ന്യൂദല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാമത്തെ യോഗം ജൂലൈ 18ന് ബെംഗളൂരുവില്‍ നടക്കും. യോഗത്തില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പങ്കെടുക്കും. ആം ആദ്മി പാര്‍ട്ടി ഉള്‍പ്പെടെ 24 പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുക്കുക എന്നാണ് റിപ്പോര്‍ട്ട്. ജൂലൈ 17ന് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ബെംഗളൂരുവിലേക്ക് സോണിയ ഗാന്ധി അത്താഴവിരുന്നിന് ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം.
നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ആദ്യ യോഗത്തില്‍ 15 പാര്‍ട്ടികളായിരുന്നു പങ്കെടുത്തിരുന്നത്. എന്നാല്‍ തിങ്കളാഴ്ച നടക്കുന്ന യോഗത്തില്‍ എട്ട് പാര്‍ട്ടികള്‍ കൂടി പങ്കെടുക്കുമെന്നാണ് വിവരം. മരുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എം.ഡി.എം.കെ), കൊങ്ങു ദേശ മക്കള്‍ കച്ചി ( കെ.ഡി.എം.കെ), വിരുതൈ ചിരുതൈകള്‍ കച്ചി (വി.സി.കെ), റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി( ആര്‍.എസ്.പി), ഓള്‍ ഇന്ത്യ ഫോര്‍വാര്‍ഡ് ബ്ലോക്ക്, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് (ഐ.യു.എം.എല്‍), കേരള കോണ്‍ഗ്രസ് (ജോസഫ്), കേരള കോണ്‍ഗ്രസ് (മാണി) എന്നീ എട്ട് പാര്‍ട്ടികളാണ് പുതുതായി പങ്കെടുക്കുകയെന്നാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്. 2014 ലെ തെരഞ്ഞെടുപ്പില്‍ കെ.ടി.എം.കെ, എം.ഡി.എം.കെ എന്നീ പാര്‍ട്ടികള്‍ ബി.ജെ.പിയുടെ സഖ്യകക്ഷികള്‍ ആയിരുന്നു.
യോഗത്തിലേക്ക് ക്ഷണിച്ചുകൊണ്ട് മുതിര്‍ന്ന പ്രതിപക്ഷ നേതാക്കള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കത്തയച്ചു. കത്തില്‍ ആദ്യ യോഗത്തെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ‘ജനാധിപത്യ രാഷട്രീയത്തിന് ഭീഷണിയായിട്ടുള്ള വിവിധ വിഷയങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് പോരാടുന്നതിന് ഏകകണ്ഠമായി ധാരണയില്‍ എത്തുന്ന കാര്യത്തിലും യോഗം വിജയകരമായിരുന്നു,’ അദ്ദേഹം കത്തില്‍ പറയുന്നു.
‘ ഇത്തരം ചര്‍ച്ചകള്‍ തുടരേണ്ടത് അത്യാവശ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മുടെ രാജ്യം നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്താനായി നമ്മള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്,’ അദ്ദേഹം കത്തില്‍ പറയുന്നു. അസുഖ ബാധിതനാണെങ്കിലും ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവും ബെംഗളൂരുവില്‍ നടക്കുന്ന യോഗത്തിന് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ബീഹാറിലെ ആദ്യ യോഗത്തിന് ശേഷം ദല്‍ഹി ഓര്‍ഡിനന്‍സില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ രണ്ടാമത് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞിരുന്നു. എന്നാല്‍ മമത ബാനര്‍ജിയും ശരത് പവാറും ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.
Content Highlight: A total of 24 parties are likely to attend the second meeting of the united opposition