| Wednesday, 9th May 2018, 9:53 pm

കൗണ്ടി കളിക്കാന്‍ ടെസ്റ്റ് ഒഴിവാക്കിയ കൊഹ്‌ലിയുടെ തീരുമാനം അദ്ഭുതപ്പെടുത്തുന്നുവെന്ന് മൈക്കല്‍ ക്ലാര്‍ക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരം ഒഴിവാക്കി ഇംഗ്ലണ്ടിലേക്ക് കൗണ്ടി കളിക്കാന്‍ പോകുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയുടെ തീരുമാനം അദ്ഭുതപ്പെടുത്തുന്നുവെന്ന് ഓസീസ് മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. ആര്‍ക്കെതിരാണെങ്കില്‍ പോലും ഒരോ ടെസ്റ്റ് മത്സരവും പ്രധാനപ്പെട്ടതാണെന്നും രാജ്യത്തിന് വേണ്ടി കളിക്കുകയെന്നതാണ് സുപ്രധാനമെന്നും ക്ലാര്‍ക്ക് പറഞ്ഞു.

വിരാട് ടെസ്റ്റ് കളിക്കാന്‍ തിരിച്ചു പറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഓസ്‌ട്രേലിയക്ക് വേണ്ടി കളിക്കാന്‍ മറ്റു ടീമുകളില്‍ കളിക്കാനുള്ള അവസരം താന്‍ ഉപേക്ഷിച്ചിരുന്നെന്നും ക്ലാര്‍ക്ക് പറഞ്ഞു. അതേ സമയം ഇംഗ്ലണ്ട് പരമ്പര അടുത്തിരിക്കെ കോഹ്‌ലിയ്ക്ക് കൗണ്ടി അനുഭവം മികച്ച തയ്യാറെടുപ്പായിരിക്കുമെന്നും അത് അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യം വ്യക്തമാക്കുന്നുവെന്നും ക്ലാര്‍ക്ക് പറഞ്ഞു.

കോഹ്‌ലിയുടെ കൗണ്ടി അരങ്ങേറ്റത്തിനെതിരെ മുന്‍ ഇംഗ്ലണ്ട് താരം ബോബ് വില്ലീസും രംഗത്തെത്തിയിരുന്നു. വില്ലീസ് കോഹ്ലിയുടെ കൗണ്ടി മത്സരത്തെ വിഡ്ഢിത്തം എന്നു വിശേഷിപ്പിച്ചാണ് രംഗത്തെത്തിയിരുന്നത്. തങ്ങളുടെ നാട്ടില്‍ വന്ന കോഹ്ലിയെ പോലുള്ള താരങ്ങള്‍ കളിക്കുന്നത് പ്രാദേശിക താരങ്ങളുടെ ഭാവിയെ ബാധിക്കുമെന്നും വില്ലീസ് പറഞ്ഞിരുന്നു.

“വിദേശ താരങ്ങള്‍ കൗണ്ടി കളിക്കുന്നതിനെ എനിക്ക് അനുകൂലിക്കാന്‍ കഴിയില്ല. അത് ഒരിക്കലും നമ്മുടെ രണ്ടാം നിര ടീമിനും അടുത്ത തലമുറയ്ക്കും ഗുണമാവുകയില്ല.”

“അവര്‍ കോഹ്ലിക്കായി പണം മുടക്കാന്‍ പോവുകയാണ്. ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി തന്റെ കഴിവുകള്‍ മെച്ചപ്പെടുത്താനാണ് അയാള്‍ വരുന്നത്. അത് വിഡ്ഢിത്തമാണ്. ഇതിനു മുമ്പ് ഇംഗ്ലീഷ് പിച്ചില്‍ കോഹ്ലിയുടെ ആവറേജ് 30 താണ്. അതുകണ്ടെത്താന്‍ തന്നെ അയാള്‍ ബുദ്ധിമുട്ടിലാണ്. വിദേശ താരങ്ങളെ സ്വീകരിച്ച ഇംഗ്ലണ്ടിനു പരമ്പര നഷ്ടപ്പെടുന്നതിലേക്ക് കാര്യങ്ങളെ നയിക്കേണ്ട ആവശ്യം നമുക്കില്ല.” 68 കാരനായ മുന്‍ താരം പറഞ്ഞിരുന്നു.

കഴിഞ്ഞയാഴ്ചയാണ് കൊഹ്‌ലി തങ്ങള്‍ക്കായി കളിക്കുമെന്ന് സര്‍റെ ക്ലബ്ബ് അറിയിച്ചിരുന്നത്. ജൂണില്‍ മൊത്തം താരം തങ്ങള്‍ക്കായി കളിക്കുമെന്ന് സര്‍റെ പറഞ്ഞിരുന്നു. എന്നാല്‍ അയര്‍ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമില്‍ കോഹ്‌ലിയെ ഉള്‍പ്പെടുത്തിയിരുന്നു. ജൂണ്‍ 27നും 29നും ആണ് ഇന്ത്യ-അയര്‍ലാണ്ട് ട്വന്റി20 മത്സരം.

We use cookies to give you the best possible experience. Learn more