| Sunday, 24th March 2024, 6:39 pm

ഇസ്രഈലുമായുള്ള ബന്ധം അവസാനിപ്പിക്കണം; മക്ഗില്‍ സര്‍വകലാശാലക്കെതിരെ നിരാഹാര സമരം നടത്തിയിരുന്ന വിദ്യാര്‍ത്ഥി ആശുപത്രിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒട്ടാവ: ഇസ്രഈലി സ്ഥാപനങ്ങളുമായുള്ള കാനഡയിലെ മക്ഗില്‍ സര്‍വകലാശാലയുടെ ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയിരുന്ന വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സമരത്തിനിടയില്‍ അബോധാവസ്ഥയിലായ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വിദ്യാര്‍ത്ഥി സംഘടനകള്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. നിരാഹാര സമരം നടത്തിയിരുന്ന രണ്ട് വിദ്യാര്‍ത്ഥികളില്‍ ഒരാളായ റാനിയ ആമിനാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

വംശഹത്യ നടത്തുന്ന ഇസ്രഈല്‍ സൈന്യത്തെ പിന്തുണക്കുന്ന പ്രതിരോധ കമ്പനികളുമായുള്ള ബന്ധത്തില്‍ നിന്ന് സര്‍വകലാശാല പിന്മാറണമെന്നും ഇസ്രഈലി സര്‍വകലാശാലകളുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ത്ഥികളുടെ സമരം.

ഫ്രഞ്ച് എയര്‍ ആന്‍ഡ് ഡിഫന്‍സ് കമ്പനിയായ സഫ്രാന്‍, ഇസ്രഈലിന് യുദ്ധവിമാനങ്ങള്‍ വിറ്റ അമേരിക്കന്‍ കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ ഉള്‍പ്പെടെയുള്ള നിരവധി കമ്പനികളില്‍ മക്ഗില്ലിന് 20 മില്യണ്‍ ഡോളര്‍ നിക്ഷേപമുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഇസ്രഈലിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും മറ്റും സര്‍വകലാശാലക്ക് ആഴത്തിലുള്ള ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞത് തന്നെ ഞെട്ടിച്ചുവെന്ന് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ പറഞ്ഞു. സര്‍വകലാശാലയിലെ ക്ലാസുകള്‍ സയണിസം കൊണ്ട് നിറഞ്ഞുവെന്നും വിദ്യാര്‍ത്ഥി ചൂണ്ടിക്കാട്ടി.

ഫെബ്രുവരി 19 മുതല്‍ 15 ഓളം വിദ്യാര്‍ത്ഥികള്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ നിരാഹാര സമരം നടത്തിവരികയായിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിലും ആരോപണത്തിലും മക്ഗില്‍ സര്‍വകലാശാല ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം ഫലസ്തീനില്‍ ഇസ്രഈലി സൈന്യം നടത്തുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ലോക രാഷ്ട്രങ്ങളിലെ വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു.

Content Highlight: A student who was on hunger strike against McGill University was admitted to the hospital

Latest Stories

We use cookies to give you the best possible experience. Learn more