|

ഗുജറാത്ത് തീരത്ത് വീണ്ടും വന്‍ ലഹരി വേട്ട; 425 കോടിയുടെ ഹെറോയിന്‍ പിടിച്ചെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് നിന്നും 425 കോടിയുടെ ഹെറോയിനുമായെത്തിയ ഇറാനിയന്‍ കപ്പല്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു. എ.ടി.എസ് (ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്) ന് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഓഖ പോര്‍ട്ടില്‍ നിന്നും 190 മൈല്‍ ദൂരത്തായി അറബിക്കടലില്‍ വെച്ച് ബോട്ട് പിടിച്ചെടുത്തത്. ബോട്ടിലുണ്ടായിരുന്ന അഞ്ച് ജീവനക്കാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൂടുതല്‍ പരിശോധനകള്‍ക്കായി പ്രതികളെ എ.ടി.എസ് ഹെഡ്‌ക്വോര്‍ട്ടേഴ്‌സിലേക്ക് മാറ്റിയതായാണ് വിവരം.

കഴിഞ്ഞ ദിവസമാണ് ഗുജറാത്ത് തീരത്തിനടുത്തായി ഇറാനിയന്‍ ബോട്ട് കണ്ടതായി എ.ടി.എസിന് രഹസ്യ വിവരം ലഭിച്ചത്. തുടര്‍ന്ന് ഗുജറാത്ത് പൊലീസും കോസ്റ്റ് ഗാര്‍ഡിന്റെ പെട്രോളിങ് വിഭാഗമായ ഐ.സി.ജി.എസ് മീര ബെഹന്‍, ഐ.സി.ജി.എസ് അബീഖ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു.

സേനയെ കണ്ട ബോട്ട് ജീവനക്കാര്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയതിനെ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് ബോട്ടിനെ വളഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബോട്ടിനടിയില്‍ ഒളിപ്പിച്ച 61 കിലോ ഹെറോയിന്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ഇതിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഏകദേശം 425 കോടി വിലമതിക്കുമെന്നാണ് എ.ടി.എസ് വൃത്തങ്ങള്‍ പറയുന്നത്.

ഇതാദ്യമായല്ല ഗുജറാത്ത് തീരത്ത് ലഹരി വേട്ട നടക്കുന്നത്. കഴിഞ്ഞ 18 മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത എട്ടാമത്തെ കേസാണിത്.

2021 മാര്‍ച്ചില്‍ 1500 കോടി വിലമതിക്കുന്ന 260 കിലോ ഹെറോയിന്‍ എ.ടി.എസ് പിടിച്ചെടുത്തതും ഗുജറാത്തിലെ കാണ്ട്‌ല തുറമുഖത്ത് നിന്നാണ്. അതിന് പിന്നാലെ കഴിഞ്ഞ ഡിസംബറില്‍ 300 കോടി വിലമതിക്കുന്ന 40 കിലോ ഹെറോയിനുമായി വന്ന പാകിസ്ഥാന്‍ ബോട്ടും എ.ടി.എസ് പിടിച്ചെടുത്തിരുന്നു.

കഴിഞ്ഞ 18 മാസത്തിനുള്ളില്‍ ഗുജറാത്ത് തീരത്ത് നിന്ന് മാത്രമായി ഏകദേശം 2355 കോടി വിലമതിക്കുന്ന ലഹരിമരുന്ന് പിടിച്ചെടുത്തതായാണ് നാര്‍ക്കോട്ടിക്‌സ് സെല്ലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

എ.ടി.എസും ഐ.സി.ജിയും ചേര്‍ന്ന് ഈ കാലയളവില്‍ എട്ടോളം വിദേശ കപ്പലുകളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇവരില്‍ നിന്നായി 407 കിലോക്കടുത്ത് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Content Highlight: A.T.S and Gujarath coast guard seize 61 kg heroine in okha port