കല്‍പ്പറ്റ: വയനാട്ടിലെ പഞ്ചാരക്കൊല്ലിയില്‍ ആദിവാസി സ്ത്രീയെ കടിച്ചുകൊന്ന കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. ആളെക്കൊല്ലി കടുവയെ കണ്ടുപിടിക്കുന്നതിനായി പിലാക്കാവ് ഭാഗത്ത് നടത്തിയ തെരച്ചിലിനിടയിലാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയതെന്നാണ് വിവരം.
പുലര്‍ച്ചെ 2:30യോടെ പരിശോധനയ്ക്കിടെ ഓപ്പറേഷന്‍ സംഘം നടത്തിയ തെരച്ചിലിലാണ് കടുവയെ അവശനിലയില്‍ കണ്ടെത്തിയത്. കടുവയുടെ ശരീരത്തില്‍ ആഴത്തിലുള്ള രണ്ട് മുറിവുകള്‍ ഉണ്ട്. മറ്റൊരു കടുവയുമായുണ്ടായ ഏറ്റുമുട്ടലിലാണ് കടുവ ചത്തതെന്നാണ് നിഗമനം. യഥാര്‍ത്ഥ മരണകാരണം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമെ വ്യക്തമാവുകയുള്ളൂ. വനംമന്ത്രിയുടെ ഓഫീസും കടുവ ചത്ത വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
12:30യോട് കൂടി വനംവകുപ്പ് കടുവയെ സ്‌പോട്ട് ചെയ്ത് മയക്കുവെടി വെക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് കടുവയെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇത് യുവതിയെ ആക്രമിച്ച കടുവ തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. കുപ്പാടി ഫോറസ്റ്റ് ഓഫീസില്‍ വെച്ചാണ് കടുവയുടെ പോസ്റ്റുമോര്‍ട്ടം നടത്തുക.
പഞ്ചാരക്കൊല്ലിയിലെ പ്രിയദര്‍ശനി എസ്റ്റേറ്റിന് സമീപത്ത് വെച്ച് വെള്ളിയാഴ്ച്ചയാണ് കടുവയുടെ ആക്രമണത്തില്‍ രാധ എന്ന സ്ത്രീ ആണ് മരണപ്പെട്ടത്.
ജോലിക്കായി പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. തോട്ടത്തില്‍ കാപ്പി പറിക്കാന്‍ പോയ രാധയെ കടുവ ആക്രമിക്കുകയായിരുന്നു. വെള്ളിയാഴ്ച്ച് രാവിലെയാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ രാധ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.തണ്ടര്‍ബോള്‍ട്ട് സംഘമാണ് മൃതദേഹം ആദ്യം കണ്ടത്.മൃതദേഹം പാതി ഭക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.
രാധയുടെ മരണത്തിന് പിന്നാലെ കടുവയെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവ് വന്നിരുന്നു. ഇത് സംബന്ധിച്ച് ഉത്തരവ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പുറപ്പെടുവിച്ചിരുന്നു. കടുവയെ നേരിടാനായി വിദഗ്ധരായ ഷൂട്ടര്‍മാരെയും വെറ്റിനറി ഡോക്ടര്‍മാരെയും സ്ഥലത്തെത്തിച്ചിരുന്നു.
രാധയെ ആക്രമിച്ചതിന് പുറമെ കടുവയ്ക്കായുള്ള തെരച്ചിലിനിടെ ആര്‍.ആര്‍.ടി അംഗം ജയസൂര്യക്കും കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
Content Highlight: A tiger was found dead in Wayanad