ജയ്പൂര്‍: രാജസ്ഥാനില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസുകാരി ചേതനയെ പത്ത് ദിവസങ്ങള്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തിനുശേഷം പുറത്തെടുത്തു. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ഇന്ന് വൈകീട്ടോടെയാണ് കുട്ടിയെ പുറത്തെടുത്തത്.
കുട്ടിയുടെ ആരോഗ്യനില ഡോക്ടര്‍മാര്‍ പരിശോധിച്ച് വരുകയാണ്. അതിനുശേഷം മാത്രമെ മറ്റ് കാര്യങ്ങള്‍ പറയാനാകൂ. ജില്ലാ ബി.ഡി.എം ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. എ.എസ്.ഐ മഹാവീര്‍ സിങ്ങാണ് പെണ്‍കുട്ടിയെ പുറത്തെത്തിച്ചത്.
രാജസ്ഥാനിലെ കോട്പുത്ലിയില്‍ ഡിസംബര്‍ 23നാണ് പെണ്‍കുട്ടി കുഴല്‍ക്കിണറില്‍ വീഴുന്നത്. 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലാണ് ചേതന കുടുങ്ങിയത്. പിതാവിന്റെ കൃഷിയിടത്തില്‍ കളിക്കുന്നതിനിടെയാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്.
ഉടന്‍ തന്നെ എന്‍.ഡി.ആര്‍.എഫും എസ്.ഡി.ആര്‍.എഫും ചേര്‍ന്ന് കുട്ടിയെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ തുരങ്കം നിര്‍മിച്ച് കുട്ടിയെ പുറത്തെടുക്കാന്‍ വലിയ കല്ലുകള്‍ തടസമായതായി ജില്ലാ കലക്ടര്‍ കല്‍പ്പന അഗര്‍വാള്‍ പറഞ്ഞിരുന്നു.
ഇതിന് മുമ്പ് അഞ്ച് തവണ ചേതനയെ പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതെല്ലാം പരാജയപ്പെട്ടു. കുട്ടിക്ക് എട്ട് ദിവസമായി യാതൊരു അനക്കവും ഉണ്ടായിരുന്നില്ല.
രണ്ടാഴ്ച മുമ്പ് ദൗസ ജില്ലയില്‍ അഞ്ച് വയസുള്ള ആണ്‍കുട്ടി കുഴല്‍ക്കിണറില്‍ വീണിരുന്നു, രക്ഷാപ്രവര്‍ത്തനം 55 മണിക്കൂറിലധികം നീണ്ടുനിന്നു. എന്നിരുന്നാലും, പുറത്തെടുക്കുമ്പോഴേക്കും കുട്ടി മരണപ്പെട്ടിരുന്നു. എന്‍.ഡി.ആര്‍.എഫിന്റെ കണക്കുകള്‍ പ്രകാരം 2009 മുതല്‍ ഇന്ത്യയില്‍ 40 ലധികം കുട്ടികള്‍ കുഴല്‍ക്കിണറില്‍ വീണ് മരിച്ചു.
Content Highlight: A three-year-old girl who fell into a borehole in Rajasthan was pulled out after ten days