ചാലിയാറിലെത്തിയ തിരച്ചില്‍ സംഘം കാട്ടില്‍ കുടുങ്ങി; കുടുങ്ങിയത് 18 പേര്‍
Kerala News
ചാലിയാറിലെത്തിയ തിരച്ചില്‍ സംഘം കാട്ടില്‍ കുടുങ്ങി; കുടുങ്ങിയത് 18 പേര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th August 2024, 7:06 pm

മേപ്പാടി: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ ആറാം ദിവസവും തിരച്ചില്‍ തുടരുന്നതിനിടെ രക്ഷാപ്രവര്‍ത്തകരുടെ സംഘം കാട്ടില്‍ കുടുങ്ങി. 18 പേരാണ് കാടിനുള്ളില്‍ കുടുങ്ങിയത്. സൂചിപ്പാറയുടെ സമീപത്തുള്ള കാന്തപ്പറയിലാണ് രക്ഷാപ്രവര്‍ത്തകര്‍ കുടുങ്ങിയത്. നിലവില്‍ രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതരാണ്.

സ്ഥലത്ത് നിന്ന് സംഘം ഒരു മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. കാടിനുള്ളില്‍ നിന്ന് മൃതദേഹം പുറത്തേക്ക് എത്തിക്കുന്നതിടെയാണ് സംഘം വനത്തില്‍ കുടുങ്ങിയത്. കണ്ടെടുത്ത മൃതദേഹം ഒരു പുരുഷന്റേതാണെന്നാണ് നിഗമനം.

നിലവിൽ എസ്.പി സംഭവ സ്ഥലത്തെത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എസ്.പിയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തകരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിലമ്പൂരിലെ ചാലിയാര്‍ പുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവരാണ് വനത്തില്‍ കുടുങ്ങിയിരിക്കുന്നത്.

ദുരന്തത്തില്‍ അകപ്പെട്ട 206 പേരെയാണ് കണക്കുകള്‍ പ്രകാരം ഇനി കണ്ടെത്താനുള്ളത്. നിലമ്പൂരില്‍ നിന്നും വയനാട്ടിലെ ദുരന്തമുഖത്ത് നിന്നും 220 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ചാലിയാറില്‍ നിന്ന് മാത്രമായി 205 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

160 ശരീര ഭാഗങ്ങളും തിരച്ചലില്‍ കണ്ടെത്തി. 171 മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കണ്ടെടുത്തതില്‍ 94 മൃതദേഹങ്ങളാണ് തിരിച്ചറിയാന്‍ കഴിയാത്തത്. മുണ്ടക്കൈയില്‍ മാത്രമായി ഇനിയും കണ്ടെത്താനുള്ളത് 64 പേരെയാണ്.

ജില്ലയിലെ 77 ദുരിതാശ്വാസ ക്യാമ്പുകളിലായി 8264 പേരാണ് കഴിയുന്നത്. ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ 17 ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. ഈ ക്യാമ്പുകളില്‍ 2551 പേരാണ് ഉള്ളത്. 943 സ്ത്രീകളും 981 സ്ത്രീകളും 627 കുട്ടികളും ഗര്‍ഭിണികളായ അഞ്ച് പേരുള്‍പ്പടെയാണ് ക്യാമ്പില്‍ കഴിയുന്നത്. 750 കുടുംബങ്ങളിലെ അംഗങ്ങളാണ് ഈ ക്യാമ്പിലുള്ളത്.

Content Highlight: A team of rescue workers got stuck in the forest while searching for the sixth day after the landslide in Wayanad