| Wednesday, 2nd April 2025, 12:47 pm

പശ്ചിമബംഗാളില്‍ അയോധ്യരാമക്ഷേത്രത്തിന് സമാനമായി രാമനവമി ദിനത്തില്‍ ക്ഷേത്രം പണിയും; ബി.ജെ.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ രാമക്ഷേത്രത്തിന് സമാനമായി ഒരു ക്ഷേത്രം പണിയുമെന്ന് ബി.ജെ.പി എം.എല്‍.എ സുവേന്ദു അധികാരി. തന്റെ മണ്ഡലമായ നന്ദിഗ്രാമില്‍ രാമനവമി ദിനത്തില്‍ ക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്നാണ് ബി.ജെ.പി നേതാവിന്റെ വാദം.

‘അയോധ്യയിലേതിന് സമാനമായ ഒരു മഹത്തായ രാമക്ഷേത്രം നിര്‍മ്മിക്കും. ഏപ്രില്‍ ആറിന് രാമനവമി ദിനത്തിലായിരിക്കും അതിന്റെ തറക്കല്ലിടല്‍ നടത്തുന്നത്,’ സുവേന്ദു അധികാരി പറഞ്ഞു.

സോനാചുരയിലെ ശിലാസ്ഥാപന ചടങ്ങന് മുന്നോടിയായി വലിയ ഘോഷയാത്ര നടത്തുമെന്നും ഘോഷയാത്രയില്‍ എല്ലാ ദുര്‍ഗ പൂജ, പ്രാദേശിക ക്ഷേത്ര കമ്മിറ്റികളുടെയും ഹിന്ദുമത സംഘടനകളുടെയും കമ്മ്യൂണിറ്റികളുടെയും പ്രതിനിധികള്‍ പങ്കെടുക്കുമെന്നും ബി.ജെ.പി നേതാവും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി പറഞ്ഞു.

ആയിരക്കണക്കിന് സ്ത്രീകള്‍ ഒത്തുകൂടി ശംഖ് മുഴക്കിയും പുണ്യപാത്രങ്ങള്‍ വഹിച്ചും എത്താന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും വൈഷ്ണവ സമൂഹത്തെയും അവരുടെ മൃദംഗങ്ങളും ഖഞ്ജനികളും കൊണ്ട് ക്ഷണിക്കുന്നുവെന്നും രാമന്‍ എല്ലാവരുടെയും ദൈവമാണെന്നും സുവേന്ദു അധികാരി പറഞ്ഞു.

ക്ഷേത്രത്തിന് അനുമതി ലഭിച്ചുവെന്നും അയോധ്യപോലെയായിരിക്കും നന്ദിഗ്രാമിലെ ക്ഷേത്രമെന്നും പറഞ്ഞ സുവേന്ദു അധികാരി ക്ഷേത്രത്തില്‍ ഗോശാലയും ആയുര്‍വേദ ശാലയുമുണ്ടായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം രക്തസാക്ഷികലുടെ സ്മരണയ്ക്കായി ആശുപത്രി പണിയാനായി ആദ്യകാലത്ത് തീരുമാനിച്ച ഭൂമിയായിരുന്നു ഇതെന്നും ഇത്രയും കാലം ഭൂമി കൈവശം വച്ചതിന് ശേഷം സുവേന്ദു അധികാരി ആ സ്ഥലത്ത് രാമക്ഷേത്രം പണിയുകയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷ് പറഞ്ഞു.

Content Highlight: A temple similar to the Ayodhya Ram temple will be built in West Bengal on Ram Navami: BJP leader

We use cookies to give you the best possible experience. Learn more