മക്കുവള്ളി. . , ഇടുക്കിയില്‍ അധികമാരും എത്തിപ്പിടിക്കാത്ത ഇടം. ഇരുവശങ്ങളിലും കൊക്കോ മരങ്ങള്‍ പഴുത്തു നില്‍ക്കുന്നതിനിടയിലൂടെ പകുതി ദൂരം വണ്ടിയിലും ബാക്കി നടന്നും ഇവിടേയ്ക്ക് എത്താം. കാടുകയറാന്‍ ആവേശമുള്ളവര്‍ക്ക് 15 മിനിറ്റ് റോഡില്‍ നിന്നും നടന്നാല്‍ കാട് കണ്ട് തുടങ്ങാം.
നാല് വശവും മലനിരകളും വനവുമാണ്. അതിനാല്‍, ശരിക്കും ഒറ്റപ്പെട്ട സ്ഥലമാണ് മക്കുവള്ളി.
കളങ്കമറിയാത്ത കാടും അതിന്റെ പച്ചപ്പും കുളിര്‍മ്മയും എല്ലാം ആവോളം ആസ്വദിക്കാന്‍ സാധിക്കുന്ന സ്ഥലമാണിവിടം. ഉള്‍ക്കാടുകളുടെ ചീവീടൊച്ചകള്‍ക്ക് കാതോര്‍ത്തിരിക്കാന്‍ പറ്റിയ ഇടം.
ട്രക്കിംഗിനിടെ വിശ്രമിക്കാന്‍ പ്രകൃതി തന്നെ ഒരുക്കിയ കസേരയുടെ ആകൃതിയിലുള്ള കല്ല്. ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ അപകടകരമായ കാട്ടുപാതയിലൂടെ മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാം. വേനല്‍ക്കാലത്താകട്ടെ, ഈ പാറകളില്‍ മക്കുവള്ളിയിലേയ്ക്ക് എങ്ങനെയെത്താം എന്നതിന്റെ ഭൂപടം കോറിയിട്ടിരിക്കുന്നത് കാണാം. ശരിക്ക് പറഞ്ഞാല്‍, ഇടുക്കി-ചെറുതോണി മാപ്പാണ് ഇത്. അതില്‍ പേരുകള്‍കളും രേഖപ്പെടുത്തിയിരിക്കുന്നു.
ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ കാട്ടരുവിയും വെള്ളച്ചാട്ടവും വേനലിലും മഴയിലും പ്രത്യേക അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. വഴുക്കന്‍ പാറകളിലൂടെ സൂക്ഷിച്ച് നടന്ന് വീണ്ടും മുകളിലേയ്ക്ക്. . . വേണമെങ്കില്‍ പകുതി വരെയെത്താന്‍ ജീപ്പുകള്‍ ലഭ്യമാണ്. നടന്നാല്‍ അട്ടകളെ നന്നായി കരുതിയിരിക്കണം. ആനയിറക്കമാണ് മറ്റൊരു ഭയം. ചീവീടുകളുടെ ശബ്ദം വല്ലാത്തൊരു അനുഭവമാണ്.
മക്കുവള്ളി കടന്നാല്‍ പാല്‍ക്കുളംമേടാകും. മൂന്ന് മണിക്കൂറോളം അധികം നടക്കണം അങ്ങോട്ടേയ്‌ക്കെത്താന്‍. ഭീമന്റെ കാല്പ്പാട് പതിഞ്ഞ ഇടം എന്ന് പ്രദേശവാസികള്‍ വിശ്വസിക്കുന്ന, അധികം ആര്‍ക്കും അറിയാത്ത ഒരു പാറയും അതില്‍ കാല്പ്പാദത്തിനോട് ഉപമിക്കാവുന്ന ഒരു കുഴിയുമുണ്ട്.
നഗരംമുടി മലയാണ് മറ്റൊന്ന്, അതിന് മുകളില്‍ കയറിയാല്‍ സമീപപ്രദേശത്തെ നഗരങ്ങളെല്ലാം കാണാന്‍ സാധിക്കും.
കാടിനെ അടുത്തറിയാന്‍ ചീവീടുകളല്ലാത്ത മറ്റ് ശബ്ദങ്ങളൊന്നും ഇല്ലാത്ത, ശല്യങ്ങളൊന്നും ഇല്ലാത്ത ഇടമാണിത് എന്ന കാര്യത്തില്‍ സംശയമില്ല. ഉള്‍ക്കാടുകളിലെ ശബ്ദങ്ങള്‍ വേര്‍തിരിക്കാന്‍ ശ്രമിക്കുന്നത് തന്നെ വല്ലാത്ത അനുഭവമാണ്.