കടുത്ത വരള്‍ച്ച നേരിടുന്ന ചണ്ഡീഗഡ്ഡില്‍ ഔദ്യോഗിക ബംഗ്ലാവില്‍ സ്വിമ്മിങ് പൂള്‍ നിര്‍മിച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍
Daily News
കടുത്ത വരള്‍ച്ച നേരിടുന്ന ചണ്ഡീഗഡ്ഡില്‍ ഔദ്യോഗിക ബംഗ്ലാവില്‍ സ്വിമ്മിങ് പൂള്‍ നിര്‍മിച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th May 2016, 11:02 am

റായ്പൂര്‍: കടുത്ത ചൂടും വരള്‍ച്ചയും നേരിടുന്ന ചണ്ഡീഗഡ്ഡില്‍ കുടിവെള്ളംപോലും ലഭിക്കാതെ ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ ജില്ലാ ഫോറസ്റ്റ് ഓഫീസറായ രാജേഷ് ചണ്ഡാലെ സര്‍ക്കാരിന്റെ ഔദ്യോഗിക വസതിയില്‍ സ്വിമ്മിങ് പൂള്‍ നിര്‍മിച്ചത് വിവാദമാകുന്നു. സംഭവം വലിയ വാര്‍ത്തയായതോടെ വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് സര്‍ക്കാര്‍.

ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. സര്‍ക്കാര്‍ ബംഗ്ലാവില്‍ നീന്തല്‍ക്കുളം അദ്ദേഹത്തിന് നിര്‍മിക്കാമെങ്കില്‍ കടുത്ത വരള്‍ച്ചയുടെ പിടിയിലായ ഗ്രാമങ്ങളില്‍ ഒരു തടാകമോ കുളമോ കൂടി അദ്ദേഹത്തിന് നിര്‍മിക്കുകയായിരുന്നു എന്ന് വനംമന്ത്രി മഹേഷ് ഗഡ്ക പറഞ്ഞു.

10 ലക്ഷത്തോളം രൂച ചിലവിട്ടാണ് രാജേഷ് നീന്തല്‍ക്കുളം നിര്‍മ്മിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇത് നിയമലംഘനമാണ്. ആരുടേയും അനുവാദം വാങ്ങാതെയാണ് അദ്ദേഹം ഇത്തരമൊരു പ്രവര്‍ത്തി നടത്തിയതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

ഇദ്ദേഹം ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസറായിരിക്കെ 2014 ല്‍ അഴിമതി വിരുദ്ധ ബ്യൂറോ നടത്തിയ റെയ്ഡില്‍ ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് രൂപ കണ്ടെത്തിയിരുന്നു. ഇതിലും ഇദ്ദേഹം അന്വേഷണം നേരിട്ടിരുന്നു.

നീന്തല്‍ക്കുളം നിര്‍മിച്ച സംഭവത്തില്‍ രാജേഷ് ചണ്ഡാലെക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി രമണ്‍ സിങും അറിയിച്ചു.