| Monday, 4th February 2019, 8:27 am

മനസ്സിന്റെ വേഗം കാലിലേക്ക്, വൈശാഖ് ജീവിതം പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജീവിതത്തിലെ പോയ കാലത്തിന്റെ ഓര്‍മകള്‍?

ഞാന്‍ എട്ടാം ക്ലാസ് വരെ സാധാരണ കുട്ടികളെപ്പോലെ കളിക്കുകയും പഠിക്കുകയും ചെയ്തിരുന്നു.എന്റെ ജീവിതത്തില്‍ എട്ടാം ക്ലാസില്‍ വെച്ച് അപ്രതീക്ഷിതമായി അപകടമുണ്ടായി. അങ്ങനെയാണ് വലതുകാല്‍ മുറിച്ചുകളയുന്നത്. ബൈക്കിന്റെ ക്രാഷ് ഗാര്‍ഡില്‍ കെ.എസ്.ആര്‍.ടിസി. തട്ടുകയായിരുന്നു. ബൈക്ക് ഗട്ടറിലേക്ക് മറിഞ്ഞു. ഞാന്‍ തെറിച്ചുവീണ് ബസിന്റെ പിന്‍ചക്രം കാലില്‍ കയറി. അങ്ങനെയാണ് കാല് മുറിക്കുന്നത്.

Image may contain: 1 person, smiling, standing, ocean, beach, sky, outdoor, water and nature

മാതൃകയാക്കാവുന്ന ഒരു തിരിച്ചുവരവ്. ആ വരവിന്റെ ആദ്യഘട്ടങ്ങള്‍?

ഒരു മിലിറ്ററിക്കാരന്‍, അല്ലെങ്കില്‍ ഫുട്‌ബോള്‍ കളിക്കാരന്‍. രണ്ടിലൊന്ന് എന്റെ സ്വപ്‌നമായിരുന്നു. പക്ഷെ കാല് മുറിച്ചപ്പോ നല്ല വിഷമമായി. വീട്ടിലെത്തിയപ്പോളും എന്നെ സങ്കടത്തിലാക്കിയത് ആളുകളുടെ സഹതാപത്തിലൂടെയുള്ള നോട്ടമാണ്. അതിനോട് എനിക്ക് വെറുപ്പായിരുന്നു. പക്ഷെ എന്റെ സുഹൃത്തുക്കളാണ് ധൈര്യം തന്നത്. അവരെന്റെ അടുത്ത് വന്നിരുന്ന് ചെസ്സും ക്യാരംബോര്‍ഡും കളിക്കും. വീല്‍ചെയറില്‍ ഇരിക്കാനായപ്പോള്‍ അവരെന്നെ നാട്ടിലുള്ള പലസ്ഥലങ്ങളിലേക്കും കൊണ്ടുപോയി. എന്റെ ജീവിതത്തില്‍ കൂടുതല്‍ മോട്ടിവേഷന്‍ നല്‍കിയത് സുഹൃത്തുക്കളും വീട്ടുകാരുമാണ്.

വീണ്ടും എപ്പോഴാണ് ഫുട്‌ബോളിനെ സ്വപ്‌നം കണ്ടുതുടങ്ങിയത്?

ആര്‍ട്ടിഫിഷ്യല്‍ ലിമ്പ് വെച്ചപ്പോ മുതല്‍ ക്രിക്കറ്റും വോളിബോളും കളിച്ചിരുന്നു. പക്ഷെ എനിക്കപ്പോഴും ഫുട്‌ബോള്‍ കളിക്കുമ്പോള്‍ കിട്ടുന്ന സംതൃപ്തി കിട്ടിയിരുന്നില്ല. പക്ഷെ കാലില്ലാതെ എങ്ങനെ കളിക്കുമെന്നത് എന്നെ സംബന്ധിച്ച് പ്രതിസന്ധിയായിരുന്നു.ഒരിടക്ക് കളിക്കളത്തില്‍ ഒന്നിറങ്ങിയാല്‍ മതിയെന്ന ആഗ്രഹവും ഉണ്ടായിരുന്നു.

Image may contain: 2 people, people standing, child, outdoor and nature

മൈതാനത്തിലേക്കുള്ള തിരിച്ചുവരവ്?

ക്രച്ചസ് സ്റ്റിക്കില്‍ നടക്കാന്‍ തുടങ്ങിയപ്പോള്‍ വീട്ടിലും പരിസരത്തും പന്ത് തട്ടി തുടങ്ങി. കുറച്ചൂകൂടി ആയപ്പോള്‍ ഞാന്‍ ഇവിടെ വന്ന് കളിക്കുന്നുണ്ട്.

കളിക്കുമ്പോള്‍ എന്റെ വലിയ സന്തോഷം ഫൗള്‍ ചെയ്യപ്പെടുമ്പോഴാണ്. അവര് എന്നെ സാധാരണ ആളുകളെപ്പോലെ കാണുന്നുണ്ടല്ലോ..അതോണ്ടാണല്ലോ എന്നെ ഫൗള്‍ ചെയ്തത്. ഫൗള്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. ഫാല്‍ക്കണ്‍ ക്ലബാണ് എന്നെ കളിപ്പിക്കാന്‍ തുടങ്ങിയത്. ഞാനൊക്കെ നാട്ടില് കളി പഠിച്ച ക്ലബാണത്. ടൂര്‍ണമെന്റില്‍ ആദ്യമായി ഇറക്കിയതും അവരാണ്. ബഹ്‌റൈനില്‍ യുവകേരള ക്ലബിന് വേണ്ടി കളിച്ചു. സാധാരണക്കാരുടെ ഒപ്പം കളിക്കാനാകുന്നത് വലിയ നേട്ടമായാണ് ഞാന്‍ കാണുന്നത്. ജീവിതത്തിലെ വലിയൊരു നേട്ടം അര്‍ജന്റീന അണ്ടര്‍ 23 കോഴിക്കോട് വന്നപ്പോള്‍ എന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ വന്നതാണ്.അന്ന് അവര്‍ക്കൊപ്പം പന്തുതട്ടി. അവരുടെ കോച്ച് ജൂലിയോ ലാത്തിക്കോഷ് അദ്ദേഹത്തിന്റെ തൊപ്പി ഊരി എനിക്ക് തന്നു.

ഇപ്പൊ കളിക്കുമ്പോള്‍ എന്ത് തോന്നുന്നു?

കാലുള്ളപ്പോള്‍ കളിക്കുന്നതിനേക്കാള്‍ സന്തോഷമുണ്ട് കാലില്ലാതായപ്പോള്‍ കളിക്കുമ്പോള്‍. അതിന് പ്രധാനകാരണം ഞാന്‍ കളിക്കണത് കണ്ട് പലരും ജീവിതത്തിലേക്ക് തിരിച്ചുവന്നു എന്ന് പലരും പറഞ്ഞ് അറിഞ്ഞപ്പോഴാണ്.

Image may contain: one or more people, child, outdoor and nature

ജഴ്‌സി നമ്പര്‍ 2ന് പിന്നിലെ കഥ?

എനിക്ക് ഇഷ്ടപ്പെട്ട ജഴ്‌സി നമ്പര്‍ രണ്ടാണ്. ജഴ്‌സി നമ്പര്‍ സെലക്ട് ചെയ്യാനുള്ള അവസരം കിട്ടുമ്പോളൊക്കെ രണ്ടാണ് തെരഞ്ഞെടുക്കുക.അതുപൊലെ സെപ്റ്റംബര്‍ 2 ഞാന്‍ ഒരുപാട് ആഘോഷിക്കും. യാത്രകള്‍ പോകാന്‍ ഇഷ്ടമുള്ള ആളാണ് ഞാന്‍. അന്ന് യാത്ര പോകും. സെപ്റ്റംബര്‍ 2 ഇത്ര ഇഷ്ടപ്പെടാന്‍ ഒരു കാരണമുണ്ട്. അന്നാണ് അപകടം ഉണ്ടായത്. അതുകൊണ്ട് ആ ദിവസം ആഘോഷിക്കാനാണ് എനിക്കിഷ്ടം.

നോര്‍ത്ത് ഈസ്റ്റിലേക്കുള്ള യാത്ര?

നോര്‍ത്ത് ഈസ്റ്റിലേക്ക് ക്ഷണം ലഭിക്കുന്നത് കല്ലാനോട് ഫാദര്‍ വട്ടുകുളം എന്ന ടൂര്‍ണമെന്റില്‍ കളിച്ചപ്പോ എടുത്ത വീഡിയോ വൈറലായിട്ടാണ്. വീഡിയോ കണ്ട കോച്ച് എന്നെ കാണമെന്ന് ട്വീറ്റ് ചെയ്തു. അന്ന് മലബാര്‍ യുണൈറ്റഡെന്ന ക്ലബിന് വേണ്ടിയാണ് ഞാന്‍ കളിച്ചത്. നോര്‍ത്ത് ഈസ്റ്റില്‍ വെച്ച് ഒരുപാട് ടാലന്റഡായിട്ടുള്ള കളിക്കാര്‍ക്കൊപ്പം പരിശീലനം നടത്താന്‍ കഴിഞ്ഞു. ഐ.എസ്.എല്ലിന്റെ വേദിയില്‍ വെച്ച് ഒപ്പിട്ട ബോള്‍ എനിക്ക് തന്നു.ഇതെല്ലാം സന്തോഷം തരുന്ന കാര്യങ്ങളാണ്.

Image may contain: 1 person

സ്വപ്‌നങ്ങള്‍?

ഫുട്‌ബോളാണ് എന്റെ ജീവിതം. ഫുട്‌ബോളില്ലാത്തൊരു ജീവിതത്തെ കുറിച്ച് ചിന്തിക്കാനാകില്ല. ഫുട്‌ബോളില്‍ എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഇപ്പോഴത്തെ എന്റെ സ്വപ്‌നം ഞങ്ങള്‍ കളിക്കുന്ന ഗ്രൗണ്ട് സ്വന്തമാക്കുകയെന്നതാണ്. ആ ഗ്രൗണ്ട് നഷ്ടപ്പെടുമെന്ന അവസ്ഥയിലാണിപ്പോ. ഒരോ നാട്ടിലും ഗ്രൗണ്ടുകളാണ് നല്ല കളിക്കാരെ ഉണ്ടാക്കുന്നത്. ആ ഗ്രൗണ്ട് സ്വന്തമായി വാങ്ങാനുള്ള നീക്കം ക്ലബ് ആരംഭിച്ച് കഴിഞ്ഞു. ഇപ്പോഴത്തെ എന്റെ വലിയൊരു സ്വപ്‌നം അതാണ്.

വൈശാഖിന്റെ ജീവിതവും തിരിച്ചുവരവും ബ്ലേഡ് റണ്ണര്‍ എന്ന പേരില്‍ പൊതുജനമധ്യത്തില്‍ ആദ്യമെത്തിക്കുന്നത് ഡൂള്‍ ന്യൂസാണ്‌.

ഡൂള്‍ന്യൂസ് ഡെസ്‌ക്