[share]
[] ന്യൂദല്‍ഹി: ഇന്ത്യന്‍ സ്‌കൂളുകളിലെ അധ്യാപകര്‍ കുട്ടികളില്‍ ജാതി-ന്യൂനപക്ഷ വിവേചനം കാണിക്കുന്നെന്ന് അന്താരാഷ്ട്ര എന്‍.ജി.ഒ ഹ്യുമന്‍ റൈറ്റ്‌സ് വാച്ചിന്റെ പഠനം. ന്യൂനപക്ഷ സമുദായത്തിലെയും താഴ്ന്ന ജാതിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളയും ടോയ്‌ലറ്റ് കഴുകാന്‍ നിര്‍ബന്ധിക്കുന്നെന്നും ക്ലാസില്‍ മറ്റ് വിദ്യാര്‍ത്ഥികളില്‍ നിന്ന് മാറ്റിയിരുത്തുന്നെന്നുമാണ് സംഘടന കണ്ടെത്തിയിരിക്കുന്നത്.
ഇത്തരം സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്ക് സാധാരണമാണ്. അധ്യാപകരുടെയും പ്രിന്‍സിപ്പാളിന്റെയും അടുത്ത് നിന്നുള്ള അപമാനം അഭിമുഖീകരിക്കാതെ കുട്ടികള്‍ പഠനം നിര്‍ത്തുകയും എന്തെങ്കിലും തൊഴിലില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു-പഠനം വെളിപ്പെടുത്തുന്നു.
ന്യൂനപക്ഷങ്ങളും മുസ്ലീങ്ങളും കൂടുതല്‍ താമസിക്കുന്ന നാല് സംസ്ഥാനങ്ങളിലായായിരുന്നു പഠനം. 160ഓളം വരുന്ന അധ്യാപകര്‍, പ്രധാനാധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുമായി അഭിമുഖം നടത്തിയാണ് 77 പേജുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കുകയെന്ന ഇന്ത്യയുടെ ബൃഹത്തായ പദ്ധതിയിലൂടെ പക്ഷേ കുട്ടികള്‍ അധ്യാപകരുടെയും മറ്റ് സ്‌കൂള്‍ ഉദ്യോഗസ്ഥരുടെയും വിവേചനത്തിന് പാത്രമാവുകയാണ് ചെയ്യുന്നതെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയ ജയശ്രീ ബജോറിയ പറഞ്ഞു.
മുസ്ലീം സമുദായത്തില്‍ നിന്നുള്ള കുട്ടികള്‍ക്ക് പലപ്പോഴും ക്ലാസ് മുറിയുടെ പിറകിലോ വേറെ മുറിയിലൊ ആയിരിക്കും ഇരിക്കേണ്ടി വരുക. ഇത് കൂടാതെ അപമാനിക്കുന്ന തരത്തിലുള്ള സംബോധനയും ക്ലാസിലെ നേതൃത്വത്തില്‍ നിന്നുള്ള ഒഴിവാക്കലുകളും അവര്‍ നേരിടുണ്ടുന്നുണ്ട്. അവസാനമായിരിക്കും അവര്‍ക്ക് ഭക്ഷണവും നല്‍കുകയെന്നും പഠനത്തില്‍ പറയുന്നു.
ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തില്‍ ആറ് മുതല്‍ 14 വരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നുണ്ട്. എന്നാല്‍ അവര്‍ക്ക് ക്ലാസ് മുറിയിലുണ്ടാവുന്ന വിവേചനത്തിനെതിരെ ഉള്ള ശിക്ഷ നടപടികളെക്കുറിച്ച് അതില്‍ പ്രതിപാദിക്കുന്നില്ലെന്ന് ഹ്യുമന്‍ റൈറ്റ്‌സ് വാച്ച് പറയുന്നു.
വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കാനോ അവരുടെ കൊഴിഞ്ഞുപോക്ക് തടയാനോ ഉള്ള സംവിധാനങ്ങള്‍ കൊണ്ടുവരാന്‍ മിക്ക വിദ്യാഭ്യാസ അധികാരികള്‍ക്കും കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. പ്രമുഖ ന്യൂസ് ഏജന്‍സിയായ ഏജന്‍സ് പ്രസ് ഫ്രാന്‍സ്് ആണ് (എ.എഫ്.പി) ഈ റിപ്പോര്‍ട്ട് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്.