാടി പുൽപള്ളി റോഡിലാണ് സംഭവം. KL 52 H 8733 എന്ന കാറിലാണ് സംഘമെത്തിയത്. ഇവരെ പിടികൂടാനായില്ല. സംഭവത്തിൽ അരയ്ക്കും കൈകാലുകൾക്കും സാരമായി പരിക്കേറ്റ മാതനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

കൂടൽ കടവ് ചെക്ക് ഡാം കാണാൻ എത്തിയ വിനോദ സഞ്ചാരികളുമായുണ്ടായ വാക്ക് തർക്കമാണ് മാതനെ റോഡിലൂടെ വലിച്ചിഴക്കാൻ കാരണമെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. രണ്ട് കാറുകളിൽ എത്തിയ വിനോദ സഞ്ചാരികളാണ് വലിച്ചിഴച്ചതെന്നും നാട്ടുകാർ പറയുന്നു.

സംഭവത്തില്‍ ആര്‍.സി ഉടമയെ തിരിച്ചറിഞ്ഞു. കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റിയാസാണ് വാഹനത്തിന്റെ ആര്‍ സി ഉടമയെന്നാണ് രേഖകളില്‍ നിന്നും ലഭിച്ചത്. എന്നാല്‍ സംഭവം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് റിയാസ് ആണോ എന്നതില്‍ വ്യക്തതയില്ല. അഞ്ച് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മൂന്നുപേര്‍ പിറകിലും രണ്ട് പേര്‍ മുന്‍സീറ്റിലുമായിരുന്നുവെന്നാണ് വിവരം.

 

 

Content Highlight: A tribal youth was dragged in a vehicle in Wayanad