കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ മൂന്നുനില കെട്ടിടം തകര്‍ന്ന് വീണു. അപകടത്തില്‍ നാല് പേര്‍ മരണപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 13 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പത്തോളം പേര്‍ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്തെത്തിയ എന്‍.ഡി.ആര്‍.എഫ്, എസ്.ആര്‍.ഡി.എഫ്, ഫയര്‍ഫോഴ്‌സ്, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ലഖ്നൗവിലെ ട്രാന്‍സ്പോര്‍ട്ട് നഗറില്‍ മൂന്നുനില കെട്ടിടമാണ് തകര്‍ന്ന് വീണത്. ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. കെട്ടിടം തകര്‍ന്നതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന ട്രക്കും തകരുകയുണ്ടായി.
കെട്ടിടത്തിന്റെ ബേസ്മെന്റില്‍ പണി നടക്കുന്നതിനിടെയാണ് അപകടം നടന്നത്. ഹര്‍മിലാപ് ബില്‍ഡിങ് എന്നറിയപ്പെട്ടിരുന്ന കെട്ടിടം ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസിനായി ഉപയോഗിച്ചിരുന്നു.
പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിക്കാനും ചികിത്സ ലഭ്യമാക്കാനും ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി.
Content Highlight: A three-storey building collapsed in Lucknow