സ്മിത്ത് വെടിക്കെട്ട് തുടങ്ങി; സിഡ്‌നി സിക്‌സേഴ്‌സിന് തകര്‍പ്പന്‍ ജയം
Sports News
സ്മിത്ത് വെടിക്കെട്ട് തുടങ്ങി; സിഡ്‌നി സിക്‌സേഴ്‌സിന് തകര്‍പ്പന്‍ ജയം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 8th December 2023, 6:52 pm

2023 ബി.പി.എല്‍ (ബിഗ് ബാഷ് ലീഗ്) മത്സരത്തില്‍ മെല്‍ബണ്‍ റെനഗേഡ്‌സിനെ എട്ടു റണ്‍സിന് സിഡ്‌നി സിക്‌സേഴ്‌സ് പരാജയപ്പെടുത്തി. സ്റ്റീവ് സ്മിത്തിന്റെ മികച്ച ബാറ്റിങ് പ്രകടനത്തിലാണ് സിഡ്‌നി വിജയത്തിലെത്തിയത്. 46 പന്തില്‍ 61 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്ത് ടീമിനെ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സിന്റെ മികവില്‍ എത്തിച്ചു.

വിജയലക്ഷ്യം പിന്തുടര്‍ന്നെത്തിയ റെനഗേഡ്‌സിന് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ബെന്‍ ദ്വാര്‍ഷുയിസ് മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ റെനഗേഡ്‌സ് തളരുകയായിരുന്നു.

ജയിക്ക് ഫ്രേസര്‍ 24 പന്തില്‍ 48 റണ്‍സും വില്‍ സതര്‍ലാന്‍ഡ് 31 പന്തില്‍ 51 റണ്‍സും ആരോണ്‍ ഫിഞ്ച് 31 പന്തില്‍ 33 റണ്‍സും നേടി മികച്ച ബാറ്റിങ് കാഴ്ചവെച്ചെങ്കിലും അവരുടെ ശ്രമം പാഴാക്കുകയായിരുന്നു.

ഏഴ് ബൗണ്ടറികളും ഒരു സിക്‌സറും അടക്കമായിരുന്നു സ്മിത്തിന്റെ മിന്നും പ്രകടനം. മോയ്‌സസ് ഹെന്റിക്‌സ് 26 പന്തില്‍ 40 റണ്‍സും ജോഷ് ഫിലിപ്പ് 16 പന്തില്‍ 29 റണ്‍സും ജോര്‍ദാന്‍ 14 പന്തില്‍ പുറത്താകാതെ 26 റണ്‍സും നേടി സിക്‌സേഴ്‌സിനെ മികച്ച സ്‌കോറില്‍ എത്താന്‍ സഹായിച്ചു.

ആദം സാംപ മികച്ച പ്രകടനം കാഴ്ചവെച്ച് സിക്‌സേഴ്‌സിന് വേണ്ടി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ബിഗ് ബാഷ് ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങള്‍ 2024 ഐ.പി.എല്‍ സീസണില്‍ നിലയുറപ്പിക്കാന്‍ ആണ് ലക്ഷ്യമിടുന്നത്. അത്തരത്തില്‍ നോക്കുമ്പോള്‍ ബിഗ് ബഷ് ലീഗില്‍ മികച്ച പ്രകടനമാണ് സ്മിത്ത് നടത്തുന്നത്. 2024 ഐ.പി.എല്‍ താരലേലം ഡിസംബര്‍ 19 നടക്കാനിരിക്കുകയാണ്. താരങ്ങള്‍ മികച്ച ശ്രദ്ധ നേടിയാല്‍ വമ്പന്‍ ടീമുകള്‍ റാഞ്ചി കൊണ്ടുപോകും എന്നത് ഉറപ്പാണ്.

നിലവില്‍ ബിഗ് ബാഷ് ലീഗ് പോയിന്റ് പട്ടികയില്‍ ആദ്യ മത്സരത്തില്‍ തന്നെ വിജയം ഉറപ്പിച്ച് രണ്ടാം സ്ഥാനത്താണ് സിഡ്‌നി സിക്‌സേഴ്സും ഒന്നാം സ്ഥാനത്ത് ആദ്യമത്സരം വിജയിച്ച് 5.150 നെറ്റ് റണ്‍ റേറ്റിന് ബ്രിസ്ബന്‍ ഹീറ്റുമാണ് ഉള്ളത്. ഡിസംബര്‍ 11ന് തിങ്കളാഴ്ചയാണ് ഇനി സിഡ്‌നി സിക്‌സേഴ്‌സിന്റെ അടുത്ത മത്സരം. ഹോബാര്‍ട്ട് ഹരിക്കാന്‍സ് ആണ് സിഡ്‌നിയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം 1.45ന് ഉച്ചക്ക് യു.ടി.എ.എസ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

 

Content Highlight: A stunning win for Sydney Sixers