|

നടിയെ ആക്രമിച്ച കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ.സുരേശന്‍ രാജി വെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ.സുരേശന്‍ രാജി വെച്ചു. രാജി തീരുമാനം സര്‍ക്കാരിനെ അറിയിച്ചു. നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് രാജി.

2017ലാണ് കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി എ.സുരേശനെ സര്‍ക്കാര്‍ നിയമിച്ചത്. കേസില്‍ ഇന്ന് വിചാരണ പുനരാംഭിച്ചിരുന്നു. കേസ് 26ാം തിയ്യതിയിലേക്ക് മാറ്റിയിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനോട് 26 ന് ഹാജരാകാന്‍ വിചാരണ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

നടിയെ ആക്രമിച്ചക്കേസില്‍ വിചാരണ നടത്തുന്ന കോടതി മാറ്റണമെന്ന നടിയുടെയും സര്‍ക്കാരിന്റെയും ആവശ്യം വെള്ളിയാഴ്ചയാണ് ഹൈക്കോടതി തള്ളിയത്.

പ്രോസിക്യൂഷനും ജഡ്ജിയും ഒരുമിച്ച് പോയാല്‍ മാത്രമേ നീതി നടപ്പാകുകയുള്ളുവെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. നിലവിലെ ജഡ്ജിയുടെ ഭാഗത്ത് നിന്ന് കേസ് മാറ്റാനുള്ള കാരണങ്ങള്‍ വ്യക്തമായി ബോധിപ്പിക്കാന്‍ സര്‍ക്കാറിനോ നടിക്കോ കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു.

ഇതിന് പിന്നാലെ സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ അപ്പീല്‍ പോകണമെന്നും ഒരാഴ്ച വിധിയില്‍ സ്റ്റേ വേണമെന്നും സര്‍ക്കാര്‍ പറഞ്ഞെങ്കിലും ആവശ്യം തള്ളുകയായിരുന്നു.

കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സംസ്ഥാന സര്‍ക്കാരും നടിയും ഉന്നയിച്ചിരുന്നത്. നടിയുടെ മൊഴി പോലും കോടതി കൃത്യമായി രേഖപ്പെടുത്തിയില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു.

വിചാരണകോടതി ജഡ്ജിക്കെതിരെ ഗുരുതര ആരോപണവുമായി പ്രോസിക്യൂഷന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ആക്രമണത്തിനിരയായ നടി തന്നെയാണ് കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. വിചാരണകോടതി പക്ഷാപാതപരമായി പെരുമാറുന്നുവെന്നാണ് നടി നല്‍കിയ ഹരജിയില്‍ പറഞ്ഞത്.

ദിലീപിന്റെ അഭിഭാഷകന്‍ തന്നെ അധിക്ഷേപിച്ച് ചോദ്യങ്ങള്‍ ചോദിച്ചെന്നും ഇത് തടയാന്‍ കോടതിയുടെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടായില്ലെന്നും നടി ആരോപിക്കുന്നു. പ്രധാന വസ്തുതകള്‍ കോടതി രേഖപ്പെടുത്തിയില്ല, നിരവധി അഭിഭാഷകരുടെ മുന്നില്‍വെച്ചാണ് തന്നെ വിസ്തരിച്ചത്, അഭിഭാഷകരെ നിയന്ത്രിക്കാന്‍ കോടതി ഇടപെടലുണ്ടായില്ലെന്നും ഹരജിയില്‍ പറഞ്ഞിരുന്നു.

അതോടൊപ്പം കേസ് സംബന്ധിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് കോടതി അധിക്ഷേപിച്ചെന്ന് കേസിലെ 7-ാം സാക്ഷിയായ നടി തന്നോട് പറഞ്ഞു തുടങ്ങിയ കാര്യങ്ങളാണ് ഹരജിയില്‍ പറയുന്നത്. ഇതൊന്നും വിചാരണക്കോടതി രേഖപ്പെടുത്തിയില്ലെന്ന് ഹരജിയില്‍ പറയുന്നു.

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ എത്രയും വേഗം തീര്‍ക്കണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിചാരണകോടതി നടപടികള്‍ പുരോഗിച്ചത്.

ആറ് മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കാനാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ഇതുപ്രകാരം 2021 ഫെബ്രുവരിയോടെ വിചാരണ പൂര്‍ത്തിയാക്കണം.

2017 ഫെബ്രുവരി 18 നാണ് നടി ആക്രമിക്കപ്പെടുന്നത്. കേസില്‍ 2017 ജൂലൈ 10 ന് ദിലീപ് അറസ്റ്റിലായി. 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കേസില്‍ ഇതുവരെ 50 സാക്ഷികളെ വിസ്തരിച്ചു. കേസില്‍ സാക്ഷികളായവര്‍ കൂറുമാറിയതും ചര്‍ച്ചയായിരുന്നു.

സംഭവത്തിന് മൂന്ന് വര്‍ഷത്തിന് ശേഷം 2020 ജനുവരിയില്‍ കീഴ്‌ക്കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിച്ചിരുന്നു. തുടര്‍ വിചാരണ ഇപ്പോള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് പ്രതിപ്പട്ടികയിലുള്‍പ്പെട്ട നടന്‍ ദിലീപ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി ഗാഗ് ഓര്‍ഡര്‍ പ്രഖ്യാപിച്ചത്.

സുതാര്യമായ വിചാരണയ്ക്ക് തനിക്കും അവകാശമുണ്ടെന്നും മാധ്യമങ്ങള്‍ വിചാരണയുടെ പേരില്‍ തന്റെ അന്തസ്സ് കെടുത്തുന്ന രീതിയില്‍ പെരുമാറുന്നുവെന്നും ദിലീപ് ആരോപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി കോടതിയില്‍ ഹരജിയും സമര്‍പ്പിച്ചു. ഹരജി പരിഗണിച്ച കോടതി കേസ് വിചാരണനടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

2020 മാര്‍ച്ച് 19 ലെ ഉത്തരവ് പ്രകാരം മാധ്യമങ്ങളെ വിലക്കുകയും ഉത്തരവ് ലംഘിച്ച 10 മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  A. Suresan, the special prosecutor in the case of attacking the actress, has resigned