മോസ്‌കോ: ഉക്രൈനുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്ക് മേല്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയന്‍, നാറ്റോ അംഗരാജ്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ള വിവിധ തരത്തിലുള്ള സാമ്പത്തിക- എണ്ണ ഉപരോധങ്ങള്‍ റഷ്യയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത്.
ഉക്രൈനില്‍ റഷ്യ ആക്രമണമാരംഭിച്ച് 100 ദിവസം പിന്നിടുമ്പോള്‍ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള റഷ്യയുടെ വരുമാനം കുത്തനെ ഉയര്‍ന്നതായാണ് പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. കയറ്റുമതിയും അതിന്റെ ഏറ്റവും ഉയര്‍ന്ന ലെവലിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫിന്‍ലാന്‍ഡ് തലസ്ഥാനമായ ഹെല്‍സിങ്കി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റിസര്‍ച്ച് ഓര്‍ഗനൈസേഷനായ, സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ (Center for Research on Energy and Clean Air) ഇത് സംബന്ധിച്ച് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
റഷ്യ ഉക്രൈന്‍ അധിനിവേശം ആരംഭിച്ചത് മുതലുള്ള ആദ്യ 100 ദിവസത്തില്‍ എണ്ണ, ഗ്യാസ്, കല്‍ക്കരി കയറ്റുമതികളിലൂടെ 93 ബില്യണ്‍ യൂറോ (97 മില്യണ്‍ ഡോളര്‍) എന്ന റെക്കോര്‍ഡ് വരുമാനമാണ് റഷ്യ ഉണ്ടാക്കിയതെന്നാണ് പറയുന്നത്.
”ഇപ്പോഴത്തെ റവന്യൂ റേറ്റ് അഭൂതപൂര്‍വമാണ്. കാരണം വില അഭൂതപൂര്‍വമാണ്, കയറ്റുമതിയുടെ അളവ് അതിന്റെ ഏറ്റവുമുയര്‍ന്ന റെക്കോര്‍ഡിനടുത്താണ്,” പഠനത്തിന് നേതൃത്വം നല്‍കിയ അനലിസ്റ്റ് ലൗറി മിലിവിര്‍ത (Lauri Myllyvirta) പറഞ്ഞു.
ഉക്രൈനില്‍ നടത്തുന്ന യുദ്ധത്തിന് വേണ്ടി റഷ്യ ചിലവഴിക്കുന്ന പണത്തിനേക്കാളധികം റെക്കോര്‍ഡ് വരുമാനം എണ്ണ കയറ്റുമതി വിപണിയില്‍ നിന്നും രാജ്യം നേടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ, അമേരിക്കയും നാറ്റോ അംഗരാജ്യങ്ങളില്‍ പലരും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറച്ചിരുന്നെങ്കിലും എണ്ണ വിലയിലുണ്ടായ വലിയ വര്‍ധനവാണ് റഷ്യയുടെ വരുമാനത്തെ ഇടിവ് കൂടാതെ നിലനിര്‍ത്തിയത്.
ഇന്ത്യയും യു.എ.ഇയുമടക്കമുള്ള രാജ്യങ്ങള്‍ റഷ്യയുമായുണ്ടായിരുന്ന എണ്ണ സംബന്ധ വ്യാപാരങ്ങള്‍ നിലനിര്‍ത്തിയതും റഷ്യക്ക് ഉപകാരപ്രദമായി മാറി.
ചൈനയാണ് ഇക്കാലയളവില്‍ റഷ്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്ത രാജ്യം. നിലവില്‍ ലോകത്തെ രണ്ടാമത്തെ വലിയ എണ്ണ ഉല്‍പാദന രാജ്യമാണ് റഷ്യ.
നേരത്തെ, റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ മൂന്നില്‍ രണ്ട് ഭാഗവും നിരോധിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിരുന്നു.
ബ്രസല്‍സില്‍ വെച്ച് നടന്ന ഉച്ചകോടിയിലായിരുന്നു റഷ്യന്‍ എണ്ണ നിര്‍ത്തലാക്കുന്നത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
90 ശതമാനം റഷ്യന്‍ എണ്ണയുടെയും ഇറക്കുമതി നിര്‍ത്തലാക്കാന്‍ തീരുമാനമെടുത്ത വിവരം യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കലായിരുന്നു പുറത്തുവിട്ടത്.
യൂറോപ്യന്‍ യൂണിയന്‍ റഷ്യക്ക് മേല്‍ ചുമത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഉപരോധ മാര്‍ഗമായിരുന്നു ഇത്.
യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുക, റഷ്യയുടെ വരുമാന മാര്‍ഗങ്ങള്‍ക്ക് തടയിടുക എന്നിവയാണ് നിരോധനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് പറഞ്ഞിരുന്നു.
റഷ്യന്‍ സ്റ്റേറ്റ് ഉടമസ്ഥതയിലുള്ള മൂന്ന് ബ്രോഡ്കാസ്റ്റര്‍മാരെ നിരോധിക്കുക, ഉക്രൈനിലെ യുദ്ധ കുറ്റകൃത്യങ്ങളില്‍ ഉത്തരവാദികളായ റഷ്യക്കാരെ നിരോധിക്കുക എന്നീ നടപടികളിലേക്കും ഇ.യു ഇതിനൊപ്പം കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ തീരുമാനപ്രകാരം അംഗങ്ങളായ 27 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനിലേക്കുള്ള റഷ്യന്‍ എണ്ണയുടെ ഇറക്കുമതി നിരോധിക്കുന്നതിന് സമ്മതം നല്‍കും. അതേസമയം പൈപ്പ്ലൈന്‍ വഴിയുള്ള ക്രൂഡ് ഓയില്‍ ഡെലിവറിക്ക് ഇതില്‍ നിന്നും ഇളവ് ലഭിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.
Content Highlight: A study report says Russia’s oil revenue reached record height despite sanctions from European Union