| Wednesday, 14th June 2023, 11:05 pm

ഞെട്ടിക്കുന്ന സംഭവം; ലേക്ക് ഷോര്‍ ആശുപത്രിക്കെതിരെ സമഗ്ര അന്വേഷണം വേണം: ഡി.വൈ.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ബൈക്കപകടത്തില്‍പ്പെട്ട യുവാവിന് മസ്തിഷ്‌കമരണം സംഭവിച്ചെന്ന് റിപ്പോര്‍ട്ട് നല്‍കി അവയവദാനം ചെയ്‌തെന്ന എറണാകുളം ലേക്ക് ഷോര്‍ ആശുപത്രിയിക്കെതിരായ പരാതിയില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ഡി.വൈ.എഫ്.ഐ.
സംഭവം ഏറെ ഞെട്ടിക്കുന്നതും അതീവ ഗൗരവം ഉള്ളതും ദുരൂഹവുമാണെന്ന് ഡി.വൈ.എഫ്.ഐ പറഞ്ഞു.

വിഷയത്തില്‍ കൃത്യമായ അന്വേഷണം നടത്തി മുഴുവന്‍ വസ്തുതകളും പുറത്തു കൊണ്ട് വരണമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

2009 നവംബര്‍ 29ന് നടന്ന അപകടത്തെ തുടര്‍ന്ന് ഉടുമ്പന്‍ചോല സ്വദേശി വി.ജെ എബിന്‍ എന്ന പതിനെട്ടുകാരന്‍ മരിച്ച സംഭവത്തില്‍ തലയില്‍ കട്ടപിടിച്ച രക്തം നീക്കം ചെയ്യാതെ ആശുപത്രി അധികൃതര്‍ യുവാവിനെ ബോധപൂര്‍വ്വം മസ്തിഷ്‌ക മരണത്തിന് വിട്ടുകൊടുക്കുകയും യുവാവിന്റെ അവയവങ്ങള്‍ മറ്റൊരാള്‍ക്ക് മാറ്റി വെക്കുകയുമായിരുന്നു എന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. അവയവങ്ങള്‍ ദാനം ചെയ്തതില്‍ ചട്ടലംഘനം ഉണ്ടെന്നാണ് പറയപ്പെടുന്നത്.

കേവലം സാമ്പത്തിക ലാഭത്തിനായി ഒരു യുവാവിന്റെ ജീവന്‍ തന്നെ നഷ്ടപ്പെടുത്തിക്കൊണ്ട് മെഡിക്കല്‍ ധാര്‍മികതയ്ക്ക് നിരക്കാത്ത പ്രവര്‍ത്തനമാണ് ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളതെന്നാണ് പരാതിക്കാര്‍ ആരോപിക്കുന്നത്.

സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കൊല്ലം സ്വദേശിയായ ഡോക്ടര്‍ ഗണപതി എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായം പരിഗണിച്ച് പ്രഥമ ദൃഷ്ട്യാ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കോടതി കണ്ടെത്തുകയും തുടര്‍ന്ന് ലേക് ഷോര്‍ ഹോസ്പിറ്റലിനും എട്ട് ഡോക്ടര്‍മാര്‍ക്കും എതിരെ സമന്‍സ് അയക്കുകയും ചെയ്തിട്ടുണ്ട്,’ ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറയുന്നു.

Content Highlight: A thorogh investigation is needed aginst lake shore hospital

We use cookies to give you the best possible experience. Learn more