| Sunday, 9th June 2024, 11:28 am

ശക്തമായ പ്രതിപക്ഷം ജനാധിപത്യത്തിന് കരുത്തേകും: രജിനികാന്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ശക്തമായ പ്രതിപക്ഷം ജനാധിപത്യത്തിന് കരുത്തേകുമെന്ന് നടന്‍ രജിനികാന്ത്. മൂന്നാം എന്‍.ഡി.എ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനായി ദല്‍ഹിയിലേക്ക് പോകും വഴി വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാം തവണയും പ്രധാനമന്ത്രിയാകുന്ന നരേന്ദ്ര മോദിക്ക് ആശംസകളും താരം അറിയിച്ചു. മൂന്ന് തവണ പ്രധാനമന്ത്രിയാകുന്നത് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

രജിനികാന്ത് ഉള്‍പ്പടെയുള്ള രാജ്യത്തെ പ്രമുഖ നടന്‍മാര്‍ക്കെല്ലാം സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. മലയാളത്തില്‍ നിന്ന് മോഹന്‍ലാലിനും ക്ഷണമുണ്ടായിരുന്നെങ്കിലും അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. വ്യക്തിപരമായ തിരക്കുകള്‍ കാരണമാണ് മോഹന്‍ലാല്‍ പങ്കെടുക്കാതിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് വൈകീട്ട് 7.15നാണ് നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. പ്രധാനമന്ത്രിക്കൊപ്പം ബി.ജെ.പിയില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളും ഘടകക്ഷി മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞ രണ്ട് തവണയും ബി.ജെ.പിക്ക് കേവലഭൂരിപക്ഷം ലഭിച്ചുകൊണ്ടാണ് എന്‍.ഡി.എ സര്‍ക്കാര്‍ രൂപീകരിച്ചിരുന്നതെങ്കില്‍ ഇത്തവണ സഖ്യകക്ഷികളുടെ പിന്‍ബലത്തിലാണ് നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്നത്. സ്പീക്കര്‍ സ്ഥാനമുള്‍പ്പടെയുള്ള നിര്‍ണായക പദവികള്‍ മുന്നണിയിലെ രണ്ടാംകക്ഷിയായ ടി.ഡി.പി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല.

ഇന്ന് വൈകീട്ട് രാഷ്ട്രപതി ഭവന്‍ അങ്കണത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍. പരിപാടിയില്‍ എട്ട് രാഷ്ട്രത്തലവന്‍മാര്‍ ഉള്‍പ്പടെ 8000 ക്ഷണിക്കപ്പെട്ട അതിഥികള്‍ പങ്കെടുക്കും. പ്രധാനമന്ത്രിക്കൊപ്പം ബി.ജെ.പിയില്‍ നിന്നുള്ള മുതിര്‍ന്ന മന്ത്രിമാരും, ഘടകകക്ഷികളില്‍ നിന്നുള്ള ക്യാബിനറ്റ് മന്ത്രിമാരും സഹമന്ത്രിമാരും അധികാരമേല്‍ക്കും.

രാഷ്ട്രപ്രതി ദ്രൗപതി മുര്‍മു എല്ലാവര്‍ക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. രാവിലെ രാജ്ഘട്ടില്‍ ഗാന്ധിസമാധിയില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചതിന് ശേഷം യുദ്ധസ്മാരകത്തിലും, മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ സ്മാരകത്തിലും എത്തിയിരുന്നു. ചടങ്ങിന് ശേഷം രാത്രിയോടെ തന്നെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച വിജ്ഞാപനം രാഷ്ട്രപതി ഭവന്‍ പുറത്തിറക്കും.

മാലിദ്വീപ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസു, ശ്രീലങ്കന്‍ പ്രസിഡന്റ് റിനില്‍ വിക്രസിംഗെ, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിങ് തോഗ്‌ബെ, സെയ്ഷല്‍സ് വൈസ് പ്രസിഡന്റ് അഹമ്മദ് അഫീഫ്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജുഗ്നോത്, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പകമല്‍ ദഹല്‍ പ്രചണ്ഡ തുടങ്ങിയവരാണ് ചടങ്ങില്‍ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്‍മാര്‍.

കഴിഞ്ഞ രണ്ട് തവണയും കോണ്‍ഗ്രസിന് പ്രതിപക്ഷനേതൃസ്ഥാനം ലഭിക്കാന്‍ ആവശ്യമായ അംഗസംഖ്യ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് അംഗസംഖ്യ 100 തികച്ച് പ്രതിപക്ഷനേതാവ് സ്ഥാനത്തിനും അര്‍ഹരായി. നെഹ്‌റുവിന് ശേഷം മൂന്ന് തവണ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്ന വ്യക്തിയാണ് നരേന്ദ്രമോദി.

CONTENT HIGHLIGHTS: A strong opposition will strengthen democracy: Rajinikanth

We use cookies to give you the best possible experience. Learn more