ഗാന്ധിനഗര്‍: ഗുജറാത്തില്‍ ലൈംഗികാതിക്രമത്തെ ചെറുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ അധ്യാപകന്‍ അറസ്റ്റില്‍. ദാഹോദ് ജില്ലയിലെ ഒരു സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ പ്രിൻസിപ്പാളാണ് ആറുവയസുകാരിയെ കൊലപ്പെടുത്തിയതില്‍ അറസ്റ്റിലായത്.
വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂളിലേക്ക് പോകുന്നതിനിടെ പ്രിന്‍സിപ്പാളിനെ കണ്ടതായും കുട്ടിയെ പ്രതിയോടൊപ്പം അയച്ചതായും വിദ്യാര്‍ത്ഥിയുടെ അമ്മ പൊലീസിനെ അറിയിച്ചു.
അന്നേദിവസം ആറുവയസുകാരി സ്‌കൂളില്‍ എത്താതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രിന്‍സിപ്പാളിനെ അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യലില്‍ പ്രിന്‍സിപ്പാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കുട്ടി നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ വായ പൊത്തിപ്പിടിച്ചതാണെന്നും പിന്നീട് നോക്കിയപ്പോള്‍ വിദ്യാര്‍ത്ഥി മരിച്ചുവെന്ന് മനസിലായെന്നുമാണ് പ്രിന്‍സിപ്പാള്‍ പറഞ്ഞത്.
കൊലപ്പെടുത്തിയ ശേഷം വിദ്യാര്‍ത്ഥിയെ കാറില്‍ തന്നെ ഒളിപ്പിച്ച് സ്‌കൂള്‍ വളപ്പില്‍ കുഴിച്ചിടുകയായിരുന്നു. പ്രിന്‍സിപ്പാളിനൊപ്പമാണ് കുട്ടിയെ അവസാനമായി കണ്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നും പൊലീസ് പറഞ്ഞു.
സ്‌കൂള്‍ വിടുന്നസമയത്ത് കുട്ടിയെ പ്രിന്‍സിപ്പാളിന്റെ കാറില്‍ ഉറങ്ങി കിടക്കുന്നതായി കണ്ടുവെന്ന് ഒരാള്‍ മൊഴി നല്‍കിയതായും പൊലീസ് വ്യക്തമാക്കി.
പെണ്‍കുട്ടിയെ സ്‌കൂളിന് മുന്നില്‍ ഇറക്കിവിട്ടുവെന്നാണ് പ്രിന്‍സിപ്പാള്‍ ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തില്‍ പറഞ്ഞത്. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രിന്‍സിപ്പാളിന്റെ വാദം തെറ്റാണെന്ന് മനസിലായത്. പ്രിന്‍സിപ്പാള്‍ പലവട്ടം അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമിച്ചുവെന്നും പൊലീസ് പ്രതികരിച്ചു.
Content Highlight: A teacher who killed a student who tried to resist physical assault was arrested