തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് ക്ലാസ് മുറിയില്‍ നിന്നും പാമ്പ് കടിയേറ്റ സംഭവത്തില്‍ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. വിദ്യാര്‍ത്ഥിയെ പാമ്പ് കടിച്ചതില്‍ ഡി.ഇ.ജി, ഡി.പി.ഇ എന്നിവരില്‍ നിന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.
സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അന്വേഷണത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്.
തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ചെങ്കല്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിക്കാണ് പാമ്പ് കടിയേറ്റത്. ക്ലാസ് മുറിയില്‍ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയായിരുന്നു സംഭവം.
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നേഹയ്ക്കാണ് പാമ്പ് കടിയേറ്റത്.
നേഹയുടെ വലത് കാല്‍ പാദത്തിന് കടിയേല്‍ക്കുകയായിരുന്നു. കുട്ടി പാമ്പിനെ അറിയാതെ ചവിട്ടുകയായിരുന്നു.
കടിയേറ്റയുടനെ കുട്ടി കുതറിമാറുകയും പിന്നാലെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലാണ് വിദ്യാര്‍ത്ഥിയെ പ്രവേശിപ്പിച്ചത്. പിന്നാലെ വിദഗ്ധ ചികിത്സക്കായി കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
പാമ്പ് കടിയേറ്റ സമയത്ത് ക്ലാസ് മുറിയില്‍ മറ്റു കുട്ടികളും അധ്യാപകരും ഉണ്ടായിരുന്നു. കുട്ടിയുടെ ആരോഗ്യനില ഇപ്പോള്‍ സുരക്ഷിതമാണ്.
Content Highlight: A student was bitten by a snake; Child Rights Commission took a case