കൊൽക്കത്ത: ഐ.ഐ.ടി ഖരഗ്പൂർ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ. ഐ.ഐ.ടി ഖരഗ്പൂരിലെ മൂന്നാം വർഷ ഇലക്ട്രിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയായ ഷോൺ മാലിക്കിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
21കാരനായ വിദ്യാർത്ഥിയെ മാതാപിതാക്കളാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഐ.ഐ.ടി ഖരഗ്പൂരിലെ ആസാദ് ഹാളിൽ താമസിച്ചു വരികയായിരുന്നു ഷോൺ മാലിക്. പലതവണ വിളിച്ചിട്ടും പ്രതികരിക്കാത്തതിനെ തുടർന്ന് മാലിക്കിൻ്റെ മാതാപിതാക്കളും ഇൻസ്റ്റിറ്റ്യൂട്ടിലെ സെക്യൂരിറ്റി ജീവനക്കാരും ചേർന്ന് ഹോസ്റ്റൽ മുറിയുടെ വാതിൽ ബലമായി തുറക്കുകയായിരുന്നു.
ആത്മഹത്യയ്ക്ക് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ലെന്നും ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഐ.ഐ.ടി ഖരഗ്പൂർ ഡയറക്ടർ അമിത് പത്ര പറഞ്ഞു. എല്ലാ ഞായറാഴ്ചയും മാതാപിതാക്കൾ ഭക്ഷണവുമായി മകനെ കാണാൻ വരുന്ന പതിവുണ്ടായിരുന്നു. ഇത്തവണയും അവർ വന്നെന്നും മകൻ്റെ മൃതദേഹം അവരാണ് ആദ്യം കണ്ടതെന്നും അമിത് പത്ര കൂട്ടിച്ചേർത്തു.
ഷോൺ മാലിക്കിൻ്റെ മരണവുമായി ബന്ധപ്പെട്ട് സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. ഷോൺ മാലിക്കിന് അധ്യാപകരുമായി നല്ല ബന്ധമുണ്ടായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു ലാബ് അസിസ്റ്റൻ്റ് മരിച്ച സംഭവമുണ്ടായിരുന്നെങ്കിലും ഈ സംഭവത്തിന് അതുമായി ബന്ധമില്ലെന്നും അധികൃതർ അറിയിച്ചു. പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയതായും നടപടികൾ വീഡിയോയിൽ പകർത്തിയതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, ഐ.ഐ.ടി ഖരഗ്പൂരിൽ അടുത്ത കാലത്ത് വിദ്യാർത്ഥികളുടെ മരണം പല തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2024 ജൂണിൽ ഐ.ഐ.ടി ഖരഗ്പൂർ വിദ്യാർത്ഥിനി ദേവിക പിള്ളയെ കോളേജ് കാമ്പസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 2023 ഒക്ടോബറിൽ നാലാം വർഷ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ കെ. കിരൺ ചന്ദ്രയെയും 2022ൽ മറ്റൊരു ഐ.ഐ.ടി വിദ്യാർത്ഥി ഫൈസാൻ അഹമ്മദിനെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
Content Highlight: a student of IIT Kharagpur, was found hanging