|

നെടുമ്പാശേരിയില്‍ നിന്ന് പുറപ്പെടേണ്ട വിമാനത്തിന് നേരെയും ബോംബ് ഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട വിമാനത്തിന് നേരെ ബോംബ് ഭീഷണി. കൊച്ചി-ബെംഗളൂരു വിമാനത്തിന് നേരെയാണ് ഭീഷണി ഉയര്‍ന്നത്. ഭീഷണിയെ തുടര്‍ന്ന് വിമാനത്തില്‍ പരിശോധന നടക്കുകയാണ്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഭീഷണി ഉയര്‍ന്നത്.

സേലത്ത് നിന്നെത്തി രാത്രിയോടെ യാത്ര തിരിക്കേണ്ട വിമാനത്തിന് നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്. എക്സിലൂടെയാണ് ഭീഷണി സന്ദേശം ഉയര്‍ന്നത്. തുടര്‍ന്ന് യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവരെ ദേഹപരിശോധനയ്ക്ക് വിധേയരാക്കി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാജ്യത്തെ വിവിധ വിമാന കമ്പനികള്‍ക്ക് നേരെ ഭീഷണി സന്ദേശങ്ങള്‍ ഉയരുകയാണ്.

നിരന്തരമായി ഭീഷണി ഉയരുന്നതില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. വിമാനങ്ങള്‍ക്ക് നേരെ ദിനംപ്രതി വ്യാജഭീഷണി ഉയരുന്ന സാഹചര്യത്തില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി, ആഭ്യന്തര മന്ത്രാലയം ചര്‍ച്ചകള്‍ സജീവമാക്കിയിരുന്നു.

വ്യാജഭീഷണികള്‍ ഉയര്‍ത്തുന്നവരെ കണ്ടെത്തിയാല്‍ ‘നോ ഫ്‌ളൈ ലിസ്റ്റ്’ല്‍ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ ഉണ്ടാകുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി രാം മോഹന്‍ നായിഡു നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്രതികള്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പാക്കാന്‍ വ്യോമയാന ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ മന്ത്രാലയം ശ്രമിക്കുന്നതായും മോഹന്‍ നായിഡു അറിയിച്ചിരുന്നു.

നിലവില്‍ രാജ്യത്തെ വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി തുടരുന്ന പശ്ചാത്തലത്തില്‍ വിമാന കമ്പനികളുടെ സി.ഇ.ഒമാരുമായി ദല്‍ഹിയില്‍ യോഗം നടക്കുകയാണ്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സി.ഇ.ഒ.മാരെ ദല്‍ഹിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

ശനിയാഴ്ച മാത്രമായി വിസ്താര, എയര്‍ ഇന്ത്യ, ഇന്‍ഡിഗോ എന്നിവയുള്‍പ്പെടെ വിവിധ കമ്പനികളുടെ 30ലധികം വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി ഉണ്ടായിട്ടുണ്ട്. ഈ ആഴ്ചയില്‍ ഉടനീളമായി 50ലധികം ഭീഷണി സന്ദേശങ്ങളാണ് വിമാനങ്ങള്‍ക്ക് നേരെ രേഖപ്പെടുത്തിയത്.

Content Highlight: A threat against the flight to take off from Nedumbassery