| Thursday, 5th January 2023, 12:21 pm

ലോകകപ്പ് കിരീടം ഇന്ത്യയല്ല മറ്റൊരു ടീം നേടും: സംഗക്കാര

സ്പോര്‍ട്സ് ഡെസ്‌ക്

ഈ വര്‍ഷമാണ് ഏകദിന ലോകകപ്പ് നടക്കുന്നത്. ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള തയാറെടുപ്പുകളിലാണ് ടീമുകളെല്ലാം.

ലോകകപ്പ് സ്വന്തമാക്കാനായി മികച്ച സ്‌ക്വാഡിനെ തയാറാക്കാൻ മികച്ച മത്സര പരമ്പരകളാണ് ഓരോ ടീമും തയാറാക്കുന്നത്. ഒക്ടോബറിലും നവംബറിലുമായി നടക്കുന്ന ഏകദിന ലോകകപ്പിന് ഇന്ത്യയാണ് വേദിയാകാൻ പോകുന്നത്. 2011ന് ശേഷമാണ് ഏകദിന ലോകകപ്പ് വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത്.

2011ൽ ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിൽ വിജയിക്കാൻ ടീം ഇന്ത്യക്ക് സാധിച്ചിരുന്നു.

2022ലെ ഏഷ്യാ കപ്പും ടി20 ലോകകപ്പും ഇന്ത്യ തോറ്റിരുന്നു. കൂടാതെ പാകിസ്ഥാനോട് ലോകകപ്പിൽ പരാജയപ്പെട്ടിട്ടില്ല എന്ന റെക്കോഡും ഇന്ത്യക്ക് നഷ്‍ടപ്പെട്ടിരുന്നു.

ഇത്തവണ സ്വന്തം തട്ടകത്തില്‍ നടക്കുന്ന ഏകദിന ലോകകപ്പ് എന്ത് വിലകൊടുത്തും നേടാനാണ് ടീം ഇന്ത്യയുടെ ശ്രമം എന്നാണ് റിപ്പോർട്ടുകൾ. സ്‌ക്വാഡ് ഡെപ്ത്തിൽ പിന്നിലല്ലെങ്കിലും ഒത്തിണക്കത്തോടെ കളിക്കാൻ സാധിക്കുന്നില്ല എന്നതാണ് ഇന്ത്യൻ ടീം നേരിടുന്ന പ്രധാന വെല്ലുവിളി.

എന്നാലിപ്പോൾ ഇത്തവണത്തെ ഏകദിന ലോകകപ്പിലെ കിരീട ജേതാക്കളെ പ്രവചിച്ചിരിക്കുകയാണ് മുന്‍ ശ്രീലങ്കന്‍ നായകനും ലങ്കയുടെ ഇതിഹാസ താരങ്ങളിൽ ഒരാളുമായ കുമാര്‍ സംഗക്കാര.

ലോകകപ്പ് ഇന്ത്യയിൽ വെച്ചാണ് നടക്കുന്നതെങ്കിലും ഇത്തവണ ഏഷ്യൻ ടീമുകൾക്കല്ല കിരീട സാധ്യത എന്നാണ് സംഗക്കാര പറയുന്നത്.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പിച്ചിലെ സാഹചര്യങ്ങൾ മറ്റു ടീമുകള്‍ക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്തുന്നില്ല എന്നാണ് സംഗക്കാരയുടെ അഭിപ്രായം. കൂടാതെ 2011ന് ശേഷം ക്രിക്കറ്റില്‍ വളരെയധികം മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും. ഏഷ്യയിലെ സാഹചര്യങ്ങള്‍ ഇപ്പോള്‍ മറ്റു ടീമുകള്‍ക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്തുന്നതല്ലെന്നും സംഗക്കാര കൂട്ടിച്ചേർത്തു.

കൂടാതെ ഏഷ്യന്‍ സാഹചര്യം സ്പിന്നര്‍മാര്‍ക്ക് അനുകൂലമായതിന്റെ മുൻ‌തൂക്കം ഇപ്പോൾ അവർക്ക് ലഭിക്കുന്നില്ലെന്നും
ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ് ടീമുകളെല്ലാം ഇപ്പോൾ സ്പിന്നിനെതിരെ നന്നായി കളിക്കുന്നുണ്ടെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ സംഗക്കാര അഭിപ്രായപ്പെട്ടു.

കൂടാതെ ഐ.പി.എല്ലിലൂടെ വിദേശ താരങ്ങള്‍ക്ക് ഇന്ത്യൻ പിച്ചുകളിൽ അനുഭവ സമ്പത്ത് ലഭിച്ചെന്നും. ഇന്ത്യയിലെ പിച്ചും സാഹചര്യവും ഇപ്പോള്‍ വിദേശ താരങ്ങള്‍ക്ക് സ്വന്തം തട്ടകം പോലെ പരിചിതമാണെന്നും അദ്ദേഹം പറഞ്ഞു.

അത്‌കൊണ്ട് തന്നെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ് മുതലായ ടീമുകൾക്കാവും ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ സാധ്യത കൂടുതലെന്നും സംഗക്കാര പറഞ്ഞു.

അതേസമയം ഇന്ത്യ-ശ്രീലങ്ക ടി-20 പരമ്പര ശനിയാഴ്ച ആരംഭിച്ചു. ആദ്യ മത്സരത്തിൽ അവസാന ഓവർ വരെ നീണ്ടു നിന്ന പോരാട്ടത്തിനൊടുവിൽ ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തി.

Content Highlights:A team other than India will win the World Cup title: Sangakkara

We use cookies to give you the best possible experience. Learn more