| Sunday, 26th May 2019, 3:31 pm

വട്ടവടയെന്ന കാര്‍ഷിക ഗ്രാമത്തിലൂടെ ഒരു സഫാരി പോകാം

പൊന്നു ടോമി

ഇത് വട്ടവട . കേരളത്തിന്റെ പച്ചപ്പ് നിറഞ്ഞ ഒരു കാര്‍ഷിക ഗ്രാമം. മുന്നാറില്‍ നിന്നും കുറച്ച് മാറി തമിഴ്‌നാടിനോട് ചേര്‍ന്നു കിടക്കുന്ന ഈ ഗ്രാമത്തിന്റെ സൗന്ദര്യം മുന്നാറില്‍ പോകുന്ന അധികം ആരും ആസ്വദിക്കാന്‍ ശ്രമിയ്ക്കാറില്ല.

മൂന്നാറില്‍ നിന്ന് അടിമാലി, കുണ്ടല, ടോപ്പ് സ്റ്റേഷന്‍ വഴി 45 കിലോമീറ്ററുണ്ട് വട്ടവടയ്ക്ക്. പോകും വഴി ടോപ്പ് സ്റ്റേഷന്‍ പിന്നിട്ടാല്‍ ചെറിയൊരു ഭാഗം തമിഴ്‌നാടിന്റേതാണ്. ശേഷം വീണ്ടും കേരളം.
മൂന്നാര്‍ മേഖലയിലെ മറ്റു പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി തേയില കൃഷിക്കല്ല ഇവിടെ പ്രാധാന്യം നല്‍കിയിരിക്കുന്നത്. വട്ടവടയിലെ മലഞ്ചരിവുകളില്‍ വ്യത്യസ്ത ഇനം പച്ചക്കറികള്‍ കൃഷി ചെയ്തിരിക്കുന്നത് കാണാം. വട്ടവടയിലെ വെളുത്തുള്ളി ഫെയ്മസാണ്. മൂന്നാറിന്റെ തനത് കാഴ്ച്ചയായ തേയിലത്തോട്ടങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ പച്ചക്കറി കൃഷി തന്നെയാണ് വട്ടവടയെ വേറിട്ടതാക്കുന്നത്.

സമുദ്ര നിരപ്പില്‍ നിന്ന് ആറായിരത്തി അഞ്ഞൂറ് അടി ഉയരത്തിലാണ് സഞ്ചാരികളുടെ ശ്രദ്ധ ഏറെ പതിഞ്ഞിട്ടില്ലാത്ത ഈ ഹില്‍ സ്റ്റേഷന്‍ നില കൊള്ളുന്നത്. പച്ചക്കറി കൃഷി ചെയ്യുന്ന താഴ്വാരങ്ങള്‍ക്കപ്പുറം യൂക്കാലി, പൈന്‍ തുടങ്ങിയ മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്നു. വ്യത്യസ്ത നിറങ്ങളിലും വലുപ്പത്തിലുമുള്ള അപൂര്‍വ്വ ചിത്രശലഭങ്ങളുടെയും പക്ഷികളുടെയും താവളം കൂടിയാണ് ഈ മനോഹരഗ്രാമം.

ട്രക്കിംഗിനും അനുയോജ്യമായ പ്രദേശമാണിത്. ഇവിടെ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് ട്രക്കിംഗ് നടത്താം. കൊടൈക്കനാല്‍, മാട്ടുപെട്ടി, ടോപ്സ്റ്റേഷന്‍, കാന്തല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഇവിടെ നിന്ന് കാനനപാതകളുണ്ട്. മലനിരകളിലൂടെ സാഹസികമായ ജീപ്പ് സഫാരി, ബൈക്ക് യാത്ര, വനത്തിനുള്ളില്‍ താമസം തുടങ്ങി സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി വട്ടവട ഒട്ടേറെ അനുഭവങ്ങള്‍ കാത്തു വച്ചിരിക്കുന്നു.

കാര്‍ഷിക ഗ്രാമം ആയതിനാല്‍ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് അവയൊക്കെ മിതമായ നിരക്കില്‍ വാങ്ങാനും സാധിക്കും.എറണാകുളത്തു നിന്നും കോട്ടയത്തു നിന്നും റോഡു മാര്‍ഗ്ഗം ഇവിടെ എത്തിച്ചേരാവുന്നതാണ്.
അപ്പോള്‍ ഇനി മൂന്നാര്‍ ട്രിപ്പ് പ്ലാനിടുമ്പോള്‍ വട്ടവടയെ മറക്കണ്ട.

പൊന്നു ടോമി

We use cookies to give you the best possible experience. Learn more