കളമശ്ശേരി: എറണാകുളം ജില്ലയിലെ സി.പി.ഐ.എമ്മില്‍ മറ്റെവിടേയുമില്ലാത്ത പല തെറ്റായ പ്രവണതകളും നിലനില്‍ക്കുന്നതായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പിറവത്തും പെരുമ്പാവൂരിലും ഉണ്ടായത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത വീഴ്ചയാണെന്ന് കോടിയേരി പറഞ്ഞു.
സി.പി.ഐ.എം എറണാകുളം ജില്ല സമ്മേളനം അവസാനിരിക്കെയാണ് കോടിയേരിയുടെ വിമര്‍ശനമുണ്ടായിരിക്കുന്നത്.
മറ്റു ജില്ലകളിലില്ലാത്ത പ്രവണത എറണാകുളത്ത് കാണുന്നുണ്ട്. എറണാകുളം വലിയ നഗരമായി വളരുകയാണ്. ഇതിന്റെ കൂടെ ഉണ്ടാകുന്ന തെറ്റായ പ്രവണതകള്‍ക്ക് പിന്നാലെ പാര്‍ട്ടി പോവാന്‍ പാടില്ല. പണപ്പിരിവിലടക്കം ഈ കാര്യങ്ങള്‍ പാര്‍ട്ടി ശ്രദ്ധിക്കണം.
പാര്‍ട്ടിക്കുള്ളില്‍ തന്നെ പാര്‍ലമെന്ററി വ്യാമോഹം വളര്‍ന്നിരിക്കുകയാണ്. നഗരവത്കരണം ശക്തമാവുമ്പോള്‍ അതിന്റെ ഭാഗമായി ഉണ്ടാവുന്ന അധോലോക സംഘങ്ങളും റിയല്‍ എസ്‌റ്റേറ്റ് മാഫിയകളുമായി ഒരുവിധത്തിലുള്ള ബന്ധവും പാര്‍ട്ടി അംഗങ്ങള്‍ക്ക് ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കോടിയേരി പറഞ്ഞു.
വിവിധ തരത്തിലുള്ള മാഫിയകളുമായി പാര്‍ട്ടിക്ക് ഒരുതരത്തിലുള്ള ബന്ധവും ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃപ്പൂണിത്തുറ നഷ്ടപ്പെടുത്തിയത് വലിയ വീഴ്ച്ചയാണ്. സ്വതന്ത്ര സ്ഥാനാര്‍ഥിയില്‍ നിന്ന് പണം വാങ്ങുന്നത് പാര്‍ട്ടിയില്‍ മുമ്പ് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്.
പോരായ്മകള്‍ മനസിലാക്കി ഇടപെടാന്‍ ജില്ല നേതൃത്വത്തിന് സാധിച്ചിട്ടില്ല. മുതിര്‍ന്ന നേതാക്കള്‍ പോലും പ്രലോഭനങ്ങള്‍ക്ക് വഴിപ്പെടുന്ന അവസ്ഥയാണുള്ളത്. എന്നും പാര്‍ട്ടിയില്‍ തിരുത്തല്‍ അനിവാര്യമാണെന്നും കോടിയേരി പറഞ്ഞു.
സ്വതന്ത്ര സ്ഥാനാര്‍ഥിയില്‍ നിന്ന് പണം വാങ്ങിയത് പാര്‍ട്ടിയില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്നും അത് ഒരുതരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രിയും പറഞ്ഞിരുന്നു.
അടുത്തകാലത്ത് മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പാര്‍ട്ടി എടുത്ത അച്ചടക്ക നടപടികള്‍ ആവേശത്തോടെയാണ് സമ്മേളനം സ്വീകരിച്ചതെന്ന് എറണാകുളം ജില്ല പാര്‍ട്ടി സെക്രട്ടറി സി.എന്‍. മോഹനന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, ഏരിയ കമ്മിറ്റികള്‍ ലയിപ്പിച്ചപ്പോള്‍ വേണ്ട പരിഗണന കിട്ടിയില്ലെന്ന് സി.പി.ഐ.എം ജില്ല സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഏരിയ കമ്മിറ്റികള്‍ ലയിപ്പിച്ചപ്പോള്‍ അതിരുകള്‍ നിശ്ചയിച്ചതിലെ അപാകത, കമ്മിറ്റികള്‍ ഒന്നിപ്പിക്കുന്നതിനായി സ്വീകരിച്ച മാനദണ്ഡം എന്നിവയെക്കുറിച്ചും വിമര്‍ശനമുയര്‍ന്നിരുന്നു.