| Thursday, 24th October 2024, 9:36 am

ഒരു വടിയും ഖുക്രിയും കുറഞ്ഞ വേതനവും; കടുവ സംരക്ഷണ കേന്ദ്രങ്ങളിൽ പട്രോളിങ് നടത്തുന്ന ഹോം ഗാർഡുകൾക്ക് നൽകുന്നത് ഇതാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദിസ്പൂർ: അസമിലെ ഒറാങ് കടുവ സങ്കേതത്തിലെ പട്രോളിങ് നടത്തുന്ന ഹോം ഗാർഡുകൾക്ക് സ്വയരക്ഷക്ക് വേണ്ട ആയുധങ്ങളോ മികച്ച വേതനമോ നൽകുന്നില്ലെന്ന് റിപ്പോർട്ട്. വിവിധ കടുവാ സങ്കേതങ്ങളിലെ മുൻനിര ജീവനക്കാരായി ജോലി ചെയ്യുന്ന ഹോം ഗാർഡുകളും കാഷ്വൽ തൊഴിലാളികൾക്കും പ്രതിമാസം 6,000 മുതൽ 9,000 രൂപ വരെ മാത്രമാണ് ശമ്പളം നൽകി വരുന്നത്.

കാസിരംഗ, നമേരി, മനസ്, ഒറാങ് തുടങ്ങിയ ആസാമിലെ നാല് ദേശീയോദ്യാനങ്ങൾ രാജ്യത്തെ കടുവകളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ഇന്ത്യൻ സർക്കാരിന്റെ പ്രധാന പദ്ധതിയായ പ്രോജെക്ട് ടൈഗറിന് കീഴിൽ ഉള്ള ടൈഗർ റിസർവുകളാണ്. 1973ൽ ആരംഭിച്ചതും നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ മേൽനോട്ടത്തിൽ ആരംഭിച്ചതുമായ ഈ നാല് സംരക്ഷിത പ്രദേശങ്ങളും രാജ്യത്തെ 55 കടുവ സംരക്ഷണ കേന്ദ്രങ്ങളിൽ ഉൾപ്പെടുന്നു.

2023 ജൂലൈയിൽ, ക്യാമറയിൽ കുടുങ്ങിയതും അല്ലാത്തതുമായ കണക്കുകൾ ഉപയോഗിച്ചുള്ള ഒരു സെൻസസിൽ മൊത്തം കടുവകളുടെ എണ്ണം 3,925 ആയിരുന്നു. രാജ്യത്തെ കടുവകളുടെ എണ്ണം വർധിപ്പിക്കുന്നതിൽ പ്രോജെക്ട് ടൈഗർ വിജയിച്ചിട്ടുണ്ടെങ്കിലും, 2023ലും 2024ലും നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ മാനേജ്‌മെൻ്റ് ഫലപ്രാപ്തി വിലയിരുത്തൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, പല കടുവ സങ്കേതങ്ങളും പരിശീലനം ലഭിക്കാത്ത ഹോം ഗാർഡുകളെയാണ് ആശ്രയിക്കുന്നത്.

കടുവാ സങ്കേതങ്ങൾ വികസിക്കുന്നത് തുടരുന്നതിനാൽ, വന്യജീവി പരിപാലനത്തിൽ മതിയായ പരിശീലനമില്ലാത്ത ആളുകളെയാണ് പല കേന്ദ്രങ്ങളും ജോലിക്ക് എടുത്തിരിക്കുന്നത്. ഇത് വലിയ തൊഴിൽ അപകടങ്ങൾക്ക് വിധേയരാകുന്നു. അസം പൊലീസ് വകുപ്പിന് കീഴിലുള്ള 300 ഹോം ഗാർഡുകൾ നിലവിൽ സംസ്ഥാനത്തെ കടുവാ സങ്കേതങ്ങളിൽ ഫോറസ്റ്റ് ഗാർഡുകളായി സേവനമനുഷ്ഠിക്കുന്നുണ്ടെന്ന് ഓൾ അസം ഹോം ഗാർഡ്സ് വോളൻ്റിയേഴ്‌സ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി സഹാബുദ്ദീൻ അഹമ്മദ് പറഞ്ഞു.

അസമിലെ ഒറാങ് കടുവാ സാങ്കേതത്തിലെ തൊഴിലാളിയായ ഹഖും ദേകയും തങ്ങളുടെ പഴയ ആയുധങ്ങളുമായി വനമേഖലയിലേക്ക് പ്രവേശിക്കുകയായിരുന്നു. അവിടെ വച്ച് ദേകയെ കടുവ ആക്രമിച്ചു. ‘എനിക്ക് ഒരു വടിയും ഖുക്രിയും ഉണ്ടായിരുന്നു. വർഷങ്ങളായി ഞാൻ ഉപയോഗിച്ചത് ഇത്രമാത്രം. ഞങ്ങളെപ്പോലുള്ള കാഷ്വൽ തൊഴിലാളികൾക്ക് തോക്കുകൾ നൽകി വന്നിട്ടില്ല,’ ഹഖ് പറഞ്ഞു .

‘ഏതാനും ചുവടുകൾ നടന്നപ്പോൾ ദേകയുടെ കരച്ചിൽ കേട്ടു , ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ ഒരു വലിയ കടുവ അവനെ പിടിച്ച് വലിച്ചിഴക്കുന്നത് കണ്ടു,’ ഹഖ് പറഞ്ഞു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ രാത്രി 10 മണിയോടെ പാർക്ക് ജീവനക്കാർ ദേകയുടെ വികൃതമായ മൃതദേഹം കണ്ടെത്തി.

പരിശീലനം ലഭിച്ച ഫോറസ്റ്റ് ഗാർഡുകളുടെ അഭാവത്തിൽ മരിച്ച ദേകയെപ്പോലെ ഹോം ഗാർഡുകൾ ഫോറസ്റ്റ് ഫ്രണ്ട് ലൈൻ സ്റ്റാഫിൻ്റെ വലിയൊരു ഭാഗമാണ്. ആസാമിലെ ഒറാങ് കടുവാ സങ്കേതത്തിൽ ദേകയെ കടുവ കടിച്ചുകീറി കൊന്നു.

ഫോറസ്റ്റ് ഗാർഡുകൾ, പാപ്പാൻമാർ, ബോട്ട്മാൻമാർ, ഡ്രൈവർമാർ എന്നിങ്ങനെ വിവിധ ജോലികളിൽ 80 ഓളം കാഷ്വൽ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെന്ന് ഹഖ് കൂട്ടിച്ചേർത്തു. ഏത് സമയവും ഇവർ വന്യജീവികളാൽ ആക്രമിക്കപ്പെടുകയും ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

സാധാരണ ഹോം ഗാർഡുകൾക്ക് സ്ഥിരം വനപാലകർക്ക് അനുവദിക്കുന്ന യൂണിഫോമുകൾക്കും റേഷൻ അലവൻസുകൾക്കും അർഹതയില്ല. അവർക്ക് ആകെ ലഭിക്കുന്നത് പ്രോജെക്ട് ടൈഗർ നൽകുന്ന പ്രതിമാസം 2000 രൂപ, 860 രൂപ റേഷൻ അലവൻസും ഡെപ്യൂട്ടി റേഞ്ചർ റാങ്കും മാത്രമാണ്. ജീവനക്കാരുടെ ക്ഷേമ പ്രവർത്തനങ്ങളുടെ പരിധിയിൽ ഹോം ഗാർഡുകൾ ഉൾപ്പെടുന്നില്ല.

ഹോം ഗാർഡുകൾക്ക് കഠിനവും അപകടസാധ്യതയുള്ളതുമായ മുൻനിര ജോലികൾക്ക് ലഭിക്കുന്ന പ്രതിഫലം തുച്ഛമാണ്, അങ്ങനെയാണെങ്കിലും, അവർക്ക് കൃത്യമായി ശമ്പളവും ലഭിക്കുന്നില്ല.

Content Highlight: A stick and a khukri’: Low pay, little equipment for frontline staff patrolling tiger reserves

We use cookies to give you the best possible experience. Learn more